ADVERTISEMENT

ഇത്തവണ കേരളത്തിലെ 4,17,864 വിദ്യാർഥികൾ എസ്‌എസ്‌എൽസി പരീക്ഷ ജയിച്ച് ഉപരിപഠനയോഗ്യത നേടി.  ഇനിയെന്ത് എന്ന ചോദ്യമാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും മനസ്സിൽ. ഏറ്റവും നല്ല തീരുമാനമെടുക്കാൻ പലർക്കും പ്രയാസമുണ്ടാവാം.

 

 

അച്‌ഛന്റെ നഷ്‌ടസ്വപ്‌നം

 

ഏതു കുട്ടിക്കും ഏറ്റവും ഇണങ്ങിയതെന്നു പറയാവുന്ന പൊതുവായ ഒരു കോഴ്‌സുമില്ല. ഓരോ കുട്ടിയുടെ കാര്യത്തിലും പരിഗണിക്കേണ്ട വിവിധഘടകങ്ങൾ മനസ്സിലാക്കിയെങ്കിലേ ഏതു കോഴ്‌സ് പറ്റും എന്നു പറയാനാവൂ. പ്ലസ്‌ടുവിനു നാം തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന വിഷയങ്ങൾവഴി ഏതെല്ലാം മേഖലകളിലെ ഉപരിപഠന കോഴ്‌സുകളിൽ കടന്നെത്താമെന്നത് ആദ്യം മനസ്സിൽ വയ്‌ക്കണം. 

 

Representative Image. Photo Credit : Papalah / Shutterstock.com
Representative Image. Photo Credit : Papalah / Shutterstock.com

 

സ്വന്തം നഷ്‌ടസ്വപ്‌നങ്ങൾ കുട്ടികളിലൂടെ സാക്ഷാത്ക്കരിക്കാൻ വിഫലശ്രമം നടത്തുക, ജീവിതവിജയം കൈവരിച്ചവരെ വെറുതേ നോക്കിക്കണ്ട് സ്വന്തം കുട്ടിയും അവരുടെ പാത തുടരണമെന്ന് വാശി പിടിക്കുക എന്നീ രീതികൾ ആരോഗ്യകരമല്ല. മനസ്സിനിണങ്ങാത്ത ഏതെങ്കിലും കോഴ്‌സ് അടിച്ചേൽപ്പിക്കപ്പെടുന്ന കുട്ടി മികവിലേക്കുള്ള ശ്രമം നടത്താൻ സാദ്ധ്യത കുറയും. 

 

കോഴ്‌സ് തിരഞ്ഞെടുക്കുമ്പോൾ കുട്ടിയുടെ അഭിരുചിയാണ് ഏറ്റവും പ്രധാനഘടകം. രക്ഷിതാക്കൾക്ക് ഏകദേശരൂപമുണ്ടാവാം. ഇതു സ്വയം കണ്ടെത്താൻ സഹായിക്കുന്ന ഇന്റർനെറ്റ് സൈറ്റുകളുണ്ട്. കുട്ടിയുടെ പഠനശേഷി, കുടുംബത്തിന്റെ സാമ്പത്തികശേഷി, ഉപരിപഠന സാധ്യത, കോഴ്‌സ് ദൈർഘ്യം, സ്‌ഥാപനത്തിന്റെ ഗുണനിലവാരം, സ്‌ഥാപനത്തിന്റെ സാമീപ്യം, ആൺ-പെൺ വ്യത്യാസം, കോഴ്‌സിന്റെ വിപണിമൂല്യം, പെട്ടെന്ന് നല്ല ജോലികിട്ടാനുള്ള സാദ്ധ്യത മുതലായ പലതും നാം പരിഗണിക്കേണ്ടിവരും.

