ബോസിനോടു വഴക്കിട്ടു രാജി വയ്ക്കണ്ടാ; ഗുഡ്ബുക്കിൽ കയറാം നയപരമായി പെരുമാറി

HIGHLIGHTS
  • മേലധികാരികളോടും സഹപ്രവർത്തകരോടും പ്രഫഷനൽ ബന്ധം സൂക്ഷിക്കണം.
  • വ്യത്യസ്ത സ്വഭാവക്കാരായ മേലധികാരികളോട് നയപരമായി നേരിടാം.
SHARE

‘ജോലി വളരെയിഷ്ടമാണ്, പക്ഷേ ജോലിസ്ഥലത്തെ സമ്മർദ്ദം താങ്ങാനാവാത്തതു കാരണം രാജിവച്ചാലോ എന്നാണ് ആലോചന.’ കരിയറിലെപ്പോഴെങ്കിലും ഇങ്ങനെ രാജിയെക്കുറിച്ചു ചിന്തിക്കാത്തവർ വിരളമായിരിക്കും. ബോസിന്റെ മുഖമൊന്നിരുണ്ടാൽ, വഴക്കുപറച്ചിൽ കേട്ടാൽ തളർന്നു പോകുന്ന തൊട്ടാവാടികൾക്ക് ജോലിയിൽ തുടരാൻ ബുദ്ധിമുട്ടു തന്നെയാകും. എന്നാൽ സമ്മർദങ്ങളെ അതിജീവിച്ച് ഓഫിസ് അന്തരീക്ഷത്തിൽ കുറച്ച് തന്മയത്വത്തോടെ പെരുമാറാൻ പഠിച്ചാൽ ജോലിയിൽ ദീർഘകാലം തുടരുക മാത്രമല്ല, അത്യാവശ്യം നല്ല കരിയർ വളർച്ച നേടുകയും ചെയ്യാം. 

Read Also : ഉറക്കെയുള്ള സംസാരമോ തർക്കമോ വേണ്ട, മിണ്ടാപ്പൂച്ചകൾക്ക് അവസരം നൽകാം; ഗ്രൂപ്പ് ഡിസ്കഷനിൽ സ്റ്റാറാക്കും

ജോലിസ്ഥലത്ത് മേലധികാരികളോടും സഹപ്രവർത്തകരോടും പ്രഫഷനൽ ബന്ധം സൂക്ഷിക്കണമെന്നു പറയാറുണ്ട്. എങ്കിലും ആരോടാണ് ഏറ്റവും നല്ല പ്രഫഷനൽ ബന്ധം കാത്തു സൂക്ഷിക്കേണ്ടതെന്ന് ചിലർക്കെങ്കിലും സംശയമുണ്ട്. നമ്മുടെ ഇമ്മീഡിയറ്റ് റിപ്പോർട്ടിങ് അതോറിറ്റിയായ ബോസ് എന്നാണ് അതിനുത്തരം. മാനേജ്മെന്റിനും തൊഴിലാളികൾക്കുമിടയിൽ മധ്യവർത്തികളായി പ്രവർത്തിക്കുന്ന ഒന്നിലധികം പേർ ഓരോ കമ്പനിയിലുമുണ്ടാകും. നെഗറ്റീവ് സ്വഭാവമുള്ളവരും പോസിറ്റീവ് സ്വഭാവമുള്ളവരും അക്കൂട്ടത്തിലുണ്ടാകും. സ്വഭാവമറിഞ്ഞ്, അവരുടെ പ്രതികരണത്തിൽ പ്രകോപിതരാകാതെ തഞ്ചത്തിൽ വേണം വ്യത്യസ്ത സ്വഭാവക്കാരായ മേലധികാരികളോട് ഇടപെടാൻ.  

angry-boss
Representative image- Photo Credit : gbbot/Shutterstock

പ്രധാനമായും മൂന്നു തരം സ്വഭാവമുള്ള പോസിറ്റീവ് ബോസുമാരും അഞ്ചു തരം സ്വഭാവമുള്ള നെഗറ്റീവ് ബോസുമാരുമാണ് ഒരു തൊഴിലിടത്തിലുള്ളത്. കീഴ്ജീവനക്കാരെ പ്രചോദിപ്പിക്കുന്ന പോസിറ്റീവ് ബോസുമാരെ പരിചയപ്പെടാം.

