ADVERTISEMENT

നാലാം വ്യവസായ വിപ്ലവത്തിന്റെ കാഹളമൂതി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റാ സയൻസ്, ഇന്റർനെറ്റ് ഓഫ് തിങ്‌സ് തുടങ്ങിയ പുതുതലമുറ സാങ്കേതികവിദ്യകൾ ശക്തമായിക്കൊണ്ടിരിക്കുകയാണ്. എൻജിനീയറിങ് പഠനം രണ്ടു പതിറ്റാണ്ടു മുൻപുള്ളതിനെക്കാൾ വൈവിധ്യവത്കരിക്കപ്പെട്ടിരിക്കുന്നു. പഠനം കഴിയുന്നവർക്ക് തിരഞ്ഞെടുക്കാൻ തൊഴിൽമേഖലകളും ഏറെ.

Read Also : പ്ലസ്ടുവിനു ശേഷം 5ജി കരിയറായി തെരഞ്ഞെടുത്താലോ

എൻജിനീയറിങ് എൻട്രൻസ് പഠിക്കുമ്പോഴുള്ള സൂക്ഷ്മത പലപ്പോഴും ബ്രാഞ്ച് തിരഞ്ഞെടുക്കുന്നതിൽ വിദ്യാർഥികൾ കാണിക്കാറില്ല. ഓരോ ട്രേഡിന്റെയും സിലബസും അതിലെ അവസരങ്ങളും മനസ്സിലാക്കി വേണം തീരുമാനം. ഭാവിയിലെ തൊഴിൽസാധ്യത മാത്രമല്ല, നമ്മുടെ അഭിരുചിയും പരിഗണിക്കണം. വെറുതെയുള്ള താ‍ൽപര്യമല്ല അഭിരുചി എന്നുമോർക്കുക. ഉദാഹരണത്തിന് പുതിയ മോഡൽ വണ്ടികളെക്കുറിച്ചറിയാൻ വലിയ താൽപര്യമുണ്ട്; അതിനാൽ ഓട്ടമൊബീലോ മെക്കാനിക്കലോ പഠിക്കാമെന്നു കരുതുന്നതു ശരിയല്ല. പുതിയ മോഡൽ വണ്ടികളെക്കുറിച്ചല്ല ഈ ബ്രാഞ്ചുകളിൽ പഠിപ്പിക്കുന്നത്.

 

താൽപര്യമുള്ള എൻജിനീയറിങ് മേഖലയെക്കുറിച്ചു കൂടുതൽ പഠിച്ചിട്ടാണ് ബ്രാഞ്ച് ഉറപ്പിക്കേണ്ടത്. വളരെ സ്‌പെഷലൈസ്ഡ് ആയ പുതിയകാല വിഷയങ്ങൾ തിരഞ്ഞെടുക്കുംമുൻപ് അവയുടെ തൊഴിൽവിപണി എത്രത്തോളമുണ്ടെന്നു വിശദമായി പഠിക്കണം. പ്രവേശനം തേടുന്ന സ്ഥാപനത്തിന്റെ മുൻവർഷത്തെ ലാസ്റ്റ് റാങ്ക് ഡീറ്റെയിൽസ് ഡൗൺലോഡ് ചെയ്തു നോക്കിയാൽ വിദ്യാർഥികൾ ബ്രാഞ്ചുകൾ തിരഞ്ഞെടുക്കുന്നതിന്റെ ഏകദേശ ട്രെൻഡ് മനസ്സിലാക്കാം.

 

സ്ഥാപനം പ്രധാനം

 

കോഴ്സ് പോലെ തന്നെ പ്രധാനമാണ് പഠിക്കാ‍ൻ പോകുന്ന സ്ഥാപനവും. സ്ഥാപനത്തിന്റെ അക്കാദമിക നിലവാരവും അടിസ്ഥാനസൗകര്യങ്ങളും വിലയിരുത്തിയശേഷമേ അഡ്മിഷൻ തേടാവൂ.

അതിനായി താഴെപ്പറയുന്ന കാര്യങ്ങൾ പരിഗണിക്കാം.

 

∙  എൻഐആർഎഫ് പോലുള്ള റാങ്കിങ്ങുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നു നോക്കാം.

∙ സ്ഥാപനത്തിനുള്ള നാക് അക്രഡിറ്റേഷനും പ്രോഗ്രാമിനുള്ള എൻബിഎ അക്രഡിറ്റേഷനും പരിശോധിക്കാം.

∙സമൂഹമാധ്യമങ്ങളിലും ഗൂഗിൾ റിവ്യൂസിലും റെഡിറ്റിലുമൊക്കെ സ്ഥാപനത്തെക്കുറിച്ചുള്ള റിവ്യൂകൾ നോക്കാം.

∙ ഇവിടെ പഠിക്കുന്ന വിദ്യാർഥികളെയും പൂർവവിദ്യാർഥികളെയും ലിങ്ക്ഡ് ഇന്നിലും മറ്റു സമൂഹമാധ്യമങ്ങളിലും കണ്ടെത്തി അഭിപ്രായം തേടാം.

