ADVERTISEMENT

അവസരങ്ങൾ ലഭിച്ചാലേ കഴിവുകൾ എന്തൊക്കെയാണെന്നു തിരിച്ചറിയാനും അത് വികസിപ്പിക്കാനും വിദ്യാർഥികൾക്ക് കഴിയൂ. അതിന് അവസരമൊരുക്കേണ്ടത് അധ്യാപകരും മാതാപിതാക്കളുമാണ്. വിദ്യാർഥിയായിരുന്ന സമയത്ത് തനിക്ക് അത്തരമൊരു അവസരം ഒരുക്കിത്തന്ന പ്രിയപ്പെട്ട അധ്യാപികയെക്കുറിച്ചുള്ള ഓർമകൾ ‘ഗുരു സ്മൃതി’ എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുകയാണ് ഇ.കെ ജയൻ പാടൂർ.

Read Also : ‘ഈ വരുന്ന ആളിന് വയറു നിറച്ചു ദോശ കൊടുക്കണം’; ചാക്കോ മാഷിന്റെ കുറിപ്പടി വിശപ്പിനെ ജീവിതത്തിന്റെ പടിയിറക്കി വിട്ടു

ഡോ. രാജേശ്വരി കുഞ്ഞമ്മ ടീച്ചർ. കേരളവർമ്മ കോളേജിലെ എന്റെ ബിരുദ പഠന കാലത്തെ ഫിലോസഫി ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെന്റും എന്റെ പ്രിയപ്പെട്ട ടീച്ചറുമാണ്. പഠനകാലത്ത് എന്നെ ടീച്ചറിന് പരിചയപ്പെടുത്തിയത്. പിൽക്കാലത്ത് കേരളത്തിലെ എം എൽ .എ യും മന്ത്രിയുമൊക്കെയായ ഒരു വ്യക്തിയാണ്. അദ്ദേഹത്തെയും ടീച്ചർ പഠിപ്പിച്ചിട്ടുണ്ട്. 

പരിചയപ്പെടലിനിടയിൽ ടീച്ചർ പറഞ്ഞു. ‘ ഇവനെ എനിക്കറിയാം. പ്രീഡിഗ്രിക്ക് നിന്റെ പാർട്ടിയിൽ ഇലക്ഷന് നിന്ന്  പിഡിസി റെപ് ആയി ജയിച്ചിട്ടുള്ളയാളല്ലേ.  ഇവനും നിന്നെപ്പോലെ രാഷ്ട്രീയമാകും മുഖ്യം.’ എന്നു പറഞ്ഞ് ടീച്ചറെന്നെ ക്ലാസിലേക്ക് ക്ഷണിച്ചു. എത്രയോ ഉന്നതരായ വ്യക്തികളേയും ഒന്നുമാകാതെ പോയ എന്നെപ്പോലുള്ളവരേയും ടീച്ചർ പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ എല്ലാവരെയും ടീച്ചർ ഒരുപോലെ ഇപ്പോഴും സ്നേഹിക്കുന്നുണ്ട്. കോളേജിൽ പഠിക്കുന്ന കാലത്ത് ഭീഷണിയുടെ സ്വരത്തിലാണ് സംസാരിക്കുക. പിന്നെ അത് തമാശയ്ക്ക് വഴിമാറും. ടീച്ചറിന്റെ വീട്ടിൽ കൗൺസിലിങ്ങിനു വരുന്നവരുടെ പ്രശ്നങ്ങൾ, പൊലീസ് ക്യാംപിലും ജയിലിലുമൊക്കെ സൈക്കോളജി ക്ലാസെടുക്കാൻ പോകുന്ന കാര്യങ്ങൾ ഒക്കെ പറയും.

ഒരു ദിവസം ടീച്ചർ ഞങ്ങളിരുന്ന മരച്ചുവട്ടിലേക്ക് വന്നു. എന്നെ നീട്ടി ഒരു പേര് വിളിച്ചു. (എന്റെ പേരല്ല) ക്ലാസിൽ കയറാതെ ഉഴപ്പുന്നവരെ വിളിക്കുന്ന പേരാണ്. അത്യധികം വിനയത്തോടെ ടീച്ചറുടെ അരികിലെത്തിയ എന്നോട് പറഞ്ഞു. ‘‘നാളെ സെമിനാറുണ്ട് രാവിലെ മുതൽ അവിടെ ഉണ്ടാകണം. വലിയ പ്രഗത്ഭരായ ആളുകളാണ് വരുന്നത്. അവരുടെ പ്രസംഗം കഴിഞ്ഞാൽ അതിനെക്കുറിച്ച് കുറച്ച് ചോദ്യങ്ങളൊക്കെ ചോദിക്കണം. ഞാനാ കിരൺ പോളിനോടും പറഞ്ഞിട്ടുണ്ട്’. ഇത്രയും പറഞ്ഞ് എന്റെ കൂടെയുണ്ടായിരുന്ന ഹാരിസിനെ നോക്കി. കണ്ണുരുട്ടിക്കൊണ്ട് ചോദിച്ചു. ‘അപ്പോൾ നീയാണല്ലേ ഇവന്റെ കൂട്ട്. ഇവൻ ഫിലോസഫി ഡിപ്പാർട്ട്മെന്റ് അല്ലെങ്കിലും ഇവനെക്കൂടി സെമിനാറിന് കൂട്ടിക്കോ’ എന്നും പറഞ്ഞു. ‘ശരി ടീച്ചർ’എന്ന് സമ്മതം മൂളി ഞങ്ങൾ കുറച്ചു ദൂരം ടീച്ചറിനെ അനുഗമിച്ചു. ഹാരിസിനോട് രാവിലെ 9.30 ന് തന്നെ സെമിനാർ ഹോളിലെത്താൻ ഓർമിപ്പിച്ച ശേഷം ഞാൻ മടങ്ങി.

