ADVERTISEMENT

എലിയെ നിറയെ ധാന്യമുള്ള ഒരു വലിയ ഭരണിക്കുള്ളിലാക്കി. എലിക്കു സന്തോഷമായി. ഇനി ഭക്ഷണംതേടി അലയേണ്ട. എത്ര തിന്നാലും തീരാത്തത്രയും ധാന്യമുണ്ട്. പക്ഷേ, ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും ധാന്യംതീർന്ന് എലി ഭരണിയുടെ അടിയിലെത്തി. താൻ ഭരണിക്കുള്ളിൽ അകപ്പെട്ടെന്നും ഇനി രക്ഷപ്പെടാനാകില്ലെന്നും അതു തിരിച്ചറിഞ്ഞു. മാത്രമല്ല ഭക്ഷണത്തിനു മറ്റാരെയെങ്കിലും ആശ്രയിക്കണം. കെണിയിലകപ്പെടുത്തിയ ആൾ നൽകിയ ആഹാരവും കഴിച്ച് ശിഷ്ടകാലം ഭരണിക്കുള്ളിൽത്തന്നെ അതിനു കഴിച്ചുകൂട്ടേണ്ടി വന്നു. 

Read Also : ബഹുമാനം പിടിച്ചു വാങ്ങുന്നവരോട്; അധികാരം നശിക്കുമ്പോൾ, ആദരം ഇല്ലാതാകും

പോരാട്ടമാണ് മുന്നേറ്റം. അതു സ്വന്തം ശരീരവും മനസ്സും പണയപ്പെടുത്തിയുള്ള അതിജീവനമാണ്. സമരങ്ങളിലേർപ്പെട്ടിരിക്കുന്ന എല്ലാവരിലും സമരശേഷം ഒരു പുതിയ വ്യക്തി രൂപംകൊള്ളുന്നുണ്ട്. മഴ നനഞ്ഞതിനും വെയിൽ കൊണ്ടതിനും കൈകാലുകൾ വിണ്ടുകീറിയതിനും ശേഷം രൂപപ്പെടുന്ന പുതിയ സ്വത്വമാണത്. അതിജീവന സമരങ്ങളുടെ വിജയമളക്കുന്നത് അവയിൽ നിന്നുണ്ടായ ലാഭംനോക്കി മാത്രമല്ല, അവ സമ്മാനിച്ച പുതുജീവിതംകൂടി നോക്കിയാകണം. 

 

എളുപ്പത്തിൽ ലഭിക്കുന്നവയുടെയും സൗജന്യമായി കിട്ടുന്നവയുടെയും പിന്നിൽ ചില അദൃശ്യകെണികൾ ഉണ്ടാകുമെന്നുറപ്പ്. സുഖവഴികൾ ഉള്ളിലെ യോദ്ധാവിനെ ഉറക്കിക്കിടത്തും. യുദ്ധത്തിൽ പങ്കെടുക്കാത്ത കുതിരയും അപരിചിതരെ കാണാത്ത കാവൽനായയും തങ്ങളാരെന്നുപോലും മനസ്സിലാക്കാതെ വിടപറയും. ആയാസരഹിത വഴികൾ ആരെയും അവരർഹിക്കുന്ന ഇടങ്ങളിൽ എത്തിക്കില്ല. തൽക്കാല സംതൃപ്തിക്കുവേണ്ടി നടത്തുന്ന ചില തിരഞ്ഞെടുപ്പുകൾ ആയുഷ്കാല ബാധ്യതകൾ സമ്മാനിക്കും. 

 

അധ്വാനിക്കാനും അപകടസാധ്യതകളിലൂടെ പര്യടനം നടത്താനും താൽപര്യമുള്ളവർക്കു മാത്രമാണ് എക്കാലവും സാഹസികജീവിതം ലഭിക്കുക. അല്ലാത്തവരെല്ലാം ആരുടെയൊക്കെയോ അടിമകളായി ജീവിതം അവസാനിപ്പിക്കും. സ്വന്തം കഴിവുകളെ തങ്ങളുടെ ഇഷ്ടപ്രകാരം ഉപയോഗിക്കാൻ കഴിയാത്തവരെല്ലാം നഷ്ടപ്പെടുത്തുന്നത് തങ്ങളുടെ സ്വാതന്ത്ര്യമാണ്. മറ്റാരുടെയെങ്കിലും താൽപര്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും വേണ്ടി പണിയെടുക്കുന്ന യന്ത്രങ്ങളാകാനാണ് അവരുടെ വിധി. തങ്ങുന്നയിടങ്ങൾ താങ്ങാകണം. വളരാനും വലുതാകാനുമുള്ള വിസ്തൃതി വാസസ്ഥലങ്ങൾക്കുണ്ടാകണം. ഇല്ലെങ്കിൽ വേരുകൾ പടരില്ല, ശിഖരങ്ങൾ പന്തലിക്കില്ല.

 

Content Summary : Step Out of Your Comfort Zone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com