01. അതോറിറ്റേറ്റീവ് ശൈലി

positive-boss
Representative image. Photo Credit :NDAB Creativity/Shutterstock

അതോറിറ്റേറ്റീവ് എന്നു കേൾക്കുമ്പോൾ ആ വാക്കിൽ ഒരു നെഗറ്റിവിറ്റി ഉള്ളതായി തോന്നാം. പക്ഷേ വളരെ പോസിറ്റീവായ അർഥത്തിലാണ് ആ വാക്ക് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതോറിറ്റേറ്റീവ് ആയിട്ടുള്ള മേലധികാരികൾ ജീവനക്കാർക്ക് ജോലിയിൽ വേണ്ടത്ര സ്വാതന്ത്ര്യം നൽകും. ചെയ്യേണ്ട ജോലികളെക്കുറിച്ച് കൃത്യമായ ധാരണയുള്ള അവർ ജീവനക്കാരുടെ കഴിവിനനുസരിച്ച് ജോലികൾ വീതിച്ചു നൽകും. ജീവനക്കാർ ജോലി കൃത്യമായി നിർവഹിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയും സമയാസമയങ്ങളിൽ വേണ്ട പിന്തുണയും മാർഗ നിർദേശങ്ങളും നൽകി ആ ജോലി കൃത്യസമയത്ത് പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യും. നിർദേശങ്ങൾ വളരെ സൗമ്യമായി നൽകുകയും ജീവനക്കാരെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന സ്വാഭാവക്കാരായിരിക്കുമവർ. ഒപ്പമുള്ള ജീവനക്കാരെ അസ്വസ്ഥരാക്കുന്ന യാതൊരുവിധത്തിലുള്ള നടപടിയും ഇവരുടെ ഭാഗത്തു നിന്ന് ഒരിക്കലുമുണ്ടാവില്ല. ഇത്തരം പോസിറ്റീവ് സ്വഭാവമുള്ള മേലധികാരിക്കൊപ്പം എത്രനാൾ വേണമെങ്കിലും മടുപ്പില്ലാതെ ജോലി ചെയ്യാൻ സാധിക്കും. 

02. പാർട്ടിസിപ്പേറ്റിങ് ബോസസ്

supporting-boss
Representative image- Photo Credit : ANDRANIK HAKOBYAN/Shutterstock

ഈ ഗണത്തിൽപ്പെടുന്ന മേലധികൾ എല്ലാവരുടെയും തീരുമാനത്തിന് വിലകൽപ്പിക്കുന്നവരായിരിക്കും. അവർ ഒരു തീരുമാനമെടുക്കും മുൻപ് ടീമംഗങ്ങളെ വിളിച്ചു കൂട്ടി എല്ലാവരുടെയും അഭിപ്രായം കേട്ട ശേഷം അതിൽനിന്ന് ഏറ്റവും നല്ല അഭിപ്രായം എല്ലാവരുടെയും സമ്മതത്തോടു കൂടി സ്വീകരിക്കുകയും അതു വിജയകരമായി നടപ്പിലാക്കാൻ സഹായിക്കുകയും ചെയ്യും. എന്റെ അഭിപ്രായത്തിനും വിലയുണ്ട്, അംഗീകാരമുണ്ട്, സ്വീകാര്യതയുണ്ട് എന്ന തോന്നൽ ജീവനക്കാർക്കുണ്ടാകുന്ന തരത്തിൽ മാത്രമേ ഇത്തരം മേലധികാരികൾ പെരുമാറൂ. ഇത് ജീവനക്കാർക്കിടയിൽ വിശ്വാസ്യത കൂട്ടും.  

