മധ്യവയസ്സിൽ കരിയർ മാറ്റം, ഈ 7 കാര്യങ്ങളിൽ വേണം അതീവ ജാഗ്രത
Mail This Article
വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കി ജോലി ലഭിക്കുന്നതോടെ അവസാനിക്കുന്നതല്ല കരിയർ സ്വപ്നങ്ങൾ. അനുഭവം ആർജിക്കുന്നതനുസരിച്ചും തൊഴിൽ പരിചയം സ്വായത്തമാക്കുന്നതനുസരിച്ചും കാഴ്ചപ്പാടുകളിൽ മാറ്റമുണ്ടാകും. അതനുസരിച്ച് കരിയറിനെക്കുറിച്ചുള്ള ആഗ്രഹങ്ങളിലും സ്വാഭാവിക മാറ്റങ്ങളുണ്ടാകും. മധ്യവയസ്സിൽ കരിയർ തന്നെ മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന ഒട്ടേറെപ്പേരുണ്ട്. ഒരേ മേഖലയിലുള്ള ഒരു സ്ഥാപനത്തിൽ നിന്നു മാറി മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യാനായിരിക്കും ചിലർക്കു താൽപര്യം. അതുവരെ ചെയ്തതിൽ നിന്നു വ്യത്യസ്തമായി മറ്റൊരു തൊഴിൽ മേഖലയിലേക്കു പോകുന്നവരുമുണ്ട്. ചിലർക്കാകട്ടെ സ്വന്തം സ്ഥാപനത്തിലെ ഉയർന്ന ഗ്രേഡുകളിലേക്കു പ്രമോഷൻ ലഭിക്കുകയും അതനുസരിച്ച് ജോലിയുടെ സ്വഭാവത്തിൽ മാറ്റം വരികയും ചെയ്യാം. ആദ്യ ജോലിക്കു കയറി ഏതാനും വർഷങ്ങൾക്കു ശേഷമോ മധ്യവയസ്സിലോ ജോലിയോ കരിയറോ മാറി പുതിയ ലക്ഷ്യങ്ങൾക്കുവേണ്ടി പരിശ്രമിക്കാൻ ആഗ്രഹിക്കുന്നത് തെറ്റല്ല. അതിനുവേണ്ടി ഇഛാശക്തിയോടെ പരിശ്രമിക്കണമെന്നുമാത്രം. മാറ്റം വ്യക്തിജീവിതത്തെ എങ്ങനെ ബാധിക്കുമെന്നും കുടുംബം തീരുമാനങ്ങളെ എങ്ങനെ സ്വാഗതം ചെയ്യുമെന്നും കൂടി ചിന്തിച്ചിട്ടുവേണം മാറാൻ എന്നുമാത്രം.
Read Also : ജോലി റെഡി, പഠിക്കാൻ ആളെ വേണം
മാറ്റം എങ്ങനെ ?
പുതിയൊരു ജോലിയാണ് ആഗ്രഹിക്കുന്നതെങ്കിൽ, നിലവിൽ ചെയ്യുന്ന കാര്യങ്ങൾ തന്നെ തുടരണോ അതോ വ്യത്യസ്തമായ ജോലി പഠിക്കണോ എന്ന കാര്യത്തിൽ ആദ്യംതന്നെ തീരുമാനമെടുക്കണം. സമാന്തരമായി നീങ്ങാനാണ് ആഗ്രഹിക്കുന്നതെങ്കിൽ മറ്റൊരു സ്ഥാപനത്തിൽ നിലവിൽ ചെയ്യുന്ന ജോലി തന്നെ കുറച്ചുകൂടി ആകർഷകമായ വ്യവസ്ഥകളിൽ തുടരാവുന്നതാണ്. എന്നാൽ തികച്ചും വ്യത്യസ്തമായ ജോലിയാണെങ്കിൽ റിസ്ക് കൂടുമെങ്കിലും സംതൃപ്തിയും പുതിയ തൊഴിലിൽ നിന്നു ലഭിക്കുന്ന വേതനം ഉൾപ്പെടെയുള്ള കാര്യങ്ങളും കുറച്ചുകൂടി ആകർഷകമായേക്കാം. എന്നാൽ ആദ്യം തന്നെ ഉയരങ്ങളിലേക്കു കുതിക്കണമെന്നില്ല. പുതിയൊരു ജോലി പഠിച്ചും ആ സ്ഥാപനത്തിലെ രീതികളും വ്യവസ്ഥകളും പരിചയിച്ചതിനും ശേഷമായിരിക്കും ഉയർച്ച ഉണ്ടാകുന്നത്. സാമ്പത്തിക പരിഗണനകളുടെ അടിസ്ഥാനത്തിലാണു മാറുന്നതെങ്കിൽ ചെയ്യുന്ന അതേ ജോലി മറ്റൊരു സ്ഥാപനത്തിൽ തുടരുന്നതാകും അഭികാമ്യം. വ്യക്തിപരമായ സംതൃപ്തിയാണ് ആഗ്രഹിക്കുന്നതെങ്കിൽ വ്യത്യസ്തമായ തൊഴിൽ സാഹചര്യമായിരിക്കും ഇണങ്ങുക.