 

 

നിർണായക വഴിത്തിരിവ്

പത്തുവരെ ഒട്ടെല്ലാ വിഷയങ്ങളും നിർബന്ധമായി പഠിച്ചിരുന്ന കുട്ടി പതിനൊന്നിലെത്തുമ്പോൾ ഇഷ്‌ടപ്പെട്ട ഏതാനും വിഷയങ്ങൾ മാത്രം പഠിച്ചാൽ മതി. പക്ഷേ ഐച്‌ഛികവിഷയങ്ങൾ തിരഞ്ഞെടുക്കുന്നത് പരമാവധി ശ്രദ്ധ ചെലുത്തിയാവണം. ഇവിടെ തെറ്റിയാൽ പിന്നീട് തിരുത്താൻ കഴിയാത്ത നിലയിലെത്തിയെന്നു വരാം.  

പ്ലസ് വണ്ണിൽ ഐച്‌ഛികവിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിന് നാലു വിഷയങ്ങൾ വീതം അടങ്ങിയ നാൽപതോളം കോംബിനേഷനുകളുണ്ട്. സൗകര്യത്തിനായി പ്രധാനപ്പെട്ട ചില ഓപ്‌ഷനുകൾ നോക്കാം.

 

. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്‌ട്രി

. ബയോളജി, ഫിസിക്‌സ്, കെമിസ്‌ട്രി

. മാനവിക വിഷയങ്ങൾ (ഹ്യൂമാനിറ്റീസ് : ചരിത്രം, ധനശാസ്‌ത്രം, രാഷ്‌ട്രമീമാംസ, മനഃശാസ്‌ത്രം മുതലായവ)

. കൊമേഴ്‌സ് (മാത്ത്‌സ് അടങ്ങിയതും അല്ലാത്തതും)

 

Representative Image. Photo Credit : Deepak Sethi / iStockPhoto.com
Representative Image. Photo Credit : Deepak Sethi / iStockPhoto.com

 

കംപ്യൂട്ടർ സയൻസ് ഐച്‌ഛികവിഷയങ്ങളുടെ കാര്യം പൂർണമായല്ല മേൽസൂചിപ്പിച്ചത്. നാല് ഐച്‌ഛികവിഷയങ്ങൾ തിരഞ്ഞെടുക്കാൻ സൗകര്യമുണ്ടെന്നതാണ് വാസ്‌തവം. ആദ്യം സൂചിപ്പിച്ച രണ്ടു വിഭാഗങ്ങളിൽ നാലാമത്തെ വിഷയം എന്തായിരിക്കണം? ചിലർ പെട്ടെന്നു പറയുക കംപ്യൂട്ടർ സയൻസ് എന്നായിരിക്കും. പക്ഷേ അതാണോ ഏറ്റവും ബുദ്ധിപൂർവമായ തീരുമാനം? താഴെപ്പറയുന്നവയും പരിഗണിച്ച് ആലോചിച്ചു തീരുമാനിക്കുക.

 

 

1. കംപ്യൂട്ടർ പഠനം സ്‌കൂളിനു പുറത്തുമാകാം. പക്ഷേ ബയോളജിയോ മാത്തമാറ്റിക്‌സോ പഠിച്ചു യോഗ്യത നേടണമെങ്കിൽ അതു സ്‌കൂളിലൂടെ മാത്രമേ കഴിയൂ.

Representative Image: Deepak Sethi/istockphotos
Representative Image: Deepak Sethi/istockphotos

 

2. കംപ്യൂട്ടർ എടുക്കുന്നതോടെ ബയോളജി / മാത്തമാറ്റികസ് പഠിക്കാനുള്ള അവസരം നഷ്‌ടപ്പെടുന്നു.  

 

3. പ്ലസ്‌ടു തലത്തിൽ കംപ്യൂട്ടർ പഠിച്ചാലും അത് ഉയർന്ന തലത്തിൽ എത്തുന്നില്ല. കംപ്യൂട്ടർ മികവു നേടാനുള്ള കോഴ്‌സുകളിൽ ചേരാൻ പ്ലസ്‌ടു തലത്തിൽ കംപ്യൂട്ടർ പഠിച്ചിരിക്കണമെന്നു നിർബന്ധമില്ല. 

