ADVERTISEMENT

ചികിത്സ തേടുന്ന രോഗിയോട് ഡോക്ടർമാർ കുടുംബാംഗങ്ങളുടെ രോഗ വിവരങ്ങളും തിരക്കാറുണ്ട്. അച്ഛനമ്മമാർ, മക്കൾ, സഹോദരീ സഹോദരൻമാർ എന്നിവരുടെ വിവരങ്ങളാണ് അന്വേഷിക്കുന്നത്. ഈ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിനാണ് രോഗം നിർണയിക്കുന്നതും ചികിത്സ തീരുമാനിക്കുന്നതും. കരിയർ തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടുന്നവരോട് കൗൺസലർമാരും കുടുംബാംഗങ്ങളുടെ കരിയർ, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് അന്വേഷിച്ചറിയാറുണ്ട്. കരിയർ ജെനോഗ്രാം എന്നാണിത് അറിയപ്പെടുന്നത്. ഇത്തരമൊരു അന്വേഷണം ഏതു കരിയർ വേണമെന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം അവസാനിപ്പിക്കാൻ സഹായിക്കും. 

Read Also : ‘കത്തി’ വയ്ക്കരുത്, വാച്ച് നോക്കരുത്, ഇടിച്ചു കയറുത്: അഭിമുഖത്തിൽ ശ്രദ്ധിക്കാൻ 5 കാര്യങ്ങൾ

കൗൺസലർമാരുടെ ജോലി 

കരിയർ തിരഞ്ഞെടുക്കാൻ വ്യക്തികളെ സഹായിക്കുന്നവരാണ് കൗൺസലർമാർ. ഓരോ വ്യക്തിക്കും അനുയോജ്യ മായ കരിയർ കണ്ടെത്തുക എന്നതാണ് പ്രധാന ജോലി. ഇതിനു വേണ്ടി സ്വീകരിക്കുന്ന പല മാർഗങ്ങളിലൊന്നാണ് ജെനോഗ്രാം. ഒന്നോ രണ്ടോ വർഷത്തെ പരിശീലനത്തിനുശേഷം ജോലി ആരംഭിക്കുന്ന കൗൺസലർമാർക്ക് ശരിയായ തീരുമാനമെടുക്കാൻ  ജെനോഗ്രാം മികച്ച അവസരമാണു നൽകുന്നത്. സങ്കീർണമായ പ്രശ്നങ്ങൾ വളരെവേഗം പരിഹരിക്കാനും ഇതു സഹായിക്കാറുണ്ട്. 

 

ജെനോഗ്രാമിന്റെ അടിസ്ഥാനം

വ്യക്തിയുടെ കുടുംബ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കരിയർ തീരുമാനിക്കാനുള്ള ശ്രമമാണ് ജെനോഗ്രാമിന്റെ അടിസ്ഥാനം. വ്യക്തിയും കുടുംബാംഗങ്ങളും തമ്മിലുള്ള ബന്ധവും ഓരോരുത്തരും സ്വീകരിച്ച കരിയറും മനസ്സിലാക്കി ഏറ്റവും ആനുയോജ്യമായ കരിയർ കണ്ടുപിടിക്കുന്ന രീതിയാണിത്. കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസ പശ്ചാത്തലം ഇതിൽ പ്രധാനമാണ്. ഓരോരുത്തരും എവിടെയൊക്കെ, ഏതൊക്കെ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നു എന്നതിനും തുല്യ പ്രാധാന്യമുണ്ട്. കരിയർ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ പ്രായം, കുടുംബത്തിലുള്ളവർ വിരമിച്ച പ്രായം എന്നിവയും പരിഗണിക്കും. സാധാരണയായി മൂന്നു തലമുറ വരെയുള്ളവരുടെ വിവരങ്ങൾ ഇത്തരത്തിൽ പരിശോധിക്കാറുണ്ട്. 

 

പദവിയും സ്ഥാപനങ്ങളും 

ജെനോഗ്രാം പരിശോധനയ്ക്കുവേണ്ടി വിവരങ്ങൾ ശേഖരിക്കുന്നതാണ് കൗൺസലർമാർ നേരിടുന്ന വെല്ലുവിളികളി ലൊന്നാണ്. ഉയർ‌ന്ന പദവി വഹിച്ചവർ, മികച്ച ശമ്പളം വാങ്ങുന്നവർ, മികച്ച സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിങ്ങനെ കുടുംബത്തിലെ ഓരോ വ്യക്തിയെക്കുറിച്ചുമുള്ള വിവരങ്ങളാണു വേണ്ടത്. ഇവയിലൂടെ കുടുംബ പശ്ചാത്തലം മനസ്സിലാക്കുന്നതോടെ ഏതു തരത്തിലുള്ള കരിയറാണ് യോജിക്കുന്നതെന്ന നിഗമനത്തിലെത്താൻ കഴിയും. 

 

ജെനോഗ്രാമിന്റെ ആധികാരികത 

വിവരങ്ങൾ ശേഖരിച്ചതുകൊണ്ടുമാത്രം കൗൺസലർമാർക്ക് ശരിയായ നിഗമനത്തിൽ എത്താൻ കഴിയണമെന്നില്ല. വിവരങ്ങളെ പരസ്പരം ബന്ധിപ്പിച്ച് കൃത്യമായ വിലയിരുത്തിയാൽ മാത്രമേ കുടുംബത്തിലെ ട്രെൻഡും വ്യക്തിയുടെ അഭിരുചികളും മനസ്സിലാക്കാനാവൂ. ഓരോ വ്യക്തിയുടെയും ജെനോഗ്രാം വ്യത്യസ്തമാണെങ്കിലും കുടുംബത്തിന്റെ പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും കാര്യത്തിൽ വ്യക്തത വരുന്നത് ശരിയായ തീരുമാനത്തിലേക്കു നയിക്കും. എല്ലാവർക്കും കുടുംബത്തിന്റെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിയണമെന്നില്ല. ഇത്തരം സാഹചര്യങ്ങളിലുണ്ടാകുന്ന സംഘർഷങ്ങൾ കൂടി പരിഹരിച്ചുവേണം കരിയർ തിരഞ്ഞെടുക്കാൻ. ശരിയായ വിവരങ്ങൾ ലഭിക്കുകയും അവ കൃത്യമായി വ്യാഖ്യാനിക്കുന്നതിൽ വിജയിക്കുകയും ചെയ്താൽ ജെനോഗ്രാം പൂർണ വിജയമായേക്കാം. 

 

Conetent Summary : The Genogram as a Tool in Career Counseling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com