മികച്ച പ്രതിഫലവും പദവിയും ലഭിക്കുന്ന ജോലിയാണോ വേണ്ടത്?; 7 കാര്യങ്ങൾ ശ്രദ്ധിക്കാം
Mail This Article
മറ്റു തൊഴിലുകളിൽ നിന്നു വ്യത്യസ്തവും വെല്ലുവിളികൾ നിറഞ്ഞതുമാണെങ്കിലും മികച്ച പ്രതിഫലവും പദവിയും ലഭിക്കുന്നതാണ് സെയിൽസ് വിഭാഗത്തിലെ ജോലികൾ. എന്നാൽ ഭരണപരമായ മേഖലകളിൽ ഉൾപ്പെടെ കഴിവ് തെളിയിക്കുന്നവർക്കു മാത്രമേ ഈ രംഗത്ത് ശോഭിക്കാനാവൂ. അനുയോജ്യമായ കഴിവുകൾ വളർത്തിയെടുത്ത വ്യക്തിയാണെങ്കിൽ ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ കൂടി എടുക്കാമെങ്കിൽ തീർച്ചയായും വിജയം നേടാനാകും. സെയിൽസ് കോർഡിനേറ്റർ ജോലി മറ്റു വ്യത്യസ്ത ജോലികളുമായി താരതമ്യം ചെയ്യുമ്പോൾ മാത്രമേ ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്നും ഈ രംഗത്തു തന്നെ ജോലി വേണോ എന്നും ഉറപ്പിക്കാനാവൂ.
Read Also : വലിയ സ്ഥാപനങ്ങളിലെ ജോലിയാണോ ലക്ഷ്യം
1. സെയിൽസ് കോർഡിനേറ്റർ
സെയിൽസ് വിഭാഗത്തിലെ ജോലി ഓഫർ ചെയ്താൽ ആദ്യം ആവശ്യപ്പെടേണ്ടത് ജോലിയെക്കുറിച്ചുള്ള വിശദമായ വിവരണമാണ്. പല കമ്പനികളിലും വ്യത്യസ്ത പേരുകളിലാണ് പല പദവികളും അറിയപ്പെടുന്നതും ജോലി വിഭജിക്കുന്നതും. സെയിൽസ് കോർഡിനേറ്റർ എന്നതും സെയിൽസ് മാനേജർ എന്നതും വ്യത്യസ്തമായ ജോലികളാണ്. സെയിൽസ് കോർഡിനേറ്ററുടെ പ്രധാന ജോലി മാനേജരെ പിന്തുണയ്ക്കുക എന്നതാണ്. മാനേജർ ഡയറക്ടറെയാണ് സഹായിക്കുന്നത്. സ്ഥാപനത്തിന്റെ വലുപ്പവും ചെറുപ്പവും അനുസരിച്ച് കോർഡിനേറ്ററുടെ ജോലിയും വ്യത്യാസപ്പെട്ടിരിക്കും. പല സ്ഥാപനങ്ങളിൽ പലതരം ജോലികളായിരിക്കും ചെയ്യേണ്ടിവരിക.
വിവിധ ഉപഭോക്താക്കളുമായി ബന്ധപ്പെട്ട് കരാറുകൾ ഉറപ്പിക്കുന്നത് കോർഡിനേറ്ററാണ്. വിൽപനയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ സൂക്ഷിക്കുക, ഓർഡറുകൾ കൃത്യസമയത്ത് പൂർത്തീകരിക്കുക, വിൽപനയ്ക്കു ശേഷവും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിവൃത്തിച്ചുകൊടുത്ത് നല്ല ബന്ധം സൂക്ഷിക്കുക, വിൽപനയുമായി ബന്ധപ്പെട്ട ഫോൺകോളുകൾക്ക് കൃത്യമായ മറുപടി നൽകുക തുടങ്ങിയവയെല്ലാം കോർഡിനേറ്ററുടെ ജോലിയാണ്.
