ADVERTISEMENT

ചന്ദ്രയാൻ 3 വിജയത്തോടെ പൂർണചന്ദ്രനുദിച്ച ആവേശത്തിലാണ് സ്പേസ് സ്റ്റാർട്ടപ്പുകളും. ഇന്ത്യയിൽ ബഹിരാകാശ രംഗത്തേക്കു സ്വകാര്യമേഖലയെയും സ്വാഗതം ചെയ്തതോടെയാണ് സ്പേസ് സ്റ്റാർട്ടപ്പുകൾ സജീവമായത്. ഹൈദരാബാദ് ആസ്ഥാനമായ സ്കൈറൂട്ട് എയ്‌റോസ്‌പേസ് എന്ന കമ്പനി കഴിഞ്ഞകൊല്ലം ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം–എസ് വിക്ഷേപിച്ചത് ഈ രംഗത്തെ നാഴികക്കല്ലായി. ഇക്കൊല്ലം ജൂലൈയിൽ സ്പേസ്ടെക് സ്റ്റാർട്ടപ്പുകൾക്കുള്ള ജിഎസ്ടി 0% ആക്കിയത് ഈ മേഖലയിലെ കുതിച്ചുചാട്ടത്തിനു മറ്റൊരു വഴിമരുന്നായി. നിലവിൽ 140 ബഹിരാകാശ സ്റ്റാർട്ടപ്പുകൾ ഐഎസ്ആർഒയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കൊല്ലം ജനുവരിയിലുണ്ടായ മൈക്രോസോഫ്റ്റ് – ഐഎസ്ആർഒ കൂട്ടുകെട്ടും ഇന്ത്യയിലെ സ്‌പേസ്‌ടെക് സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്കു വേഗം കൂട്ടി. കേന്ദ്ര വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യ ബ്രാൻഡ് ഇക്വിറ്റി ഫൗണ്ടേഷന്റെ 2022ലെ പഠനറിപ്പോർട്ട് പ്രകാരം 2020ൽ ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ പങ്ക് 2.1% ആണ്. ഏതാണ്ട് 1000 കോടി ഡോളർ (82,000 കോടി രൂപ). സ്വകാര്യമേഖല കൂടി സജീവമാകുന്നതോടെ ഈ വിപണിവിഹിതത്തിൽ കാര്യമായ വർധന പ്രതീക്ഷിക്കാം. ഇത് ഈരംഗത്തു കൂടുതൽ തൊഴിലവസരങ്ങൾക്കും വഴിയൊരുക്കും.

Read Also : ഐഎസ്ആർഒയിൽ ജോലി വേണോ?; ഈ കോഴ്സുകൾ പഠിക്കാം

റോക്കറ്റ് മുതൽ സാറ്റലൈറ്റ് വരെ
ബഹിരാകാശ രംഗത്ത് ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ വരവ് ലോകത്തെ ആദ്യം അറിയിച്ചത് സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് തന്നെ. സ്പേസ് കിഡ്സ് ഇന്ത്യ, എൻ സ്പേസ് ടെക് തുടങ്ങിയവയുടെ ഉപഗ്രഹങ്ങളും ഇവർ വിക്ഷേപിച്ച വിക്രം–എസ് റോക്കറ്റിലുണ്ടായിരുന്നു. സ്കൈറൂട്ട് ഇതുവരെ 66 ദശലക്ഷം ഡോളറിലധികം (ഏകദേശം 540 കോടിയിലേറെ രൂപ) നിക്ഷേപം സമാഹരിച്ചു. ഒരു ഇന്ത്യൻ സ്പേസ് സ്റ്റാർട്ടപ് സമാഹരിക്കുന്ന ഏറ്റവും ഉയർന്ന തുക. മറ്റൊരു ഹൈദരാബാദ് സ്റ്റാർട്ടപ്പായ ധ്രുവ സ്പേസ് നിർമിച്ച തൈബോൾട്ട്-1, തൈബോൾട്ട്-2 നാനോ ഉപഗ്രഹങ്ങൾ ഇന്ത്യയിൽനിന്നു വിക്ഷേപിച്ച ആദ്യ തദ്ദേശനിർമിത സ്വകാര്യ ഉപഗ്രഹങ്ങളായി. സ്വകാര്യ വിക്ഷേപണവാഹനങ്ങൾ വികസിപ്പിക്കാനായി ഐഐടി മദ്രാസ് പൂർവ വിദ്യാർഥികളും അധ്യാപകനും ചേർന്ന് ആരംഭിച്ച സ്റ്റാർട്ടപ്പാണ് ‘അഗ്നികുൽ കോസ്മോസ്’. ദ്രവ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ആദ്യ സ്വകാര്യ റോക്കറ്റ് ‘അഗ്നിബാൺ സോർട്ടഡ്’ ഇവർ ഉടൻ വിക്ഷേപിക്കും. ഇക്കഴിഞ്ഞ പ്ലേസ്മെന്റ് സീസണിൽ ഐഐടി മദ്രാസിൽനിന്നു വൻതോതിൽ റിക്രൂട്മെന്റ് നടത്തിയ കമ്പനികളുടെ കൂട്ടത്തിൽ അഗ്നികുൽ കോസ്മോസും ഉണ്ടായിരുന്നു. ഗൂഗിൾ നിക്ഷേപം നടത്തിയ ബെംഗളൂരു ആസ്ഥാനമായുള്ള ‘പിക്സൽ’ അടുത്തവർഷം 6 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ പദ്ധതിയിടുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള മറ്റൊരു സ്റ്റാർട്ടപ്പായ ‘ബെല്ലാട്രിക്സ് എയ്‌റോസ്‌പേസ്’ ഉപഗ്രങ്ങൾക്കായി ചെറിയ ത്രസ്റ്റർ എൻജിനുകൾ വികസിപ്പിക്കാനുള്ള പദ്ധതിയിലാണ്. വസുന്ധര ജിയോ ടെക്നോളജീസ്, ഓമ്നിപ്രസന്റ് റോബട്ട് ടെക്നോളജീസ്, ന്യൂസ്‌പേസ് റിസർച് ആൻഡ് ടെക്‌നോളജീസ്, കാവ സ്പേസ്, അസ്ട്രോഗേറ്റ് ലാബ്സ്, ആദ്യ എയ്റോസ്പേസ് തുടങ്ങിയവയാണ് ഇന്ന് ഇന്ത്യൻ സ്റ്റാർട്ടപ് മേഖലയിലെ മറ്റു പ്രമുഖർ. 2025ന് അകം ഇന്ത്യൻ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ 1300 കോടി ഡോളറിന്റേതായി വളരുമ്പോൾ അതിൽ സ്വകാര്യമേഖലയ്ക്കും ചെറുതല്ലാത്ത പങ്കുണ്ടാകുമെന്ന് ഇന്ത്യൻ സ്പേസ് അസോസിയേഷൻ ഡയറക്ടർ ജനറൽ ലഫ്. ജനറൽ എ.കെ.ഭട്ട് ചൂണ്ടിക്കാട്ടുന്നു.

ചന്ദ്രയാൻ 3 യുട്യൂബിലും 'ഫസ്റ്റ്’ – വിഡിയോ കാണാം
 

Content Summary : Success Story of Space Startup Agnikul Cosmos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com