 

Representative Image. Photo Credit : WESTOCK-PRODUCTIONS/ shutterstock
Representative Image. Photo Credit : WESTOCK-PRODUCTIONS/ shutterstock

4. പ്ലസ്‌ടൂ തലത്തിലെ കംപ്യൂട്ടർ അറിവുവഴി എക്കാലവും ഇക്കാര്യത്തിൽ പിടിച്ചു നിൽക്കാനാവില്ല. 

 

 

സയൻസിന്റെ മെച്ചം

Representative Image. Photo Credit : Jirapong Manustrong / Shutterstock.com
Representative Image. Photo Credit : Jirapong Manustrong / Shutterstock.com

 

കംപ്യൂട്ടർ സയൻസ്, പ്ലസ്‌ടൂ തലത്തിൽ വേണ്ടെന്നു വച്ച് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി എന്നീ നാലു ശാസ്‌ത്രവിഷയങ്ങളും പഠിക്കുന്നവർക്കു തുടർ പഠനത്തിൽ പല സൗകര്യങ്ങളും ലഭിക്കും. ഏതെല്ലാം രീതികളിലാണ് അവർക്കു തുടർന്നു പഠിക്കാൻ കഴിയുക?

 

1. ഭൗതികശാസ്‌ത്രവിഷയങ്ങൾ (ഫിസിക്‌സ്, കെമിസ്‌ട്രി, മാത്ത്‌സ്, സ്‌റ്റാറ്റിസ്‌റ്റിക്‌സ് തുടങ്ങിയ ഫിസിക്കൽ സയൻസസ്), എൻജിനീയറിങ്, ടെക്‌നോളജി, ആർക്കിടെക്‌ചർ 

 

2. ജൈവശാസ്‌ത്രവിഷയങ്ങൾ (ബോട്ടണി, സുവോളജി, മൈക്രോബയോളജി,  ബയോ കെമിസ്‌ട്രി തുടങ്ങിയ ബയളോജിക്കൽ സയൻസസ്), മെഡിസിൻ, ഡെന്റൽ സർജറി, നഴ്‌സിങ്, മെഡിക്കൽ ലാബ് ടെക്‌നോളജി, ഫാർമസി, അഗ്രിക്കൾച്ചർ, വെറ്ററിനറി സയൻസ്, ഫോറസ്‌ട്രി, ഫിഷറീസ് സയൻസ്, സെറിക്കൾച്ചർ, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ മുതലായവ

 

3. ഹിസ്‌റ്ററി, ഇക്കണോമിക്‌സ്, പോളിറ്റിക്‌സ് മുതലായ മാനവികവിഷയങ്ങൾ

 

Representative Image. Photo Credit : Poike / IstockPhoto.com
Representative Image. Photo Credit : Poike / IstockPhoto.com

4. കൊമേഴ്‌സ്

 

5.  ഹോട്ടൽ മാനേജ്‌മെന്റ്, നിയമം, കമ്പനി സെക്രട്ടറിഷിപ്, ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്‌റ്റ് അക്കൗണ്ടൻസി, ഫാഷൻ ഡിസൈൻ മുതലായ പഫഷനൽ കോഴ്‌സുകൾ.

 

 

 

മറുവശം

മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്‌ട്രി, കംപ്യൂട്ടർ സയൻസ് എന്നിവ ഐച്‌ഛികമായെടുക്കുന്നവർ ബയോളജി പഠിക്കാത്തതിനാൽ പിന്നീട് അവർക്കു ജൈവശാസ്‌ത്ര, മെഡിക്കൽ, പാരാമെഡിക്കൽ, അഗ്രിക്കൾച്ചറൽ, വെറ്ററിനറി മേഖലയിലെ ഒരു കോഴ്‌സിലേക്കും കടക്കാൻ കഴിയില്ല. പക്ഷേ തുടർപഠനം ഭൗതികശാസ്‌ത്രവിഷയങ്ങൾ, എൻജിനീയറിങ്, ടെക്‌നോളജി, ഏതു പ്ലസ്‌ടുക്കാർക്കും പോകാവുന്ന പൊതുവിഷയങ്ങൾ എന്നിവയിലൊതുക്കിയാൽ മതിയെന്ന ദൃഢനിശ്‌ചയമുള്ളവരാണെങ്കിൽ, ബയോളജി ഉപേക്ഷിച്ച് പകരം കംപ്യൂട്ടർ സയൻസ് തിരഞ്ഞെടുക്കാം.