∙ സ്ഥാപനത്തിനു മികച്ച പ്ലേസ്മെന്റ് റെക്കോർഡുണ്ടോ എന്നും പരിശോധിക്കുക.

 

പഠിച്ചു തുടങ്ങുമ്പോൾ

 

സാങ്കേതികവിദ്യാരംഗത്ത് നിരന്തരം മാറ്റങ്ങൾ വരുന്ന കാലത്താണു നാം ജീവിക്കുന്നത്. ഇന്നു ബിടെക്കിനു ചേരുന്ന പല വിദ്യാർഥികളും നാലുവർഷം കഴിഞ്ഞു പഠിച്ചിറങ്ങുമ്പോഴുള്ള കാര്യങ്ങളെങ്ങനെ എന്നുപോലും ചിന്തിക്കുന്നില്ല. നാലല്ല, പത്തു വർഷത്തിനുശേഷമെന്ത് എന്ന വിലയിരുത്തലോടെ വേണം പഠിച്ചുതുടങ്ങാനെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

 

ഉപരിപഠനം താൽപര്യമുള്ളവർ ബിടെക് പഠനകാലത്തു തന്നെ അതിനുള്ള പ്ലാനുകൾ രൂപപ്പെടുത്തണം. ‘ജോലി കിട്ടിയില്ല. എങ്കിൽ പിന്നെ ഉപരിപഠനം നടത്താം’ എന്ന ചിന്തയല്ല വേണ്ടത്. എംടെക് കോഴ്‌സുകളിൽ ചിലതു തൊഴിലധിഷ്ഠിതവും മറ്റുചിലതു ഗവേഷണാധിഷ്ഠിതവുമാണ്. ഇവയിലേതു വേണമെന്നു തീരുമാനിക്കുന്നതിൽ അഭിരുചിയും പ്രധാനമാണ്. എംടെക്കിനു പ്ലേസ്മെന്റ് സാധ്യത ബിടെക്കിനെ അപേക്ഷിച്ചു കുറവാണ്. അതുകൊണ്ടു തന്നെ മികച്ച സ്ഥാപനങ്ങൾ തന്നെ തിരഞ്ഞെടുക്കണം. ഭാവിയിൽ ഗവേഷണം ലക്ഷ്യമിടുന്നവർ ബിടെക് കാലയളവിൽതന്നെ റിസർച് പേപ്പറുകൾ പ്രസിദ്ധീകരിക്കാൻ ശ്രമിക്കണം. കോൺഫറൻസുകളിലും സെമിനാറുകളിലും പങ്കെടുക്കുന്നതും നല്ലത്. ഭാവിയിൽ വിദേശപഠനം ലക്ഷ്യമിടുന്നവർ ജിആർഇ പോലെയുള്ള പരീക്ഷകൾ ഇപ്പോഴേ ശ്രദ്ധിച്ചുതുടങ്ങണം.

 

ഇന്റേൺഷിപ്പും പ്ലേസ്മെന്റും

 

ക്യാംപസ് പ്ലേസ്മെന്റ് നേടുകയാണ് ഇന്നത്തെ തൊഴിൽവിപണിയിലെ ഏറ്റവും സുരക്ഷിത മാർഗം.

∙ പഠന കാലത്തുതന്നെ വ്യത്യസ്തമായ മിനി പ്രോജക്ടുകൾ ചെയ്യുന്നതും കാമ്പുള്ള ഫൈനൽ ഇയർ പ്രോജക്ടുകൾ ചെയ്യുന്നതും ഇന്റർവ്യൂവിൽ സഹായകരമായേക്കും.

∙ പ്ലേസ്‌മെന്റ് സീസണിനു മുൻപായി ജയിക്കാനുള്ള പഴയ പേപ്പറുകളെല്ലാം (ബാക്‌ലോഗ്) എഴുതിയെടുക്കണം. ഇവയുടെ എണ്ണം കൂടിയാൽ പല കമ്പനികളും ഇന്റർവ്യൂവിൽ പങ്കെടുപ്പിക്കില്ല.

∙ ഇംഗ്ലിഷ് ഭാഷാശേഷി, നേതൃപാടവം, സംഘാടകശേഷി തുടങ്ങിയ സോഫ്റ്റ് സ്കില്ലുകൾ കൂട്ടാം.

∙ എൻജിനീയറിങ് കഴിഞ്ഞു ജോലിയാണു ലക്ഷ്യമെങ്കിൽ നല്ല കമ്പനികളിൽ ഇന്റേൺഷിപ്പിനു ശ്രമിക്കാം. പുതിയ സാങ്കേതികവിദ്യകൾ അങ്ങനെ പരിചയപ്പെടാനും തൊഴിൽപരിചയം നേടാനും ഈ രംഗത്തെ പ്രഫഷനലുകളുമായി പരിചയപ്പെടാനുള്ള അവസരം ഇവ നൽകുന്നു. ഇന്റേൺഷിപ് കാലത്തെ മികവിലൂടെ ജോലി നേടിയെടുക്കുന്നവർ ഏറെയാണ്.

 

Content Summary : How to choose an engineering branch for a successful career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com