2. പ്രകടനവും പ്രതികരണവും
ജോലിയിലെ മികവ് അനുസരിച്ചു മാത്രമാണ് സെയിൽസ് വിഭാഗത്തിലെ സ്ഥാനക്കയറ്റം. നന്നായി പെർഫോം ചെയ്താൽ ഉടൻതന്നെ സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും ലഭിക്കാം. എപ്പോഴൊക്കെയാണ് സംശയങ്ങൾ ഉയരുന്നത് അപ്പോൾ തന്നെ അവ ദൂരീകരിക്കുക. സ്വയം നിഗമനങ്ങളിലെത്തി തെറ്റു വരുത്തുന്നത് ഒഴിവാക്കാൻ ഇതുമാത്രമാണ് മാർഗം. സ്വന്തം പ്രകടനത്തെക്കുറിച്ചുള്ള പ്രതികരണങ്ങൾ മനസ്സിലാക്കി ജോലിയിൽ അതനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തുക. ആദ്യത്തെ ഒരു മാസം പരീക്ഷണകാലമാണ്. ആ കാലത്തെ പ്രകടനത്തെക്കുറിച്ചാണ് കൃത്യമായ പ്രതികരണം അറിയേണ്ടത്. ഉടൻ തന്നെ മാറ്റങ്ങളും തിരുത്തലുകളും വരുത്തിയാൽ മുന്നോട്ടുള്ള യാത്ര സുഗമമാവും.
3. സഹപ്രവർത്തകരുടെ പിന്തുണ തേടുക
സെയിൽസിൽ മുന്നോട്ടുള്ള യാത്രയിൽ ഏറ്റവും വലിയ ശക്തി സഹപ്രവർത്തകർ തന്നെയാണ്. ഓരോരുത്തരുടെയും പദവികളും അവർ ചെയ്യുന്ന ജോലിയും കൃത്യമായി മനസ്സിലാക്കുക. ഓരോ ദിവസവും അവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അവ എങ്ങനെയാണ് അവർ അതിജീവിക്കുന്നതെന്നും നേരിട്ടറിയുന്നത് നല്ലതാണ്. എങ്ങനെ കച്ചവടം ചെയ്യാം, മികച്ച ഉപഭോക്താക്കളെ കണ്ടെത്തുന്നത് എങ്ങനെയാണ്, എതിർപ്പുകളെ എങ്ങനെയാണ് നേരിടേണ്ടത് തുടങ്ങിയ കാര്യങ്ങളിൽ ഒരു മടിയും വിചാരിക്കാതെ ചോദിച്ചു മനസ്സിലാക്കി അതനുസരിച്ചുള്ള മാറ്റം പ്രവൃത്തിയിൽ കൊണ്ടുവരിക. മേലുദ്യോഗസ്ഥരുടെ അനുമതിയോടെ വിൽപനയുമായി ബന്ധപ്പെട്ട കോളുകൾ അറ്റൻഡ് ചെയ്ത് പ്രശ്നങ്ങൾ പരിഹരിച്ചുതുടങ്ങുക. അവയെക്കുറിച്ചുള്ള പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ ഭാവി പ്രവർത്തനം രൂപപ്പെടുത്തുക.
4. അടിസ്ഥാന പാഠങ്ങൾ മറക്കരുത്
അടിസ്ഥാന വിവരങ്ങൾ ശേഖരിച്ച് അവയുടെ അടിസ്ഥാനത്തിൽ പ്രവർത്തനം രൂപപ്പെടുത്തുന്നതാകും എപ്പോഴും ഉയർച്ചയ്ക്ക് നല്ലത്. ഉപഭോക്താക്കളുമായി നിരന്തരം സംസാരിച്ച് അവരുടെ ആവശ്യങ്ങളും താൽപര്യങ്ങളും മനസ്സിലാക്കിവേണം പ്രവർത്തിക്കാൻ. സെയിലുമായി ബന്ധപ്പെട്ട കത്തുകൾ തയാറാക്കി അയയ്ക്കേണ്ടിവരും. ഇതിനുള്ള അടിസ്ഥാന വിവരങ്ങൾ സഹപ്രവർത്തകരിൽ നിന്നും പുതിയ പ്രവണതകൾ ലോകത്തിലെ വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനത്തനങ്ങളിൽനിന്നും മനസ്സിലാക്കുക. സെയിലുമായി ബന്ധപ്പെട്ട വിവധ രേഖകൾ, ബ്രോഷറുകൾ, മീഡിയ കിറ്റ്, കരാറുകൾ, കത്തിടപാടുകൾ എന്നിവയെല്ലാം മനസ്സിലാക്കി ഇവ തയാറാക്കാനും ഇവയുടെ അടിസ്ഥാനത്തിൽ കരാറുകൾ ഉറപ്പിക്കാനം വേഗം പഠിക്കുക.
