ADVERTISEMENT

തങ്ങളുടെ നാട്ടിൽ ജനിച്ചുവളർന്ന വിശ്വഗുരുവിന്റെ പ്രഭാഷണം അവർ സംഘടിപ്പിച്ചു. ആയിരക്കണക്കിന് ആളുകളോടൊപ്പം ഗുരുവിന്റെ സഹപാഠിയായ കള്ളനും അവിടെത്തി. അതിമനോഹരമായ പ്രസംഗത്തിനിടെ തന്റെ നാട്ടിൽ ആശുപത്രി പണിയാനുള്ള ആഗ്രഹം ഗുരു പ്രകടിപ്പിച്ചു. അതിനുള്ള സംഭാവനയും അദ്ദേഹം ചോദിച്ചു.   പ്രഭാഷണത്തിൽ ആകൃഷ്ടനായ കള്ളൻ പതിനായിരം രൂപ കയ്യിലെടുത്തെങ്കിലും എല്ലാവരും പണം നൽകുന്നതുകണ്ടപ്പോൾ അതു പോക്കറ്റിൽ തിരിച്ചിട്ടു. ആൾക്കൂട്ടം പിരിഞ്ഞപ്പോൾ കള്ളൻ ഗുരുവിനെക്കണ്ട് പരിചയപ്പെടുത്തി അദ്ദേഹത്തിന്റെ പ്രഭാഷണത്തെ പുകഴ്ത്തി. ഗുരു ചോദിച്ചു: നീ എത്ര രൂപ നൽകി? അയാൾ പറഞ്ഞു: ഒന്നും നൽകിയില്ല. ഗുരു ചോദിച്ചു: അപ്പോൾ എന്റെ പ്രസംഗംകൊണ്ട് എന്തു പ്രയോജനം?. അയാൾ പറഞ്ഞു: പിരിവിനിടയ്ക്ക് കറന്റ് പോയപ്പോൾ ബക്കറ്റ് എന്റെ കയ്യിലായിരുന്നു. ആ പണത്തിൽനിന്നു കുറച്ചെടുത്താലോ എന്നാലോചിച്ചെങ്കിലും വേണ്ടെന്നു വച്ചു. അതാണ് അങ്ങയുടെ പ്രസംഗത്തിന്റെ മഹത്വം. 

Read Also : ഒപ്പമുള്ളയാളിന്റെ സ്നേഹം സത്യസന്ധമാണോയെന്ന് ആശങ്കയുണ്ടോ?; രണ്ടു വഴികളിലൂടെ അറിയാം

ഒരു സത്കർമവും പാഴാകില്ല. എല്ലാം അവ പോകേണ്ടയിടങ്ങളിലൂടെ സഞ്ചരിച്ച് എത്തേണ്ടയിടങ്ങളിൽ കൃത്യമായി എത്തിച്ചേരും. തത്സമയ പ്രതിഫലം പ്രതീക്ഷിച്ചാകരുത് ഒരു പ്രവൃത്തിയും. തങ്ങളുദ്ദേശിച്ച ഫലം തന്നെ എല്ലാ കർമങ്ങൾക്കും ഉണ്ടാകണമെന്ന ചിന്തയും ആശാസ്യമല്ല. പ്രതീക്ഷിച്ച ഫലം ലഭിക്കാത്ത ഒരു കർമവും അവിടെ അവസാനിക്കരുത്. ഉപദേശങ്ങളും നിർദേശങ്ങളും ശ്രോതാക്കളെല്ലാം ഒരേ അർഥത്തിൽ എടുക്കില്ല. ഓരോരുത്തരും തങ്ങളുടെ വ്യക്തിജീവിതവും പരിസരവുമായി ബന്ധിപ്പിച്ചായിരിക്കും ഓരോ കൽപനയും മുഖവിലയ്ക്കെടുക്കുക. 

 

ആളുകളെ സ്വയം നവീകരണത്തിന്റെ പാതയിലൂടെ നടക്കാൻ അനുവദിച്ചാൽ അവർക്കാവശ്യമായ മാറ്റങ്ങൾ അവർ സ്വയം വരുത്തും. ഒരു മാറ്റവുമില്ലാതെ നിശ്ചലമായി തുടരുന്ന ആരുമുണ്ടാകില്ല. ചിലരുടെ മാറ്റങ്ങൾ അളവുകോലുകളെക്കാൾ ചെറുതായിരിക്കും. ചിലരുടേത് അദൃശ്യമായിരിക്കും. മറ്റാർക്കും മനസ്സിലാകാത്ത മാറ്റങ്ങളിലൂടെ സഞ്ചരിക്കുന്നവരുമുണ്ട്. തങ്ങൾ വരുത്തുന്ന ചെറിയ പുരോഗതിയുടെ പേരിൽ ഓരോരുത്തരും അംഗീകരിക്കപ്പെടാൻ തുടങ്ങിയാൽ എല്ലാവരും അവനവന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ആക്കംകൂട്ടും.

 

Content Summary : Feel the joy of giving without expecting anything in return

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com