03. ലെയ്സസ് ഫെയർ സ്റ്റൈൽ

ഇത്തരത്തിലുള്ള മേധാവികൾ കീഴ്ജീവനക്കാർക്ക് തീരുമാനങ്ങളെടുക്കാനും ജോലി ചെയ്യാനുമുള്ള പൂർണ സ്വാതന്ത്ര്യം നൽകും. ജീവനക്കാരുടെ ജോലികളിൽ അനാവശ്യമായി ഇടപെടില്ല. ഈ രീതിയിൽ തീരുമാനമെടുക്കുന്നതും അത് നടപ്പിലാക്കുന്നതും അതിന്റെ റിസൽറ്റ് കൊണ്ടുവരുന്നതുമെല്ലാം ജീവനക്കാർ തന്നെയായിരിക്കും. ജോലിയുടെ റിസൽറ്റ് പോസിറ്റീവാണെങ്കിൽ അതിന്റെ ക്രെഡിറ്റ് അവർ ടീമംഗങ്ങൾക്ക് തന്നെ കൊടുക്കും. നെഗറ്റീവ് ആണെങ്കിൽ  ആ ഉത്തരവാദിത്തത്തിന്റെ ഒരു പങ്ക് ഏറ്റെടുക്കും. അതാണ് ലെയ്സസ് ഫെയർ സ്റ്റൈൽ ഗണത്തിൽപ്പെടുന്ന മാനേജർമാരുടെ പ്രത്യേകത. 

boss-share-ideas
Representative image. Photo Credit : GaudiLab/Shutterstock

കീഴ്ജീവനക്കാർക്ക് തീരുമാനമെടുക്കാം, ജോലി ചെയ്യാം, റിസൽറ്റ് കൊണ്ടു വരാം. പക്ഷേ ബോസ് എപ്പോഴും നമ്മുടെ കൂടെത്തന്നെയുണ്ടാകും. അത്തരത്തിലുള്ള മാനേജർമാരുടെ കീഴിൽ ജോലി ചെയ്യുന്ന ആളുകൾക്ക് അറിവും ആത്മവിശ്വാസം വർധിക്കും. ലീഡർഷിപ് ക്വാളിറ്റിയുമുണ്ടാകും. അവർക്ക് കരിയർ ഗ്രോത്ത് ഉണ്ടാവുകയും ചെയ്യും.

ഇത് മൂന്നു സ്വഭാവമുള്ളവരും പോസിറ്റീവ് മേലധികാരികൾ തന്നെയാണ്. ചിലപ്പോൾ ഒരു വ്യക്തി തന്നെ പലതരത്തിലുള്ള സ്വഭാവം പ്രകടിപ്പിച്ചേക്കാം. പക്ഷേ അവരുടെ കീഴ്ജീവനക്കാർ അവരുടെയൊപ്പം മിക്കവാറും ഉണ്ടാകും. പരസ്പര വിശ്വാസം ഈ മൂന്നു സ്വഭാവക്കാരിലും അവരുടെ കീഴ്ജീവനക്കാരിലും കാണാൻ കഴിയും.  

boss-reject
Representative image- Photo Credit : fizkes/Shutterstock

നെഗറ്റീവ് സ്വഭാവമുള്ള മേലധികാരികളും തൊഴിലിടങ്ങളിലുണ്ട്. ശ്രദ്ധിച്ച് ഇടപെട്ടാൽ അത്തരക്കാർക്കൊപ്പവും ജോലി ചെയ്യാനാകും. അഞ്ചു തരം സ്വഭാവമുള്ള നെഗറ്റീവ് ബോസുമാരെപ്പറ്റി പറയാം.