 

 

അതുപോലെ ഭൗതികശാസ്‌ത്രവിഷയങ്ങൾ, എൻജിനീയറിങ്, ആർക്കിടെക്‌ചർ മുതലായവ പഠിക്കണമെന്ന് ഒരു കാലത്തും തോന്നില്ലെന്ന് ഉറപ്പുള്ളവർക്ക് മാത്ത്‌സ് ഉപേക്ഷിച്ച് കംപ്യൂട്ടറോ ലഭ്യമായ മറ്റേതെങ്കിലും വിഷയമോ ഐച്‌ഛികമായെടുക്കാം. ഇതു പറയുമ്പോൾ ഒരു വിശേഷകാര്യം മനസ്സിൽ വയ്‌ക്കുന്നതു നന്ന്. പ്ലസ് വണ്ണിന്റെ പടിവാതിൽക്കലെത്തി നിൽക്കുന്ന കുട്ടിക്കു പതിനാറു വയസ്സോളമാവും പ്രായം. തുടർന്നുള്ള വർഷങ്ങളിൽ അഭിപ്രായങ്ങൾ വേഗം മാറിമറിയാനുള്ള സാധ്യത ഏറെയാണ്.

 

 

കണക്കിന്റെ സാധ്യതകൾ

 

പ്രഫഷനൽ കോഴ്‌സുകളടക്കം ഏതു ശാഖയിൽ യോഗ്യത നേടിയാലും അതേ മേഖലയിൽത്തന്നെ ജോലി കിട്ടിക്കൊള്ളണമെന്നില്ല. പലരും ജോലിയിലേക്കു കടക്കുമ്പോൾ ചുവടു മാറ്റിച്ചവിട്ടാറുണ്ട്. എൻജിനീയറിങ് പഠിച്ചവർ ബാങ്ക് ഓഫിസറായിപ്പോകുന്നത് ഉദാഹരണം. ബാങ്കിലെയോ ഇൻഷുറൻസിലെയോ ഓഫിസർ/ അസിസ്‌റ്റന്റ്, കേന്ദ്ര സംസ്‌ഥാന സർക്കാരുകളിലെ ക്ലെറിക്കലടക്കമുള്ള തസ്‌തികകൾ മുതലായവയിലെ നിയമനത്തിനും മാനേജ്‌മെന്റ് കോഴ്‌സുകളിലെ പ്രവേശനത്തിനുമുള്ള സിലക്ഷൻ ടെസ്‌റ്റുകളിൽ ക്വാണ്ടിറ്റേറ്റിവ് ആപ്‌റ്റിറ്റ്യൂഡ്, ന്യൂമറിക്കൽ എബിലിറ്റി മുതലായവയിലെ ചോദ്യങ്ങൾ സാധാരണമാണ്. ഹൈസ്‌കൂൾ തലത്തിലെ മാത്ത്‌സ് അറിവുകൊണ്ട് ഇവയിൽ പലതും നേരിടാമെന്നു പറഞ്ഞാലും, പ്ലസ്‌ടൂ തലത്തിലെങ്കിലും മാത്ത്‌സ് പഠിച്ചവർക്ക് ഇത്തരം മത്സരപ്പരീക്ഷകളിൽ മുൻതൂക്കം ലഭിക്കും. ഒരു മാർക്ക് വ്യത്യാസം പോലും വിജയപരാജയങ്ങൾ മാറ്റിമറിക്കുന്ന മത്സരങ്ങളിൽ ഈ മുൻതൂക്കം നിർണായകമാണ്.

