ADVERTISEMENT

1) ഞങ്ങൾ ഇടുക്കി ജില്ലയിലെ സാമ്പത്തികശേഷി തീരെ കുറഞ്ഞ പെൺകുട്ടികളാണ്. നഴ്സിങ് ബിരുദമാണു സ്വപ്നം. കുറഞ്ഞ ചെലവിൽ പഠന സൗകര്യമുണ്ടോ ?

Read Also : പ്ലാന്റ് ഹെൽത്ത് മാനേജ്മെന്റ് പ്രോഗ്രാമുകൾ: അപേക്ഷ 30 വരെ

ഉത്തരം: ഉണ്ട്. സമർഥരായ പെൺകുട്ടികൾക്കു സൗജന്യമായി താമസസൗകര്യവും ഭക്ഷണവും യൂണിഫോമും നൽകി, സ്‌റ്റൈപൻഡോടെ ബിഎസ്‌സി നഴ്‌സിങ് പഠനവും തുടർന്ന് സായുധ സേനയിൽ കമ്മിഷൻഡ് ഓഫിസർ നിയമനവും നൽകുന്ന പദ്ധതി ഇന്ത്യൻ കരസേന ഏർപ്പെടുത്തിയിട്ടുണ്ട്.

 

50% മാർക്കോടെ ബയോളജി, ഫിസിക്‌സ്, കെമിസ്‌ട്രി, ഇംഗ്ലിഷ് എന്നിവയടങ്ങിയ പ്ലസ്ടു റഗുലർ കോഴ്സ് ആദ്യചാൻസിൽ ജയിച്ചിരിക്കണം നീറ്റ്–യുജി സ്കോർ നോക്കിയാണ് പ്രാഥമിക സില‌ക്‌ഷൻ. തുടർന്ന് ബുദ്ധിശക്തിയും ഇംഗ്ലിഷ് പ്രാവീണ്യവും പരിശോധിക്കുന്ന കംപ്യൂട്ടർ ടെസ്റ്റ്, മാനസികപരിശോധന, ഇന്റർവ്യൂ എന്നിവയുമുണ്ട്.

പുണെ, കൊൽക്കത്ത, മുംബൈ, ഡൽഹി, ലക്നൗ, ബെംഗളൂരു എന്നീ കേന്ദ്രങ്ങളിലായി 220 സീറ്റ്. പഠനശേഷം മിലിറ്ററി നഴ്‌സിങ് സർവീസിൽ സേവനമനുഷ്‌ഠിക്കാമെന്ന് ആദ്യമേ കരാറൊപ്പിടണം. വെബ് www.joinindianarmy.nic.in

Read Also : ഈ 10 മൂല്യങ്ങളുണ്ടോ?; ആകാശമിടിഞ്ഞു വീണാലും ബോസും കമ്പനിയും കൈവിടില്ല

2) ഞങ്ങൾ 11ൽ പഠിക്കുന്ന രണ്ടു കുട്ടികളാണ്. ഇംഗ്ലിഷ് പഠിച്ചുകയറാനാണ് ആഗ്രഹം. പ്ലസ്ടു കഴിഞ്ഞവർക്ക് ഇതിനു യോജിച്ച കോഴ്സ് മദ്രാസ് ഐഐടിയിലുണ്ടെന്നും അതിന്റെ എൻട്രൻസിന് തയാറെടുക്കണമെന്നും ടീച്ചർ പറഞ്ഞു. ഐഐടിയിൽ എൻജിനീയറിങ് കോഴ്സുകളല്ലേ ഉള്ളത് ?

 

ഉത്തരം: എൻജിനീയറിങ് / ടെക്നോളജിക്കു പുറമേ പല പ്രോഗ്രാമുകളും ഐഐടികളിലുണ്ട്. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയളോജിക്കൽ സയൻസസ്, അപ്ലൈഡ് ജിയോളജി, മാനേജ്മെന്റ്, ഡിസൈൻ തുടങ്ങിയ വിഷയങ്ങളും പഠിക്കാം.

ടീച്ചർ പറഞ്ഞത്, പ്ലസ്ടു കഴിഞ്ഞ് HSEE എന്ന എൻട്രൻസ് പരീക്ഷ വഴി പ്രവേശനം ലഭിക്കുന്ന 5–വർഷ ഇന്റഗ്രേറ്റഡ് എംഎ–ഇംഗ്ലിഷ് / ഡവലപ്മെന്റ് സ്റ്റഡീസ് പ്രോഗ്രാമാണ്. അതിലേക്ക് ഇനിമേൽ പ്രവേശനമില്ല.

പക്ഷേ ബിരുദധാരികൾക്ക് ഗേറ്റ് സ്കോർ അടിസ്ഥാനമാക്കി പ്രവേശനം നൽകുന്ന 2 വർഷ എംഎ പ്രോഗ്രാം മദ്രാസ് ഐഐടി ആരംഭിച്ചിട്ടുണ്ട്. ഇതിൽ ഇംഗ്ലിഷ് സ്റ്റഡീസ്, ഡവലപ്മെന്റ് സ്റ്റഡീസ്, ഇക്കണോമിക്സ് എന്നീ മൂന്നു വിഷയങ്ങളിൽനിന്ന് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം.