തൊഴിലാളിയോ സംരംഭകനോ ?
മധ്യവയസ്സിൽ പലരെയും അലട്ടുന്ന ഒരു ചോദ്യമുണ്ട്. തൊഴിലാളിയായി തുടരണോ അതോ സംരംഭകനായി മാറണോ എന്നത്. ഒരു ബോസിന്റെ കീഴിൽ ജോലി ചെയ്യുന്നത് മടുത്ത വ്യക്തിയാണെങ്കിൽ സ്വന്തമായി സ്ഥാപനം എന്നതായിരിക്കും മികച്ച ഓപ്ഷൻ. പെട്ടെന്നുള്ള തീരുമാനമായിരിക്കില്ല നല്ലത്. മാസങ്ങളോ ചിലപ്പോൾ ഒരു വർഷം തന്നെയോ എല്ലാ സാധ്യതകളും പരിഗണിച്ചശേഷമായിരിക്കണം മാറ്റത്തെക്കുറിച്ചു ചിന്തിക്കുന്നത്. നഷ്ടസാധ്യതകൾ കുറയ്ക്കാനും പെട്ടെന്നുള്ള ആഘാതം ഒഴിവാക്കാനും ആലോചിച്ചുള്ള തീരുമാനം തന്നെയായിരിക്കും നല്ലത്.
ബ്രാൻഡ് മൂല്യം വർധിപ്പിക്കുക
എക്സിക്യുട്ടീവ് മാനേജ്മെന്റ് ലെവലിലേക്ക് മാറ്റം ആഗ്രഹിക്കുകയാണെങ്കിൽ സ്വന്തം കഴിവുകൾ മെച്ചപ്പെടുത്താൻ ശ്രമിക്കണം. സ്ഥാപനത്തിലെ ഇമേജിൽ ഗുണപരമായ മാറ്റം വരുത്താനും ശ്രമിക്കണം. ബോർഡ് മീറ്റിങ്ങുകളിലും മറ്റും ആധികാരികമായി സംസാരിക്കാനും പൊതുയോഗങ്ങളിൽ പ്രസംഗിക്കാനും മറ്റുമുള്ള കഴിവും ആർജിക്കണം.
ചിന്തിക്കണം വിരമിക്കലിനെക്കുറിച്ചും
വിരമിക്കൽ കാലത്തെക്കുറിച്ച് ജോലി ചെയ്യുന്ന സമയത്ത് പലരും ചിന്തിക്കണമെന്നില്ല. എന്നാൽ ആ നിർണായക കാലമാകുമ്പോഴേക്കും എത്രമാത്രം പണം കയ്യിലുണ്ടായിരിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ വേണം. വിരമിക്കൽ കാലത്ത് ഏത് പദവിയിൽ എത്തിച്ചേരണം എന്ന കാര്യത്തിലും തീരുമാനം വേണം. പുതിയൊരു പാർട് ടൈം ജോലി തുടങ്ങാൻ ഈ കാലം നല്ലതാണ്; ആവശ്യത്തിനു പണവും സമയവും മാറ്റിവയ്ക്കാനുണ്ടെങ്കിൽ. വിജയകരമാണെങ്കിൽ പാർട് ടൈം ജോലി മുഴുവൻ ആക്കി മാറ്റുകയും ചെയ്യാം.