 

കൂട്ടത്തിലൊരു ചെറിയ കാര്യം കൂടെ. നിങ്ങൾക്കു വിമാനത്തിലെ പൈലറ്റ് ജോലിയിൽ താൽപര്യമുണ്ടെങ്കിൽ പ്ലസ്‌ടൂ തലത്തിൽ മാത്തമാറ്റിക്‌സും ഫിസിക്‌സും പഠിച്ചിരിക്കണമെന്നു നിർബന്ധം. മാത്തമാറ്റിക്‌സും ഫിസിക്‌സും പഠിച്ചവർക്കായി നേവി, എയർഫോഴ്‌സ് എന്നിവയിലെ പല നിയമനങ്ങളും നീക്കിവച്ചിട്ടുണ്ടെന്നതും ഓർക്കുക.

 

ശാസ്‌ത്രം വേണ്ടാത്തവർ

പ്ലസ് വൺ പ്രവേശനസമയത്ത് ഒരു സയൻസ് വിഷയവും തിരഞ്ഞെടുക്കാത്തവരുണ്ട്. കൊമേഴ്‌സോ, ചരിത്രം ധനശാസ്‌ത്രം രാഷ്‌ട്രമീമാംസ മുതലായ മാനവികവിഷയങ്ങളോ ഐച്‌ഛികമായെടുക്കുന്നവർ. സയൻസിൽ തീരെ താൽപര്യമില്ലാത്തവർക്ക് ഇണങ്ങുന്നതാണ് ഇങ്ങനെയുള്ള പാതകൾ. പക്ഷേ ഒരു കാര്യം ഇവർ മനസ്സിൽ വയ്‌ക്കണം. തുടർപഠനത്തിന് ബിരുദതലത്തിലെത്തുമ്പോൾ ഇവർക്ക് ഒരിക്കലും ശാസ്‌ത്രവിഷയങ്ങളിലേക്കോ എൻജിനീയറിങ്, മെഡിസിൻ ആദിയായ പ്രഫഷനൽ ശാഖകളിലേക്കോ കടക്കാൻ കഴിയില്ല. 

 

 

നേരേമറിച്ച് പ്ലസ്‌ടൂ തലത്തിൽ ഏതെങ്കിലും സയൻസ് വിഷയങ്ങൾ പഠിച്ചവർക്കുബിരുദത്തിന് കൊമേഴ്‌സോ മാനവികവിഷയങ്ങളോ തിരഞ്ഞെടുക്കാനും സ്വാതന്ത്യ്രമുണ്ട്. ചുരുക്കത്തിൽ ഒരു തരം വൺവേ ട്രാഫിക്. സയൻസുകാർക്കു കൊമേഴ്‌സിലോട്ടോ മാനവികവിഷയങ്ങളിലേക്കോ വേണമെങ്കിൽ പോകാം. പക്ഷേ പ്ലസ്‌ടുവിൽ കൊമേഴ്‌സോ മാനവികവിഷയങ്ങളോ പഠിച്ചവരുടെ മുന്നിൽ സയൻസ് വിഷയങ്ങൾ എന്നന്നേക്കുമായി കൊട്ടിയടയ്‌ക്കപ്പെടുന്നു.

 

 

ഏവരും സയൻസ് പഠിച്ചുകൊള്ളണമെന്നു സൂചിപ്പിക്കുകയല്ല. ഓരോ ഘടകങ്ങളുടെയും വിവിധ വശങ്ങൾ വിശദീകരിക്കുകയാണ്. ഇവ മനസ്സിൽവച്ച് യുക്‌തിപൂർവം ഓരോ കുട്ടിയുടെയും കാര്യത്തിൽ പഠനമാർഗം നിശ്‌ചയിക്കുക.

