കുറഞ്ഞ ചെലവിൽ പഠിക്കാം, ഐഎസ്ആർഒയിൽ വരെ ജോലി കിട്ടാൻ സാധ്യതയുള്ള നിത്യഹരിത കോഴ്സ്

HIGHLIGHTS
  • കേരളത്തിൽ രണ്ടു പ്രശസ്ത ക്യാംപസുകളിൽ എൻജിനീയറിങ് ഫിസിക്‌സ് പഠിക്കാം.
  • പരമ്പരാഗത എൻജിനീയറിങ് വിഭാഗങ്ങളേക്കാൾ തിയററ്റിക്കൽ ആണ് എൻജിനീയറിങ് ഫിസിക്‌സ്.
engineering
Representative Image. Photo Credit : mgstudyo/istock
SHARE

ശാസ്ത്രമേഖലയുടെ രാജാവാണു ഭൗതികശാസ്ത്രം. ക്ലാസിക്കൽ ശ്രേണിയിലുള്ള മെക്കാനിക്‌സ് മുതൽ ക്വാണ്ടം മെക്കാനിക്‌സ് വരെയായി വിശാല മേഖല. ഇതിന്റെ പ്രയോഗസാധ്യതകൾ സംബന്ധിച്ച കോഴ്‌സാണ് എൻജിനീയറിങ് ഫിസിക്‌സ്.എൻജിനീയറിങ്ങിനു വേണ്ടി പരുവപ്പെടുത്തിയിട്ടുള്ള ഭൗതികശാസ്ത്രശാഖ. ഇലക്ട്രോഡൈനമിക്‌സ്, തിൻ ഫിലിം ടെക്‌നോളജി, വാക്വം സയൻസ്, മെറ്റീരിയൽ സയൻസ്, സോളിഡ്- സ്റ്റേറ്റ് ഫിസിക്‌സ് തുടങ്ങി സാങ്കേതിക പ്രാധാന്യമേറെയുള്ള പഠനമേഖലകൾ ഇതിൽ ഉൾപ്പെടും. 

Read Also : പ്ലസ്ടുവിന് ശേഷം പഠിക്കാം ഇൻഡസ്ട്രിയൽ എൻജിനീയറിങ്

എൻജിനീയറിങ് ഫിസിക്‌സിൽ 60 ശതമാനത്തോളം ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങും ബാക്കി മറ്റ് അപ്ലൈഡ് ഫിസിക്‌സ് മേഖലകളുമാണ്. ഇന്ത്യയിൽ ഈ കോഴ്‌സ് ശ്രദ്ധിക്കപ്പെട്ടുവരുന്നതേയുള്ളൂ. എന്നാൽ പുതിയകാലത്ത് നാനോടെക്‌നോളജി, മെറ്റീരിയൽ സയൻസ്, ഇലക്ട്രോണിക്‌സ് മേഖലകളിലുണ്ടായ കുതിച്ചുചാട്ടം എൻജിനീയറിങ് ഫിസിക്‌സിനെ ശ്രദ്ധാകേന്ദ്രമാക്കുന്നു. എൻജിനീയറിങ് മോഹത്തിനൊപ്പം ഫിസിക്‌സിനോട് അഗാധ പ്രണയവുമുണ്ടെങ്കിൽ കൈവയ്ക്കാൻ പറ്റിയ മേഖലയാണ്.

 ഇത് പരമ്പരാഗത എൻജിനീയറിങ് വിഭാഗങ്ങളേക്കാൾ തിയററ്റിക്കൽ ആണ് എൻജിനീയറിങ് ഫിസിക്‌സ്. കോർ വിഷയങ്ങളായ ഒപ്റ്റിക്‌സ്,  റിലേറ്റിവിറ്റി, ഫോട്ടോണിക്‌സ്, തെർമൽ ഫിസിക്‌സ് തുടങ്ങി സോളിഡ് സ്റ്റേറ്റ് ഫിസിക്‌സ് വരെ പഠിക്കാനുണ്ട്. മൂന്നാം വർഷത്തിൽ ഒട്ടേറെ വ്യത്യസ്ത ലാബുകളിൽ പരീക്ഷണങ്ങൾക്കുള്ള അവസരവുമുണ്ട്.

ഐഐടിയുടെ ബോംബെ, ഡൽഹി, ഗുവാഹത്തി, മദ്രാസ് ക്യാംപസുകളിലെ എൻജിനീയറിങ് ഫിസിക്‌സ് കോഴ്‌സുകൾ പ്രശസ്തമാണ്. ഡൽഹി ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ കോഴ്‌സുണ്ട്. ഐഐടി ഹൈദരാബാദിലും കോഴ്‌സ് ലഭിക്കും.

കേരളത്തിൽ രണ്ടു പ്രശസ്ത ക്യാംപസുകളിൽ എൻജിനീയറിങ് ഫിസിക്‌സ് പഠിക്കാം- ഐഐഎസ്ടി തിരുവനന്തപുരം, എൻഐടി കാലിക്കറ്റ്. ഐഐഎസ്ടിയിലേതു ഡ്യുവൽ ഡിഗ്രി കോഴ്‌സാണ്. എൻജിനീയറിങ് ഫിസിക്‌സിൽ ബിടെക്കും ആസ്‌ട്രോണമി ആൻഡ് ആസ്‌ട്രോഫിസിക്‌സ്, എർത്ത് സിസ്റ്റം സയൻസസ്, സോളിഡ് സ്റ്റേറ്റ് ഫിസിക്‌സ്, ഒപ്റ്റിക്കൽ എൻജിനീയറിങ് എന്നിവയിൽ ബിരുദാനന്തര ബിരുദവുമെടുക്കാം. 

കുറഞ്ഞ ചെലവിലുള്ള പഠനവും ഐഎസ്ആർഒയിൽ ജോലി കിട്ടാനുള്ള സാധ്യതയും കോഴ്‌സിനെ വേറിട്ടതാക്കുന്നു.

എൻജിനീയറിങ് ഫിസിക്‌സ് പഠനശേഷം നല്ലൊരു ശതമാനം വിദ്യാർഥികളും ഉപരിപഠന, ഗവേഷണ മേഖലകളിലേക്കു തിരിയും. മികച്ച വിദേശ സർവകലാശാലകളിലേക്കുതന്നെ വഴി തുറക്കുന്നുണ്ടെന്ന് എൻഐടി കാലിക്കറ്റ് അധികൃതർ പറയുന്നു. പകുതിപ്പേരും ബിടെക്കിനു ശേഷം നേരിട്ട് പിഎച്ച്ഡിക്ക് (മാസ്റ്റേഴ്‌സ് ഇല്ലാതെ) അഡ്മിഷൻ നേടുന്നവരാണ്. സോഫ്റ്റ്വെയർ, ഇലക്ട്രോണിക്, ഫൈബർ ഒപ്റ്റിക് കമ്പനികളിൽ ജോലി ലഭിക്കുന്നവരും കുറവല്ല.

രാജ്യത്ത് ഏറിവരുന്ന ഗവേഷണ അവസരങ്ങളും മെറ്റീരിയൽ സയൻസ്, ഫോട്ടോണിക്‌സ് തുടങ്ങിയ മേഖലകളിൽ സ്വകാര്യമേഖലയിലുണ്ടാകുന്ന കുതിച്ചുചാട്ടവും എൻജിനീയറിങ് ഫിസിക്‌സിന് അനുകൂല ഘടകങ്ങളാണ്.

Content Summary : Career in Engineering Physics

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS