ADVERTISEMENT

സർവകലാശാല അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ അടക്കമുള്ള തസ്തികകളിലേക്കുള്ള ബിരുദതല പ്രിലിമിനറി പരീക്ഷയുടെ ഒന്നാം ഘട്ടം കഴിഞ്ഞു. രണ്ട്, മൂന്ന് ഘട്ടം പരീക്ഷകൾ എഴുതാനുള്ളവർക്കു വ്യക്തമായ സൂചനകൾ ഒന്നാം ഘട്ടത്തിലെ ചോദ്യപേപ്പറിലുണ്ട്. 

Read Also : മികച്ച ശമ്പളം ഉറപ്പ്, ഓഫിസിനുള്ളിലിരുന്ന് മുരടിക്കണ്ട, ലോകം മുഴുവൻ സഞ്ചരിച്ച് ജോലി ചെയ്യാം

യുപിഎസ്‌സി പരീക്ഷകളുടെ നിലവാരത്തിലുള്ള പരീക്ഷ പൊതുവേ ഉന്നത നിലവാരം പുലർത്തിയിരുന്നു. ചോദ്യങ്ങൾ ഇംഗ്ലിഷിലും മലയാളത്തിലുമുണ്ട്. മലയാളത്തിൽ വലിയ അവഗാഹമില്ലാത്തവരാണെങ്കിൽ ഇംഗ്ലിഷിലുള്ള ചോദ്യങ്ങൾ വായിച്ച് ഉത്തരമെഴുതാൻ ശ്രമിക്കുക. എന്നാൽ മലയാളത്തിലുള്ള ചോദ്യങ്ങൾ വായിച്ച് ആശയം മനസ്സിലാക്കാൻ പല ഉദ്യോഗാർഥികളും ബുദ്ധിമുട്ടു നേരിട്ടു. 

 

പ്രസ്താവന രൂപത്തിലുള്ള ചോദ്യങ്ങൾ ഉദ്യോഗാർഥികളെ ശരിക്കും വെള്ളം കുടിപ്പിച്ചിട്ടുണ്ട്. ഓരോ ചോദ്യവും വായിച്ച് ഉത്തരത്തിലേക്ക് എത്തുമ്പോഴേക്കും ഒരുപാടു സമയം നഷ്ടമായി. എന്നിട്ടും കൃത്യമായ ഉത്തരത്തിലെത്താൻ കഴിയാതെ പോയവരുമുണ്ട്. 

 

പ്രസ്താവന ചോദ്യങ്ങൾ പിന്നത്തേക്കു മാറ്റിവച്ച് ആദ്യ ഘട്ടത്തിൽ ഇംഗ്ലിഷ്, കണക്ക്, മലയാളം എന്നീ ഭാഗത്തെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയ ഉദ്യോഗാർഥികൾക്ക് നല്ല മാർക്ക് സ്കോർ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഈ മേഖലയിലെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതിക്കഴിഞ്ഞ ശേഷം പൊതുവിജ്ഞാന ചോദ്യങ്ങളിലേക്കു വരുന്നതാണ് ഈ പരീക്ഷയിലെ ശരിയായ ട്രാക്ക്. എങ്കിലേ സമയം കൃത്യമായി വിനിയോഗിക്കാൻ കഴിയൂ. ഒന്നാം ഘട്ടത്തിലുണ്ടായവർക്കു നേരിട്ട ഈ തിരിച്ചടി അടുത്ത ഘട്ടത്തിലുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. 

 

കേരള ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങളെല്ലാം എ.ശ്രീധരമേനോന്റെ ‘കേരള ചരിത്രം’, പബ്ലിക് സർവീസ് കമ്മിഷൻ പുറത്തിറക്കിയ ‘കേരളം’ എന്നീ പുസ്തകങ്ങളിൽ നിന്നു പകർത്തിയിരിക്കുകയാണ്. കേരള ചരിത്രം പഠിക്കാൻ ഈ പുസ്തകങ്ങൾ റഫർ ചെയ്യണമെന്നു നേരത്തെ തന്നെ ഈ പംക്തിയിൽ സൂചിപ്പിച്ചിരുന്നു. അടുത്ത ഘട്ടത്തിൽ പരീക്ഷ എഴുതാൻ പോകുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 

 

30 ചോദ്യങ്ങൾ വരെ എല്ലാവർക്കും എഴുതാൻ കഴിയുന്നവയായിരുന്നെങ്കിലും മറ്റു ചോദ്യങ്ങൾ ശരാശരിയിലും ഉയർന്ന നിലവാരം പുലർത്തി. 3 ഘട്ടം പരീക്ഷകളും പൂർത്തിയായ ശേഷമേ കട്ട് ഓഫ് മാർക്ക് സംബന്ധിച്ച് ഏകദേശ ധാരണ ലഭിക്കൂ. പരീക്ഷയുടെ നിലവാരം ഉയർന്നതിനാൽ ഇനിയുള്ള ഘട്ടങ്ങളിലുള്ളവർ അതിനനുസരിച്ചു പരിശീലനം തീവ്രമാക്കുക. പ്രസ്താവനാ രൂപത്തിലുള്ള ചോദ്യങ്ങൾ പരമാവധി ചെയ്തു പഠിക്കുക.

 

Content Summary : Psc tips by Mansoor Ali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com