ADVERTISEMENT

കോട്ടയം∙ ‘നൂറു കമ്മിറ്റികളുടെ അധ്യക്ഷയാണ് കലക്ടർ. ജനങ്ങളിലേക്കു കൂടുതൽ ഇറങ്ങാനുള്ള വഴികളാണിതെല്ലാം.  ജനങ്ങളുടെ ആഗ്രഹങ്ങൾ നടത്തിക്കൊടുക്കാനുള്ള കോർഡിനേറ്ററുടെ പങ്കുവഹിക്കും’-  കലക്ടറായി ചുമതലയേറ്റ വി.വിഘ്നേശ്വരി ‘മനോരമ’യോടു പറഞ്ഞു. 

Read Also : 50 രൂപ കൂടി ചോദിക്കണമെന്നുണ്ട്, പക്ഷേ അഭിമാനം സമ്മതിക്കുന്നില്ല; ആ അച്ഛന്റെ മുഖം മായാതെ മനസ്സിലുണ്ട്

3 വർഷത്തിലേറെയായി കൊളീജിയറ്റ് എജ്യുക്കേഷൻ ഡയറക്ടറായിരുന്നു വിഘ്നേശ്വരി.  കെടിഡിസിയുടെ എംഡിയുടെ അധികചുമതലയും വഹിച്ചു.  ആദ്യമായാണ് കലക്ടറാകുന്നത്. ഭർത്താവ് എൻ.എസ്.കെ ഉമേഷ് അയൽജില്ലയായ എറണാകുളത്തിന്റെ കലക്ടറാണ്. ഇരുവരും ഒരേ നാട്ടുകാരും എൻജിനിയറിങ് ബിരുദധാരി കളുമാണ്. സിവിൽ സർവീസ് നേടിയ ശേഷമാണ് പരിചയപ്പെട്ടതും വിവാഹിതരായതും. ഭർത്താവിനും കുടുംബാംഗങ്ങൾക്കൊപ്പമെത്തിയാണ് വിഘ്നേശരി ചുമതലയേറ്റത്.

 

കോട്ടയത്തെക്കുറിച്ചാണ് വിഘ്നേശ്വരി സംസാരിച്ചു തുടങ്ങിയത്.കേരളത്തിലെ ഏറ്റവും സുന്ദരസ്ഥലമാണ് കോട്ടയമെന്നാണ് നിയമനം കിട്ടിയപ്പോൾ പലരും പറഞ്ഞത്. നൂറു ശതമാനം സാക്ഷരത നേടിയ ജില്ലയുമാണല്ലോ. കെടിഡിസി എംഡിയായിരുന്നപ്പോൾ ജി 20 ഷെർപ സമ്മേളനത്തിന്റെ നടത്തിപ്പിനായി കുമരകത്ത് ഉണ്ടായിരുന്നു. മധുര മീനാക്ഷി ക്ഷേത്രത്തിന് 2 കിലോമീറ്റർ സമീപമാണ് എന്റെ വീട്. 

 

∙സിവിൽ സർവീസ് തിരഞ്ഞെടുക്കാൻ കാരണം?

 

ത്യാഗരാജർ എൻജിനിയറിങ് കോളജിൽ സിവിൽ പൂർത്തിയാക്കി ഒരു വർഷത്തോളം ടിസിഎസ് കമ്പനിയിൽ ജോലി ചെയ്തു. അവിടെ കോഡിങ്ങാണ് ചെയ്തത്. യാത്രയും ബുക്കിങ്ങും മറ്റും സുഗമമാക്കുന്നതിനുള്ള കോഡിങ് ജോലി ചെയ്തപ്പോഴാണ് സാധാരണക്കാർക്കായി എന്തെങ്കിലും ചെയ്യണമെന്ന് ചിന്തിച്ചത്. സിവിൽ സർവീസാണ് അതിനു സാധ്യത ഏറ്റവും കൂടുതലുള്ളതെന്നു മനസ്സിലാക്കി പരിശ്രമിക്കുകയായിരുന്നു.

 

∙എന്തിനാവും മുൻഗണന ?

 

അങ്ങനെ ഒരു മുൻവിധിയില്ല. ജനങ്ങളിൽ നിന്ന് എല്ലാം മനസ്സിലാക്കാനാണ് ശ്രമിക്കുന്നത്. അതിനായി ‘കലക്ടർ കോട്ടയം’ എന്ന ഫെയ്സ്ബുക്  പേജിലൂടെ അഭിപ്രായങ്ങൾ ചോദിച്ചിട്ടുണ്ട്. ആദ്യം വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കാനാണ് പറഞ്ഞിരിക്കുന്നത്. ഇതിനൊപ്പം പഞ്ചായത്തുകളിൽ പോകുമ്പോൾ തീരെ സാധാരണക്കാരുടെ അഭിപ്രായങ്ങളും അറിയാൻ ശ്രമിക്കും.

 

∙കെടിഡിസി എംഡിയായിരുന്നപ്പോൾ മനസ്സിലാക്കിയ കാര്യം?

 

കേരളത്തിന്റെ സൗന്ദര്യം ഇനിയും പ്രയോജനപ്പെടുത്താം. വലിയ ഗ്രൂപ്പുകളെ എത്തിക്കുന്നതിനു പകരം വ്യക്തിപരമായുള്ള, ചെറിയ വിഭാഗങ്ങളെ ലക്ഷ്യമാക്കിയുള്ള, ക്യൂറേറ്റഡ് പഴ്സനലൈസ്ഡ് ടൂറിസത്തിനു നല്ല സാധ്യതകളുണ്ട്.

 

∙സംസ്ഥാനത്തെ ആദ്യ ഐഎസ്ഒ കലക്ടറേറ്റാണ് കോട്ടയം...

 

വളരെ നല്ല കാര്യമാണ്.  ജോലികൾ കൂറേക്കൂടി കൃത്യവും വേഗവുമാക്കും. ഫയലുകൾ എവിടെയെന്ന് തപ്പിത്തിരയേണ്ടല്ലൊ. സേവനങ്ങളും വേഗത്തിലാവും.

 

∙സ്വപ്നം?

 

കുട്ടികളെക്കൊണ്ട് തൊഴിലെടുപ്പിക്കാത്ത ഭാരതം എന്നത് എന്റെ എക്കാലത്തെയും വലിയ ആഗ്രഹമാണ്.

 

∙കുടുംബം ?

 

പിതാവ് കെ.ആർ വേലൈച്ചാമി കോളജ് പ്രഫസറായിരുന്നു. മാതാവ് എം.എസ്.വി ശാന്തി സ്കൂൾ പ്രിൻസിപ്പലുമായിരുന്നു. ഏക സഹോദരി ഡോക്ടറാണ്; വി.ഭുവനേശ്വരി.

 

Content Summary : Interview with Kottayam collector V. Vigneshwari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com