 

കൊമേഴ്‌സ് പഠനംവഴി കമ്പനി സെക്രട്ടറി, ചാർട്ടേർഡ് /കോസ്‌റ്റ് /മാനേജ്‌മെന്റ് അക്കൗണ്ടന്റ്, ചാർട്ടേർഡ് ഫൈനാൻഷ്യൽ അനലിസ്‌റ്റ്, ക്രെഡിറ്റ് അനലിസ്‌റ്റ്, ഇൻവെസ്‌റ്റ്‌മെന്റ് പ്ലാനർ തുടങ്ങിയ മികച്ച പല ഫൈനാൻസ് പ്രഫഷനുകളിൽ ചെന്നെത്താം. ഭാഷകളടക്കം മാനവികവിഷയങ്ങൾ പഠിച്ചു മികവു തെളിയിക്കുന്ന സമർഥർക്കു ജേണലിസം, മാസ് കമ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ്, അഡ്വർടൈസിങ്, സിവിൽ സർവീസസ്, പബ്ലിക്കേഷൻ, ആർക്കിയോളജി, ആർക്കൈവ്‌സ്, അധ്യാപനം, ഗവേഷണം മുതലായ മികച്ച പല കരിയറുകളിലേക്കും പോകാൻ കഴിയും.

 

ജേണലിസം, കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷ് എന്നിവ തിരഞ്ഞെടുക്കുന്നവർക്ക് ജേണലിസം (അച്ചടി /ഇലക്‌ട്രോണിക്) രംഗത്തേക്കു കടക്കുന്നതിനു തുടക്കം കുറിക്കാം. സ്‌റ്റാറ്റിസ്‌റ്റിക്‌സ് ഇഷ്‌ടപ്പെടുന്നവർക്കു പോകാവുന്ന വഴികളിൽ ആക്‌ച്വേറിയൽ സയൻസ്, റിസ്‌ക് മാനേജ്‌മെന്റ്, ക്വാളിറ്റി കൺട്രോൾ, ബിസിനസ് ഇന്റലിജെൻസ്, ഫൈനാൻഷ്യൽ അനാലിസിസ് മുതലായവ ഉൾപ്പെടും. സൈക്കോളജിക്കാർക്ക് ക്ലിനിക്കൽ സൈക്കോളജിസ്‌റ്റാകാനുള്ള ആദ്യചുവട് ഇവിടെത്തുടങ്ങാം. ഹോം സയൻസുകാർക്കാകട്ടെ ഫുഡ് സയന്റിസ്‌റ്റ്, ഫുഡ് അനലിസ്‌റ്റ്, ന്യൂട്രീഷനിസ്‌റ്റ്, ഡയറ്റീഷ്യൻ മുതലായ സ്‌ഥാനങ്ങളിലെത്താം. ഹോട്ടൽ വ്യവസായത്തിലെ ഫുഡ് പ്രിസർവേഷൻ, ഡ്രസ് മേക്കിങ്, ടെക്‌സ്‌റ്റൈൽ ഡിസൈൻ, മാതൃശിശു വികസന പ്രവർത്തനം എന്നീ മേഖലകളിലേക്കും ഹോം സയൻസുകാർക്ക് കടക്കാം. പക്ഷേ ഇപ്പറഞ്ഞതെല്ലാം പ്ലസ്‌ടൂവിന്റെ മാത്രം ബലത്തിൽ കഴിഞ്ഞെന്നു വരില്ല. യുക്‌തമായ ഉപരിപഠനം കൂടെ വേണ്ടിവരും.

 

 

മറ്റു സാധ്യതകൾ

 

സാധാരണ ഹയർ സെക്കൻഡറിയിലെ പ്ലസ്‌ടുവിനു പുറമേ ചില വിശേഷ പ്ലസ്‌ടു കോഴ്‌സുകളുമുണ്ട്. ഇവയിലൂടെ കൈവരുന്ന യോഗ്യതയ്‌ക്കു സാധാരണ പ്ലസ്‌ടുവിനോടു തുല്യതയുണ്ട്. പുറമേ ചില സൗകര്യങ്ങളും.

 

1.  വൊക്കേഷനൽ ഹയർ സെക്കൻഡറി കോഴ്‌സുകൾ : സാധാരണ പ്ലസ്‌ടൂ വിഷയങ്ങൾക്കു പുറമേ ഏതെങ്കിലുമൊരു തൊഴിലധിഷ്‌ഠിത വിഷയവും പഠിക്കാം.  