 01. റേജിങ് ബുൾ (കുത്താൻ വരുന്ന കാള)

‘ഇങ്ങോട്ടൊന്നും പറയണ്ടാ, ഞാൻ പറഞ്ഞതങ്ങ് അനുസരിച്ചാൽ മതി’ എന്ന മട്ടിൽ പെരുമാറുന്ന ബോസാണ് ഇത്തരക്കാർ. സ്വേച്ഛാധിപത്യ മനോഭാവം പുലർത്തുന്ന ഇവർ ടീമംഗങ്ങളുടെ അഭിപ്രായം കേൾക്കുന്ന പതിവില്ല. തിരിച്ചെന്തെങ്കിലും പറയാനുള്ള സാവകാശമോ സ്വാതന്ത്ര്യമോ ടീമംഗങ്ങൾക്കു കൊടുക്കില്ല. മറ്റുള്ളവരുടെ മുന്നിൽ വച്ചുപോലും കീഴ്ജീവനക്കാരെ വിമർശിക്കാൻ ഇവർക്കു മടിയില്ല. ഈഗോ ലെവൽ വളരെ കൂടുതലുള്ള, മേധാവിത്വ സ്വഭാവം പുലർത്തുന്ന ഇത്തരം മേലധികാരികളോടൊപ്പം ജോലി ചെയ്യാൻ കീഴ്ജീവനക്കാർ വല്ലാതെ ബുദ്ധിമുട്ടാറുണ്ട്. ഒരു തരത്തിലും യോജിച്ചു പോകാൻ സാധിക്കാത്ത തരത്തിലുള്ള പെരുമാറ്റം കാരണം പലയാളുകളും ഇവരുടെ കീഴിൽനിന്ന് ജോലി രാജിവയ്ക്കാറുണ്ട്.

shouting-boss
Representative image- Photo Credit : fizkes/Shutterstock

ദൗർബല്യങ്ങളിൽ പിടിച്ചു കയറാം

മറ്റുള്ളവരുടെ മുന്നിൽ വച്ച് ഇവർ ഒച്ചയുയർത്തി സംസാരിക്കുമ്പോൾ അതേ നാണയത്തിൽ കീഴ്ജീവനക്കാർ മറുപടി പറയുമ്പോഴാണ് ഇവരുടെ ഈഗോ വർധിക്കുന്നതും അതൊരു തുറന്ന വഴക്കിലേക്ക് എത്തുന്നതും. ഇത്തരക്കാർ പരുക്കനായി പെരുമാറുമ്പോൾ വൈകാരികമായി പ്രതികരിക്കാതെ നയപരമായി പെരുമാറാൻ ശ്രമിക്കാം. അവർ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന്, തർക്കിക്കാതെ സമ്മതിക്കാം. ഇങ്ങനെ ചെയ്താൽ കാലക്രമേണെ ഇത്തരക്കാർക്ക് ടീമംഗങ്ങളോട് അടുപ്പം തോന്നുകയും അവരെ ആവശ്യമില്ലാതെ വിമർശിക്കുന്ന പ്രവണത അവസാനിപ്പിക്കുകയും ചെയ്യും. പെട്ടെന്ന് പ്രകോപിതരാകുന്ന, വൈകാരികമായി പ്രതികരിക്കുന്ന ആളുകൾക്ക് ഇത്തരം മേധാവികളുമായി യോജിച്ചുപോകാൻ പ്രയാസമാണെങ്കിലും പ്രതികരണ രീതിയിൽ മാറ്റം കൊണ്ടുവരാൻ സാധിച്ചാൽ‍ വലിയ പ്രശ്നങ്ങളില്ലാതെ ജോലിയിൽ തുടരാം. 