Read Also : പത്താം ക്ലാസ്സ്‌ എങ്ങനെ പാസ്സാകും എന്ന് വിഷമിച്ച കുട്ടിയെ സ്കൂൾ ടോപ്പർ ആക്കിയ ജോജി ടീച്ചർ

രാവിലെ നേരത്തേ സെമിനാർ ഹാളിൽ ചെന്നപ്പോൾ ചിഞ്ചുവും ശ്രീലക്ഷ്മിയുമൊക്കെ അവിടെയുണ്ട്. ‘ഇതെന്താ പതിവില്ലാതെ രാവിലെ വന്നത്’ എന്ന ചോദ്യം അവരുടെ മുഖത്തു നിന്ന് വായിച്ചെടുക്കാമായിരുന്നു. അച്ചടക്കമുള്ള വിദ്യാർഥിയായി സെമിനാർ ഹാളിൽ ചെന്നിരുന്നു. ടി.എൻ ഗോപകുമാർ , ഡോ.സൈജു പോൾ തുടങ്ങി പ്രഗത്ഭരായ കുറേ വ്യക്തികൾ പ്രസംഗിച്ചു. പിന്നെ ചോദ്യത്തരവേളയുടെ സമയമായി. ഞാനും  കിരൺ പോളും സംശയങ്ങൾ ചോദിച്ചു. ചർച്ചക്കിടയിൽ ഞാൻ ഇടയ്ക്കിടെ  സ്റ്റേജിലിരിക്കുന്ന ടീച്ചറിന്റെ മുഖത്തേക്ക് നോക്കും ഏറെ അഭിമാനത്തോടെ ടീച്ചർ ഇരിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി.  പരിപാടി കഴിഞ്ഞ് പുറത്തിറങ്ങി ടീച്ചറുടെ അടുത്തെത്തി പേടിയോടെ ചോദിച്ചു. ‘ഞങ്ങളുടെ ചോദ്യങ്ങളിൽ കുഴപ്പങ്ങളൊന്നുമില്ലാരുന്നല്ലോ?’ അപ്പോഴാണ് ടീച്ചറുടെ മാസ് മറുപടി. ‘ ചോദ്യങ്ങളെല്ലാം നന്നായിരുന്നു. എല്ലാവരും മനസ്സിലാക്കട്ടെ എന്റെ കുട്ടികൾ മിടുക്കൻമാരാണെന്ന്’’.

ഓർക്കാൻ ഇപ്പോഴും ഇഷ്ടമുള്ള കാര്യങ്ങളിൽ ഒന്നാണ് ആ സംഭവം. പഠനകാലത്ത്  സൈക്കോളജി ക്ലാസിൽ മുടങ്ങാതെ കയറാൻ ശ്രമിക്കാറുണ്ടായിരുന്നു. അതൊരു ഊർജ്ജമാണ്. വൈദ്യുതി പോലെ നമ്മളിലേക്കത് പ്രവഹിക്കും. ആ പ്രവാഹത്തെ നമുക്ക് നേരിട്ട്  കാണാൻ കഴിയില്ല. പക്ഷേ വൈദ്യുതിയാൽ പ്രകാശം വിടർത്തി ബൾബുകൾ കത്തുന്നതുപോലെ അത് എന്നും പ്രകാശിച്ചുകൊണ്ടിരിക്കും. നിശ്ചലമായിരിക്കുന്ന ഫാനുകൾ വേഗത്തിൽ കറങ്ങുന്നതു പോലെ നമ്മുടെ ജീവിതത്തേയും അത് വേഗം ചലിപ്പിച്ചുകൊണ്ടിരിക്കും. പ്രതിസന്ധികളെ നേരിടുമ്പോൾ കരുത്ത് പകരുന്നത് കേരളവർമ്മയിലെ ഫിലോസഫി ക്ലാസിലെ അനുഭവങ്ങളും വിദ്യാർഥി സംഘടന പ്രവർത്തനത്തിലെ അറിവും  കുഞ്ഞമ്മ ടീച്ചറെ പോലുള്ള മാതൃതുല്യരായ അധ്യാപകരുടെ അനുഗ്രഹവും കൊണ്ടാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട ടീച്ചർക്ക് ആയുരാരോഗ്യങ്ങൾ നേരുന്നു.

Content Summary : Career Column Guru smrithi - E.K Jayan Padoor Talks about his favorite teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com