ഐഐടി മദ്രാസിന്റെ പിഎച്ച്‌ഡി, എംഎസ് (ബൈ റിസർച്) പ്രോഗ്രാമുകളിലേക്ക് 31നു വൈകിട്ട് 5 വരെ അപേക്ഷ സമർപ്പിക്കാം. https://research.iitm.ac.in. എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും തീയതികൾ പിന്നീട് അറിയിക്കും. റഗുലർ, പാർട്–ടൈം, എക്സ്റ്റേണൽ വിഭാഗങ്ങളിൽ പ്രവേശനമുണ്ട്, ഇവയോരോന്നിലെയും ഉപവിഭാഗങ്ങളെപ്പറ്റി വെബ്സൈറ്റിൽനിന്നറിയാം.
Read Also : കേരള എൻട്രൻസ് പരീക്ഷ, സംശയങ്ങൾക്കു മറുപടി
പഠനശാഖകൾ: എയ്റോസ്‌പേസ്, അപ്ലൈഡ് മെക്കാനിക്‌സ്, ബയോടെക്നോളജി, കെമിക്കൽ, കെമിസ്‌ട്രി, സിവിൽ, കംപ്യൂട്ടർ സയൻസ് & എൻജി, ഇലക്‌ട്രിക്കൽ, എൻജിനീയറിങ് ഡിസൈൻ, ഹ്യുമാനിറ്റീസ് & സോഷ്യൽ സയൻസസ്, മാനേജ്‌മെന്റ് സ്‌റ്റഡീസ്, മാത്തമാറ്റിക്‌സ്, മെക്കാനിക്കൽ / മെറ്റലർജിക്കൽ & മെറ്റീരിയൽസ് / ഓഷൻ എൻജി, ഫിസിക്‌സ്. ഇവയ്‌ക്കു പുറമേ നാനോസയൻസ്, ക്ലൈമറ്റ് ചേഞ്ച്, ബയോ എൻജിനീയറിങ്, മെഡിസിൻ & ഹെൽത്ത് കെയർ, സെക്യൂരിറ്റി & ഡിഫൻസ് എന്നിങ്ങനെ ബഹുവിഷയ ഗവേഷണവുമുണ്ട് (ഇന്റർ ഡിസിപ്ലിനറി റിസർച്).
സാധാരണഗതിയിൽ പിഎച്ച്ഡി പ്രവേശനത്തിനു മാസ്റ്റർ ബിരുദം വേണമെങ്കിലും, സമർഥരായ 4–വർഷ ബാച്‌ലർ ബിരുദധാരികൾക്കു നേരിട്ടു പിഎച്ച്ഡി പ്രവേശനം നൽകുന്ന രീതിയുമുണ്ട്. പ്രവേശനയോഗ്യതകളുടെ വിശദാംശങ്ങൾ സൈറ്റിലെ അഡ്മിഷൻ ബ്രോഷറിൽ.
സാമ്പത്തികസഹായം: പിഎച്ച്ഡിക്കു 2 വർഷത്തേക്ക് പ്രതിമാസം 31,000 രൂപ. അടുത്ത 3 വർഷത്തേക്കു പ്രതിമാസം 35,000 രൂപ. വീട്ടുവാടക അലവൻസും ലഭിക്കും. എംഎസിനു രണ്ടര വർഷത്തേക്ക് പ്രതിമാസം 12,400 രൂപ. സഹായധനമില്ലാതെ പാർട്–ടൈം, എക്സ്റ്റേണൽ, ക്യുഐപി രീതിയിലും പ്രവേശനമുണ്ട്. അപേക്ഷാഫീ 100 രൂപ; പെൺകുട്ടികൾക്കും പട്ടിക, ഭിന്നശേഷിവിഭാഗക്കാർക്കും 50 രൂപ. ഒന്നിലേറെ വകുപ്പുകളിലേക്കു ശ്രമിക്കുന്നവർ വെവ്വേറെ അപേക്ഷിക്കണം.
Content Summary : IIT Madras PhD/MS Admission 2023