02. ഇൻസെക്യുർ ബോസ്

credit
Representative image- Photo Credit : Sjale/Shutterstock

സോപ്പിടുന്ന കാര്യത്തിൽ ഇവരെ വെല്ലാൻ ആരുമില്ല. വളരെ സൗമ്യമായി പെരുമാറി കീഴ്ജീവനക്കാരെക്കൊണ്ട് ജോലികളൊക്കെ വളരെ ഭംഗിയായി ചെയ്യിക്കും. അതേസമയം ജോലിയുടെ ക്രെഡിറ്റ് സ്വന്തമാക്കുകയും ചെയ്യും. കീഴ്ജീവനക്കാർ കഴിവുകൊണ്ട് ഉയർന്നു വന്നാൽ തന്റെ സ്ഥാനം നഷ്ടപ്പെട്ടു പോകുമോയെന്ന ഭയമാണ് അവരെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത്. ഈ അരക്ഷിതബോധം കൊണ്ടു തന്നെ ഇൻസെക്യുർ എന്നാണ് ഇവർ അറിയപ്പെടുന്നത്. 

03. വർക്ക്‌ഹോളിക്

കഠിനാധ്വാനി എന്ന അർഥത്തിലല്ല, എപ്പോഴും നെഗറ്റീവ് സ്വഭാവമുള്ളവർ എന്ന അർഥത്തിലാണ് ഇത്തരം ബോസുമാരെ വർക്ഹോളിക്ക് എന്നു വിളിക്കുന്നത്. ഇത്തരം മേലധികാരികൾ എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കും. പക്ഷേ അവർക്കു തന്നെ അറിയില്ല അവരെന്താണ് ചെയ്യുന്നതെന്ന്. പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെ വെറുതെ ജോലി ചെയ്യും. ചെയ്യുന്ന ജോലികൾക്ക് വേണ്ടത്ര പ്രയോജനം ലഭിക്കുകയുമില്ല. ഇത്തരക്കാർ അവരുടെ കീഴ്ജീവനക്കാരെയും അങ്ങനെ ജോലി ചെയ്യാൻ നിർബന്ധിച്ചുകൊണ്ടിരിക്കും. ജീവനക്കാരെക്കൊണ്ട് അങ്ങനെ ജോലിചെയ്യിക്കുന്ന മേലധികാരികളെ വർക്ക് ഹോളിക് നെഗറ്റീവ് ബോസ് എന്നാണ് പറയുന്നത്. പലപ്പോഴും ഇത്തരം മേലധികാരികൾ ഓഫിസ് സമയം കഴിഞ്ഞും ജോലി ചെയ്യാൻ ജീവനക്കാരെ നിർബന്ധിക്കും. ഓഫിസ് സമയം കഴിയുന്നതിനു തൊട്ടു മുൻപ് മെയിൽ അയയ്ക്കുക, ഇന്ന സ്ഥലത്തേക്ക് ഇത്ര മണിക്ക് മുൻപ് ചെല്ലാൻ പറയുക, അത്യാവശ്യ ജോലിയല്ലെങ്കിലും അതു തീർത്തിട്ട് ഓഫിസിൽനിന്നു പോയാൽ മതി എന്ന് നിർബന്ധം പിടിക്കുക മുതലായ കാര്യങ്ങൾ ചെയ്യാറുണ്ട്. ഇത്തരം പെരുമാറ്റത്തെത്തുടർന്ന് കീഴ്ജീവനക്കാർ അസ്വസ്ഥരാകാറുണ്ട്. ഇത്തരക്കാരുടെയും അവരുടെ കീഴ്ജീവനക്കാരുടെയും ജീവിതത്തിൽ വർക്ക്–ലൈഫ് ബാലൻസ് ഉണ്ടാവാറില്ല. ടൈം മാനേജ്മെന്റിന് യാതൊരു പ്രസക്തിയും ഇത്തരക്കാരുടെ ജീവിതത്തിലുണ്ടാവില്ല.