 

2. ടെക്‌നിക്കൽ ഹയർ സെക്കൻഡറി കോഴ്‌സുകൾ : ഫിസിക്കൽ സയൻസ്, ഇന്റഗ്രേറ്റഡ്‌സയൻസ് എന്നീ വിഭാഗങ്ങളിലുള്ള സാങ്കേതികവിഷയങ്ങളും പഠിക്കാം.

 

മേൽപ്പറഞ്ഞ രണ്ടു വിശേഷ ഹയർ സെക്കൻഡറി കോഴ്‌സുകൾ നടത്തുന്ന സ്‌കൂളുകൾ സാധാരണ ഹയർ സെക്കൻഡറി സ്‌കൂളുകളെ അപേക്ഷിച്ച് എണ്ണത്തിൽ കുറവാണ്.

 

3.സിബിഎസ്‌ഇ, ഐഎസ്സി.

പ്ലസ് വണ്ണിനു പോകാതെയും മികച്ച ഉപരിപഠന സാധ്യതകൾ 

 

 

പത്തു കഴിഞ്ഞാൽ പ്ലസ് വൺ മാത്രമല്ല, മറ്റു ചില കോഴ്‌സുകളുമുണ്ട്. പ്രധാനമായവ ചുവടെ.

 

1. പോളിടെക്‌നിക് കോളജ് ഡിപ്ലോമ: മൂന്നു വർഷത്തെ പഠനം വഴി ഡിപ്ലോമ (ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രിക്കൽ, കെമിക്കൽ, സിവിൽ, മെക്കാനിക്കൽ, ടെക്‌സ്‌റ്റൈൽ). ഡിപ്ലോമക്കാർക്കു പാർട്-ടൈം പഠനം വഴിയോ ലാറ്ററൽ എൻട്രി വഴിയോ ബിടെക് നേടാം. 

 

2. ഐടിഐ കോഴ്‌സുകൾ: വെൽഡിങ്, ഇലക്‌ട്രീഷ്യൻ, മോട്ടോർ മെക്കാനിക് തുടങ്ങിയ തൊഴിലധിഷ്‌ഠിത ട്രേഡുകൾ

 

3. ഫുഡ്‌ക്രാഫ്‌റ്റ് കോഴ്‌സുകൾ. 12 മാസത്തെ കോഴ്‌സുകൾ. നല്ല തൊഴിൽ സാധ്യത

 

4 കംപ്യൂട്ടർ ഡേറ്റാ എൻട്രി 

 

5. എൻജിനീയറിങ് സർട്ടിഫിക്കറ്റ് കോഴ്‌സുകൾ:

 

6. കൊച്ചിയിലെ സിഫ്‌നെറ്റ് നടത്തുന്ന രണ്ടു വർഷം വീതമുള്ള വെസ്സൽ നാവിഗേറ്റർ, മറൈൻ ഫിറ്റർ കോഴ്‌സുകൾ

 

7.  കേന്ദ്രടെക്‌സ്‌റ്റൈൽ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്ററുകളിലെ ചില കോഴ്‌സുകൾ.    

 

8.  ഫാഷൻ ഡിസൈൻ ആൻഡ് ഗാർമെന്റ് ടെക്‌നോളജിയിലെ കെജിടിഇ സർട്ടിഫിക്കറ്റ് 42 ഗവണ്മെന്റ് ഇൻസ്‌റ്റിറ്റ്യൂട്‌സ് ഓഫ് ഗാർമെന്റ് ഡിസൈനിങ്.

 

9. സെക്രട്ടേറിയൽ പ്രാക്‌റ്റീസിൽ രണ്ടു വർഷത്തെ കോഴ്‌സ് പഠിക്കാൻ 17 ഗവണ്മെന്റ് കമേർഷ്യൽ ഇൻസ്‌റ്റിറ്റ്യൂട്ടുകൾ

 

Content Summary : How to choose a suitable course after the 10th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com