സാങ്കേതിക കഴിവുകൾ മെച്ചപ്പെടുത്തുക
പുതിയൊരു ബിരുദം എന്നത് മോശം ആശയമല്ല. പകൽ ജോലിക്കു ശേഷം രാത്രി കുറച്ചു സമയം ക്ലാസ്സ് എടുക്കുന്നതും മറ്റും ആലോചിക്കാവുന്നതാണ്. യോഗ്യതകൾ ഉണ്ടെങ്കിലും അതനുസരിച്ചുള്ള ജോലിയല്ല ലഭിച്ചതെങ്കിൽ യോഗ്യതയക്കനുസരിച്ചുള്ള ജോലിയിലേക്കു മാറാവുന്നതാണ്. സ്വന്തം കഴിവുകളെക്കുറിച്ചും ഇതുവരെ നടത്തിയ യാത്രയെക്കുറിച്ചും വ്യക്തമായി വിലയിരുത്തി പുതിയൊരു കുതിച്ചുചാട്ടത്തിനു തയാറാകുക.
ജോലി ചെയ്യുന്ന സ്ഥാപനത്തിൽതന്നെ മാനേജർ ലെവലിലേക്കാണു മാറ്റം ലക്ഷ്യമാക്കുന്നതെങ്കിൽ അതിനുവേണ്ടി കഴിവുകൾ ആർജിക്കുക. നിരന്തരമായി പരിശീലിച്ചും കഠിനാധ്വാനം ചെയ്തും പുതിയൊരു പദവിക്കുവേണ്ട എല്ലാ യോഗ്യതകളും ഉണ്ടെന്നു സ്വയം തെളിയിക്കുക. സ്വന്തം സ്ഥാപനത്തിലും സമാന മേഖലയിൽ പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങളിലെയും ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുമായി ബന്ധം സ്ഥാപിക്കുക. അവരുടെ ജോലിയെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചും വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. പുതിയ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കാനും ഇത് സഹായിക്കും.
കരിയർ കോച്ചിന്റെ സഹായവും തേടാം
മധ്യവയസ്സിൽ ജോലി മാറുമ്പോൾ മറ്റാരുടെയും സഹായം ആവശ്യമില്ലെന്നത് തെറ്റായ ധാരണയാണ്. ആവശ്യമെങ്കിൽ കരിയർ കോച്ചിന്റെ സഹായം തേടാവുന്നതാണ്. പഴ്സനാലിറ്റി ടെസ്റ്റ് ഉൾപ്പെടെയുള്ള പരീക്ഷണങ്ങളിലൂടെ സ്വന്തം സാധ്യതകളെക്കുറിച്ചും ലഭ്യമായ അവസരങ്ങളെക്കുറിച്ചും അതോടെ വ്യക്തമായി മനസ്സിലാക്കാനാവും.
മാറ്റം മനസ്സിനും
നിലവിലെ ജോലിയിലെ മാനസിക സമ്മർദം അലട്ടുന്നുണ്ടെങ്കിൽ തീർച്ചയായും പുതിയൊരു ജോലി എന്ന സാധ്യത നല്ലതാണ്. അത് കുടുംബജീവിതത്തെയും ബന്ധങ്ങളെയും ഗുണപരമായി സ്വാധീനിക്കുകയും ചെയ്യും. ഒരുപക്ഷേ ശമ്പളം കുറവാണെങ്കിൽപ്പോലും മാനസിക ആരോഗ്യം മെച്ചപ്പെടുമെങ്കിൽ തീർച്ചയായും പുതിയ അവസരം ഉപയോഗപ്പെടുത്തണം. ആരോഗ്യം, ഭക്ഷണരീതി, ഉറക്കം, ശാരീരികമായ അവസ്ഥ എന്നിവയും പരിഗണിക്കണം. സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരുമായി നല്ല ബന്ധം നിലനിർത്തി ആരോഗ്യകരമായ കുടുംബജീവിതവും ഉറപ്പുവരുത്തുക.
Content Summary : Midlife Career Change: How to Make a Smooth Transition