workaholic
Representative image- Photo Credit : Kateryna Onyshchuk/Shutterstock

തുറന്നു പറയാം മാന്യമായി

ബോസിന്റെ ഈ സ്വഭാവം മനസ്സിലാക്കിത്തുടങ്ങുന്ന സമയത്തു തന്നെ മാന്യമായി തുറന്ന രീതിയിൽ ആശയവിനിമയം നടത്തണം. നൽകുന്ന ജോലികൾ വേഗത്തിൽ ചെയ്തു തീർത്തതിനു ശേഷവും ജോലിസമയം കഴിഞ്ഞും ഓഫിസിൽ സമയം ചെലവിടേണ്ടി വരുമ്പോൾ വർക്ക്–ലൈഫ് ബാലൻസിനെ ബാധിക്കുമെന്ന ആശങ്ക അവരോട് തുറന്നു പങ്കുവയ്ക്കാം. ജോലി ചെയ്ത മണിക്കൂറുകളല്ല പ്രസക്തമെന്നും  ചെയ്ത ജോലിയുടെ റിസൽറ്റാണെന്നും സാവധാനം അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക. ഏൽപിച്ച ജോലികളെല്ലാം ജോലി സമയം തീരുന്നതിനു മുൻപ് കൃത്യമായി ചെയ്യുന്നുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുക. വർക്ക്–ലൈഫ് ബാലൻസ് പ്രൊഡക്റ്റിവിറ്റി വർധിപ്പിക്കാനേ ഉപകരിക്കൂവെന്ന് അവരോട് പറയാം. തുടക്കത്തിൽത്തന്നെ ഇത്തരം കാര്യങ്ങൾ തുറന്നു സംസാരിച്ചില്ലെങ്കിൽ കാലക്രമേണെ കീഴ്ജീവനക്കാരന് സമ്മർദ്ദം അധികരിക്കുകയും അത് ബോസുമായുള്ള ബന്ധം വഷളാകാൻ കാരണമാവുകയും ചെയ്യും. ആ ജോലി ഉപേക്ഷിക്കാൻ പോലും കീഴ്ജീവനക്കാരൻ തീരുമാനിക്കാൻ ഇത്തരം സന്ദർഭങ്ങൾ ഇടവരുത്തും. 

04.  സ്റ്റിക്കി ബോസ്

ഈ ഗണത്തിൽപ്പെടുന്ന മേലധികാരികളെ ഒരു തീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാൻ പ്രയാസമായിരിക്കും. പിടിവാശിക്കാരായ ഇവർ കീഴ്ജീവനക്കാരുടെ തീരുമാനങ്ങളെ അംഗീകരിക്കില്ല. സ്ഥാപനത്തിന് പ്രയോജനം ചെയ്യുന്ന കാര്യങ്ങൾ പറഞ്ഞാൽപോലും അത് കമ്പനിയുടെ പോളിസിക്കെതിരാണെന്ന് പറഞ്ഞ് അത്തരക്കാർ കീഴ്ജീവനക്കാരുടെ വായടപ്പിക്കും. റൂൾ ബുക്ക് നോക്കി മാത്രം ജോലി ചെയ്യുന്നവരാണ് ഇക്കൂട്ടർ. സാഹചര്യത്തിനനുസരിച്ച് അവർ പ്രതികരിക്കില്ല. ഈ സ്വഭാവം കാരണം ചെയ്യേണ്ട പല നല്ല കാര്യങ്ങളും ചെയ്യാതെ വരികയും കൂടെയുള്ളവർ ഡീമോട്ടിവേറ്റഡ് ആകുകയും ചെയ്യും.