5. സെയിൽസ് അക്കൗണ്ട് സൂക്ഷിക്കുക
അനുഭവ പരിചയമാണ് ഏതു ജോലിയുടെയും വിജയത്തിന്റെ അടിസ്ഥാനം. മറ്റുള്ളവർ ശ്രമിച്ചിട്ടും വിജയം വരിക്കാതിരുന്ന കേസുകളുണ്ടെങ്കിൽ അവ ഏറ്റെടുത്ത് വിജയം നേടാൻ ശ്രമിക്കുക. തെറ്റുകളിൽ നിന്ന് പാഠം പഠിക്കുന്നത് ഭാവിയിൽ പ്രയോജനപ്പെടും. ആദ്യ ശ്രമങ്ങളിൽത്തന്നെ വിജയം നേടിയാൽ സെയിൽസ് ആണ് സ്വന്തം മേഖല എന്നുറപ്പിക്കുക. ഇതോടെ സ്ഥാപനത്തിനും പുതുതായി ജോലിയിൽ ചേർന്ന വ്യക്തിയെ ഉചിതമായ പദവിയിൽ നിയമിച്ച് ഭാവിയിലേക്കുള്ള പ്രവർത്തനം ആസൂത്രണം ചെയ്യാൻ കഴിയും.
6. മാനേജരുടെ ജോലിയും പഠിക്കുക
കോർഡിനേറ്റർ എന്ന പദവിയിലാണ് പ്രവർത്തിക്കുന്നതെങ്കിലും മാനേജരുടെ ജോലിയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുക. എങ്ങനെയാണ് പ്രവർത്തിക്കുന്നത്, എന്തൊക്കെ ചുമതലകളാണുള്ളത്, അവ എങ്ങനെ കൈകാര്യം ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളാണ് മനസ്സിലാക്കേണ്ടത്. ഓരോരുത്തർക്കും ഏതൊക്കെ മേഖലകളാണ് തരംതിരിച്ചു നൽകുന്നത്, ടാർജറ്റ് എങ്ങനെയാണ് നിശ്ചയിക്കുന്നത്, മാർക്കറ്റിന്റെ അവസ്ഥ, പരിശീലന ക്ലാസ്സുകളുടെ മേൽനോട്ടം എന്നിങ്ങനെ വൈവിധ്യപൂർണവും വെല്ലുവിളികൾ നിറഞ്ഞതുമായ ജോലി മാനേജർ ചെയ്യുന്നതെങ്ങനെയെന്ന് മനസ്സിലാക്കിയാൽ സ്വന്തം ജോലി വിജയകരമായി പൂർത്തീകരിക്കാനാവും.
7. സെയിൽസ് റെസ്യൂമെ
ഓരോ പുതിയ ജോലിയും പഠിക്കുമ്പോൾ അതനുസരിച്ചു നേടുന്ന കഴിവുകളെക്കുറിച്ചുള്ള വിവരങ്ങൾ റെസ്യൂമെയിൽ കൂട്ടിച്ചേർക്കാൻ മറക്കരുത്. ഉപഭോക്താക്കളുമായി ബന്ധപ്പെട്ടും മാനേജർ ലെവലിലുള്ളവരുമായി ബന്ധപ്പെട്ടും ആർജിക്കുന്ന പുതിയ കഴിവുകളുടെ വിവരങ്ങളും രേഖപ്പെടുത്തണം. സ്ഥാപനത്തിനകത്തുതന്നെയുള്ള ആവശ്യങ്ങളും അവയോട് എങ്ങനെ പ്രതികരിച്ചു എന്ന വിവരവും ഉപഭോക്താക്കളുടെ ആവശ്യങ്ങളോട് പ്രതികരിച്ച രീതിയും ഉൾപ്പെടെ കോർഡിനേറ്റർ എന്ന നിലയിൽ കുറ്റങ്ങളും കുറവുകളും ഒപ്പം അഭിനന്ദനങ്ങളും രേഖപ്പെടുത്തി റെസ്യൂമെ എന്നും പുതുതായി സൂക്ഷിക്കുക. പുതിയ ജോലി തേടുമ്പോഴും സ്ഥാനക്കയറ്റത്തിനും സ്ഥാപനത്തിലെ മേലുദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നതിനും ഇത് പ്രയോജനകരമാണ്.
Content Summary : What are the top 7 skills for sales coordinator?