ADVERTISEMENT

കുതിരകളുടെ പരിശീലനം കാണാനെത്തിയ യുവാവിന്റെ സംശയങ്ങൾ ഓരോന്നായി പരിശീലകൻ തീർക്കുകയാണ്. വേഗം കുറഞ്ഞ കുതിരയാണോ വേഗം കൂടിയ കുതിരയാണോ നല്ലത്? വേഗം കൂടിയ കുതിര. കാരണമെന്താണ്? പത്തിരട്ടി കൂടുതൽ വേഗം ഉൽപാദിപ്പിക്കാനുള്ള ശക്തി വേഗത്തിൽ ഓടുന്ന കുതിര നേടിയെടുക്കുന്നുണ്ട്. കുതിര തെറ്റായ ദിശയിലാണ് ഓടുന്നതെങ്കിലോ? വേഗം കുറഞ്ഞ കുതിരയെക്കാൾ പത്തിരട്ടി വേഗത്തിൽ അതിന്റെ ശ്രമങ്ങൾ പാഴാകും. 

Read Also : ചെറിയ തെറ്റുകൾക്കു പോലും കഠിനശിക്ഷ നൽകുന്നവരോട്

മറ്റു കുതിരകളും അവയെ പിന്തുടർന്നാൽ എന്തു സംഭവിക്കും? അവരും തെറ്റായ വഴിയിലെത്തും. പിന്നെന്താണ് മറ്റെല്ലാ കുതിരകളും വേഗത്തിലോടുന്ന കുതിരയെ പിന്തുടരുന്നത്? വേഗത്തിൽ ലക്ഷ്യത്തിലെത്താനുള്ള അതിന്റെ കഴിവ് മറ്റുള്ളവരെ ആകർഷിക്കുന്നു. ഓരോ കുതിരയും ശ്രദ്ധിക്കേണ്ട കാര്യമെന്താണ്? സ്വന്തമായ വേഗവും ദൂരവും കണ്ടെത്തുക.

 

ഓരോന്നിനും അതതിന്റെ വേഗമുണ്ട്. ഒച്ചിന്റെ വേഗമല്ല ഒട്ടകത്തിന്, പുലിയുടെ വേഗമല്ല പരുന്തിന്. ഒരേപോലെ കാണപ്പെടുന്ന എല്ലാവരും ഒരേ ദിശയിലും ഒരേ വേഗത്തിലും സഞ്ചരിക്കണമെന്നും അവയുടെ താരതമ്യത്തിലൂടെ മികവു നിശ്ചയിക്കണമെന്നുമുള്ള തെറ്റിദ്ധാരണയാണ് പലരുടെയും സ്വത്വം നഷ്ടപ്പെടാൻ കാരണം. തന്റെ ഉത്തമവേഗം കണ്ടെത്തുക എന്നതാണ് യാത്ര സംതൃപ്തവും സന്തോഷകരവുമാക്കാനുള്ള മാർഗം. 

 

ജീവിതം മന്ദഗതിയിലാണെങ്കിൽ സഞ്ചരിക്കുന്ന ലക്ഷ്യത്തിനും സ്വന്തം ശേഷിക്കുമനുസരിച്ച് വേഗം കൂട്ടണം. ചിന്തകളും ദിനചര്യകളും ദ്രുതഗതിയിലാകണം. അമിതവേഗം അപകടകരവും മന്ദഗതി അരോചകവുമാണ്. കൃത്യമായ വേഗം നിലനിർത്തുന്നുണ്ടെങ്കിൽ പിന്നെ പരിശോധിക്കേണ്ടത് ശരിയായ ദിശയിലാണോ എന്നതാണ്. അരമണിക്കൂർ മുൻപേ എത്തുന്നത് എവിടെങ്കിലും ആയാൽ പോരാ, എത്തേണ്ടിടത്തുതന്നെ എത്തണം. കഠിനാധ്വാനികളല്ല, കൃത്യമായ വിലയിരുത്തലുകളും പുനഃക്രമീകരണവും നടത്തുന്ന കഠിനാധ്വാനികളാണ് വിജയിക്കുന്നത്. മത്സരയോട്ടം നടത്തുന്ന ബസുകൾ ആളെ കയറ്റാതെ ആദ്യമെത്തിയിട്ട് എന്തുകാര്യം? 

 

എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്നറിയില്ലാത്തവർ എന്തിനാണ് സഞ്ചരിക്കുന്നത്? ഒന്നും നേടാനില്ലാത്ത യാത്രകളാണ് ജീവിതം അർഥരഹിതമാക്കുന്നത്. വഴി മാറിയെന്നറിഞ്ഞാൽ അപ്പോൾ അവിടെവച്ചെടുക്കുന്ന യുടേണിനുശേഷം വേഗം കൂടുകയാണ് വേണ്ടത്.

 

Content Summary : Not only hard work but also smart work speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com