sticky-boss
Representative image- Photo Credit : eldar nurkovic/shutterstock

പരീക്ഷണങ്ങൾ വിജയിച്ച അനുഭവങ്ങൾ പങ്കുവയ്ക്കാം

സ്റ്റിക്കി ബോസിനോട് ഒരു കാര്യം പറയുമ്പോൾ, നിങ്ങൾ നിർദേശിച്ച കാര്യം മുൻപ് വിജയകരമായി നടത്തിയതിനെക്കുറിച്ച് ഉദാഹരണ സഹിതം വ്യക്തമാക്കാം. ഒന്നോ രണ്ടോ വട്ടം പറഞ്ഞതുകൊണ്ടു മാത്രം അവരത് ഉൾക്കൊള്ളണമെന്നില്ല. അതുകൊണ്ട് തുടർച്ചയായി പറയേണ്ടി വരും. റൂൾ ബുക്കിൽ ഇല്ലാത്ത കാര്യം ചെയ്തു കഴിഞ്ഞാൽ ഇവിടെ മുഴുവൻ പ്രശ്നം ഉണ്ടാകുെമന്നുള്ള തെറ്റായ ചിന്ത കൊണ്ടാണ് ഇവർ വിചിത്രമായി പെരുമാറുന്നത്. പക്ഷേ പുതിയ പരീക്ഷണങ്ങളിലൂടെ കടന്നു പോവുകയും അതിനൊരു പ്രയോജനം കിട്ടുകയും ചെയ്താൽ ഇത്തരം മേലധികാരികൾ മുന്നോട്ടുള്ള നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനും സാധ്യതയുണ്ട്. 

05.  കയോട്ടിക് ബോസ് 

കയോട്ടിക് ബോസ് എന്ന പേരിൽ തന്നെ അതിന്റെ അർഥം ഉണ്ട്. ഇത്തക്കാർക്ക് അവരുടെ ടീമിനെക്കുറിച്ചോ ചെയ്യുന്ന ജോലിയെക്കുറിച്ചോ യാതൊരു ധാരണയുമുണ്ടാവില്ല. അതുകൊണ്ടുതന്നെ വളരെ സ്വാഭാവികമായിട്ടായിരിക്കും അവർ എല്ലാവരോടും പെരുമാറുന്നത്. ധൈര്യമായി ജോലി ചെയ്തോളൂ, എന്തു വന്നാലും ഞാൻ ഒപ്പമുണ്ട് എന്നൊക്കെയുള്ള ഉറപ്പ് കീഴ്ജീവനക്കാർക്ക് നൽകി അവരെക്കൊണ്ട് ഭംഗിയായി ജോലി ചെയ്യിക്കും. 

team-meeting
Representative image- Photo Credit : fizkes/Shutterstock

ജോലി നന്നായെന്ന് അഭിപ്രായം വന്നാൽ അതിന്റെ ക്രെഡിറ്റ് പങ്കിടാൻ അവർ മുന്നിലുണ്ടാകും. പാളിച്ച വന്നാൽ ഉത്തരവാദിത്തം ഏറ്റെടുക്കുകയുമില്ല. രസകരമായ സംഗതിയെന്താണെന്നു വച്ചാൽ ഇതെല്ലാം ചെയ്യുമ്പോഴും ശരിക്കും അവിടെയെന്താണ് നടന്നതെന്ന് അവർക്ക് യാതൊരു ധാരണയുമുണ്ടാകില്ല. 

അനുവാദം ഔദ്യോഗികമായിത്തന്നെ വാങ്ങാം

കയോട്ടിക് മാനേജർമാരുടെ കീഴില്‍ ജോലി ചെയ്യുകയാണെങ്കിൽ നിങ്ങൾ ചെയ്യാൻ പോകുന്ന കാര്യമെന്താണെന്ന് ഔദ്യോഗിക മെയിലിലൂടെയോ മെസേജിലൂടെയോ ഇവരെ കൃത്യമായി ബോധ്യപ്പെടുത്തണം. സാധിക്കുമെങ്കിൽ ഇവരുടെ പ്രതികരണം ഔദ്യോഗികമായിത്തന്നെ മെയിൽ ആയോ മെസേജ് ആയോ തിരികെ വാങ്ങാം. അനുവാദം ഔദ്യോഗികമായി ലഭിച്ച ശേഷം ആ ജോലി ചെയ്യാൻ തുടങ്ങുന്നതാണ് നല്ലത്.

Content Summary : Career- Column- Mentor Spark Career Snippet- Dr. Ajith Sankar talks about Professional and Effective Ways to Deal with different kinds of bosses

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS