ADVERTISEMENT

ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, മരുന്നുകൾ എന്നീ മേഖലകളിൽ എത്‌നോബോട്ടണിയുടെ പ്രാധാന്യം വർധിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യരും ചെടികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയാണിത്. ഒപ്പം ചെടികളുടെ പുതിയ ഉപയോഗങ്ങൾ കണ്ടെത്തുന്നുമുണ്ട്. എത്‌നോബോട്ടണിയിൽ ബിരുദമുണ്ടെങ്കിൽ ഒരു പ്രത്യേക സ്ഥലത്തു മാത്രമായി ഒതങ്ങിക്കൂടേണ്ടതില്ല. ലോകം മുഴുവൻ സഞ്ചരിക്കാനുള്ള അവസരമാണു ലഭിക്കുന്നത്. പല സ്ഥലങ്ങളിലെ ജനങ്ങളുടെ തനതു സംസ്കാരവുമായും ആചാര വിശ്വാസങ്ങളുമായും പരിചയപ്പെടാനുള്ള അവസരവും ലഭിക്കും. നിരന്തര ഗവേഷണമാണ് ഈ ശാസ്ത്രശാഖയെ ശ്രദ്ധേയമാക്കുന്നത്. മരുന്നുനിർമാണ കമ്പനികൾ പുതിയ തരം മരുന്നുകൾ നിർമിക്കുന്നത് ചെടികളുടെയും മറ്റും പുതിയ ഉപയോഗവും പ്രാധാന്യവും കണ്ടെത്തുമ്പോഴാണ്. എത്‌നോബോട്ടണിസ്റ്റിന് മരുന്നുനിർമാണ കമ്പനികളിൽ ഗവേഷകരായി ജോലി ലഭിക്കാം. സർവകലാശാലകളിൽ പഠിപ്പിക്കാനുള്ള അവസരമാണ് മറ്റൊന്ന്. 

Read Also : ദേശീയ ശരാശരിയേക്കാൾ ഇരട്ടി ശമ്പളം, ലോകത്തെവിടെയും ജോലി

 

എത്‌നോബോട്ടണിയുടെ പ്രസക്തി 

 

മനുഷ്യവർഗ്ഗത്തിന്റെ തുടക്കം മുതലേ ചെടികൾ ആഹാരത്തിനും മരുന്നുകൾക്കുമായി ഉപയോഗിക്കുന്നുണ്ട്. ചില ചെടികൾക്ക് സാംസ്കാരിക പ്രാധാന്യത്തിനൊപ്പം മതവുമായും ആചാര വിശ്വാസങ്ങളുമായും ബന്ധമുണ്ട്. രോഗങ്ങൾ വരുന്നതു തടയാനും രോഗത്തിന്റെ തീക്ഷണത കുറയ്ക്കാനും കഴിയുന്ന ചെടികളുണ്ട്. വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നവയുമുണ്ട്. വിവിധയിനം സോപ്പുകൾ, സൗന്ദര്യ വർധക വസ്തുക്കൾ എന്നിവയും ചെടികളിൽ നിന്നു നിർമിക്കാറുണ്ട്. 

 

എത്‌നോബോട്ടാണിസ്റ്റ് ഓരോ ചെടിയുടെയും ആവശ്യവും ഉപയോഗവും പഠിക്കുന്നു. കാലാവസ്ഥാ മാറ്റം ചെടികളെ എങ്ങനെ ബാധിക്കുന്നു, ഓരോ സീസണിലുമുള്ള ഉപയോഗം, പ്രാധാന്യമുള്ള പുതിയ ചെടികളുടെ കണ്ടുപിടിത്തം എന്നിങ്ങനെ ആവശകരമായ ദൗത്യമാണ് ഏറ്റെടുക്കാം. മനുഷ്യരെയും ചെടികളെയുംകുറിച്ച് കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ശാസ്ത്രശാഖ വളരെ നല്ല അവസരമാണ്. ഓഫിസ് മുറിയിലെ ജോലിക്കുപകരം പ്രകൃതിയിൽ നേരിട്ടിറങ്ങി പഠനം നടത്താനുള്ള അവസരം ലഭിക്കുന്നു എന്നതും ഇതിനെ ആകർഷകമാക്കുന്നു. ലാബുകളിലെ ഗവേഷണം, അധ്യാപനം എന്നിങ്ങനെയുള്ള ജോലികളുമുണ്ട്. മരുന്നുനിർമാണ കമ്പനികളുടെ കൺസൽട്ടന്റ് എന്ന പദവിയിലേക്കും എത്‌നോബോട്ടണിസ്റ്റുകളെ പരിഗണിക്കാറുണ്ട്. ഉയർന്ന ശമ്പളമാണ് ഈ ശാസ്ത്രശാഖയുടെ മറ്റൊരു പ്രത്യേകത. ലോകത്തിന്റെ ഏതു ഭാഗത്തായാലും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ എണ്ണം കുറവായതിനാൽത്തന്നെ മികച്ച ശമ്പളം ഉറപ്പാണ്. 

 

തൊഴിലവസരങ്ങൾ 

 

എത്‌നോബോട്ടണിയിലെ ബിരുദം വൈവിധ്യപൂർണമായ അവസരങ്ങളുടെ ലോകത്തേക്ക് വാതിൽ തുറക്കുന്നു. ബോട്ടണിയോ ബയോളജിയോ പഠിക്കുന്നവരായിരിക്കും പൊതുവെ എത്‌നോബോട്ടണി പഠിക്കാൻ തിരഞ്ഞെടുക്കുന്നത്. എന്നാൽ, ചരിത്രം, ഭാഷാ ശാസ്ത്രം എന്നിവ പഠിച്ചതിനുശേഷവും ഉന്നത പഠനത്തിന് വ്യത്യസ്തമായ പഠനം തിരഞ്ഞെടുക്കുവുന്നതാണ്. 

 

എല്ലാ സർവകലാശാലകളിലും ഈ വിഷയം പഠിപ്പിക്കുന്നില്ല എന്നൊരു പോരായ്മയുണ്ട്.  എന്നാൽ ലോകത്തെ മികച്ച സർവകലാശാലകളിൽ അടുത്ത കാലത്തായി കൂടുതൽ കോഴ്സുകൾ അവതരിപ്പിക്കുന്നുണ്ട്. ബോട്ടണിയിലോ ബയോളജിയിലോ ബിരുദമുണ്ടെങ്കിലും ഗവേഷണത്തിനായി എത്‌നോബോട്ടണി പഠിക്കാവുന്നതാണ്. മെഡിക്കൽ എത്‌നോബോട്ടണി, അഡ്‌വാൻസ്ഡ് എത്‌നോബോട്ടണി, ട്രോപ്പിക്കൽ ഫോറസ്റ്റ് ഇക്കോളജി എന്നിങ്ങനെ വ്യത്യസ്ത കോഴ്സുകളുമുണ്ട്. ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് യോഗ്യതയായി ആവശ്യപ്പെടാറുള്ളത്. 

 

അമേരിക്കൻ അസോസിയേഷൻ ഫോർ ദ് അഡ്‌വാൻസ്മെന്റ് ഓഫ് സയൻസ് ഈ മേഖലയെക്കുറിച്ചറിയാൻ മികച്ചൊരു കേന്ദ്രമാണ്. അമേരിക്കൻ അസോസിയേഷന്റെ വെബ്സൈറ്റിൽ നിന്ന് വിവിധ കോഴ്സുകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചുമൊക്കെ വ്യക്തമായി മനസ്സിലാക്കാനും അവസരമുണ്ട്. റിസർച് പ്ലാന്റ് പാതോളജിസ്റ്റ്, സയന്റിഫിക് ജേണലുകളുടെ എഡിറ്റർ എന്നിങ്ങനെ വ്യത്യസ്ത പദവികളിൽ ജോലി ചെയ്യാവുന്നതാണ്. 

 

ഗവേഷണ ബിരുദമുള്ളവർക്ക് ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യാൻ അവസരം ലഭിക്കും. അധ്യാപന രംഗത്തും മറ്റു മേഖലകളേക്കാൾ കൂടുതൽ അവസരങ്ങൾ കാത്തിരിക്കുന്നു എന്നതും സവിശേഷതയാണ്. പുതിയ ശാസ്ത്രശാഖ എന്ന നിലയിൽ എത്‌നോബോട്ടണിയുടെ പ്രാധാന്യം ഭാവിയിലും കൂടുകതന്നെ ചെയ്യും. ഏതെങ്കിലമൊരു കാലത്ത് ഈ മേഖലയുടെ പ്രാധാന്യം കുറയുമെന്ന് ഭയക്കേണ്ടതുമില്ല. 

 

Content Summary : How do you become an ethno botanist?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com