ഗുണമേന്മയുള്ള ഉപരിപഠന ഗവേഷണങ്ങൾ നടക്കുന്ന ഐഐടി അന്തരീക്ഷത്തിലെ പ്രോഗ്രാമുകൾ മികവിൽ മുന്നിലായിരിക്കും. ഐഐടിയുടെ ബ്രാൻഡ് നെയിം ഈ പ്രോഗ്രാമിനുമുണ്ടാവും. വിശദവിവരങ്ങൾക്ക് hsoffice@iitm.ac.in.

Read Also : ഓഫിസിൽ സ്റ്റാറാകണോ?; മികച്ച ആശയവിനിമയശേഷി ആർജ്ജിക്കാം 10 മാർഗങ്ങളിലൂടെ

3) ഹിന്ദുസ്ഥാനിസംഗീതം പഠിക്കാൻ തെക്കേ ഇന്ത്യയിലെവിടെയെങ്കിലും സൗകര്യമുണ്ടോ ?

 

ഉത്തരം: ഉണ്ട്. ദക്ഷിണേന്ത്യയിൽ പഠിക്കാം.

∙ Dr. Gangubai Hangal Gurukul Trust, Dharwad, Karnataka: കർണാടക സർക്കാരിന്റെ മേൽനോട്ടത്തിലുള്ള സ്ഥാപനം. 10 ജയിച്ചവർക്ക് 2–4 വരെ വർഷത്തെ പ്രോഗ്രാം. ഗുരുകുലസമ്പ്രദായം. www.drgangubaihangalgurukul.com

∙ Dr Gangubai Hangal Music & Performing Arts University, Mysuru:

എ) ഹിന്ദുസ്ഥാനി ക്ലാസിക്കൽ വോക്കൽ – ബാച്‌ലർ, മാസ്റ്റർ

ബി) വീണ, വയലിൻ, ഫ്ലൂട്ട്, തബല, മൃദംഗം – ബാച്‌ലർ, മാസ്റ്റർ

വെബ് : https://musicuniversity.ac.in

 

4) ബിസിനസ് അനലിറ്റിക്സ് നല്ല കരിയർസാധ്യതയുള്ള വിഷയമാണെന്നറിഞ്ഞു. ഇതു പഠിക്കാൻ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രോഗ്രാം എവിടെയാണ്?

 

ഉത്തരം: ആധുനിക ബിസിനസ് രംഗത്തു വിജയിക്കണമെങ്കിൽ വൻതോതിലുള്ള വിവരങ്ങൾ നിരന്തരം വിശകലനം ചെയ്ത്, ഭാവി ട്രെൻഡുകൾ മുൻകൂട്ടിക്കണ്ട്, തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ട്. ഇതിന് ബിസിനസ് അനലിറ്റിക്സിലോ ഡേറ്റാ സയൻസിലോ പ്രാവീണ്യം ആർജിച്ചവരുടെ സേവനം വേണം. തനതായ പുതുരീതികളിൽ ചിന്തിച്ച് അപഗ്രഥനംവഴി നൂതന ബിസിനസ് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കഴിയുന്നവർക്ക് ശോഭിക്കാവുന്ന രംഗം.

Read Also : നോ പറയാൻ പഠിക്കാം, എല്ലായിടത്തും ഓടിയെത്തേണ്ട; വിദ്യാർഥികൾ വളരട്ടെ മിടുക്കരായി...


ഐഐഎമ്മുകളടക്കം പല സ്ഥാപനങ്ങളിലും ഈ വിഷയം പഠിക്കാൻ സൗകര്യമുണ്ട്. എങ്കിലും ഏറെ ശ്രദ്ധേയമായ 2–വർഷ ഫുൾടൈം പിജി ഡിപ്ലോമ പ്രോഗ്രാം ഐഐടി ഖരഗ്പുർ, ഐഐഎം കൊൽക്കത്ത, ഐഎസ്ഐ (ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത) എന്നിവ ചേർന്നു നടത്തുന്നതാണ്. പൂർണവിവരങ്ങൾക്ക് www.iimcal.ac.in/programs/PGDBA..

 

5) കണ്ണൂർ എഴിമല നാവിക അക്കാദമിയിൽ 10+2 കെഡറ്റ് (ബിടെക്) എൻട്രി പ്രോഗ്രാമിൽ പെൺകുട്ടികൾക്കു പ്രവേശനമുണ്ടോ ?

 

കഴിഞ്ഞതവണ വരെ ആൺകുട്ടികളെ മാത്രമാണ് പ്രവേശിപ്പിച്ചിരുന്നത്. പക്ഷേ 2024 ജനുവരി മുതൽ പെൺകുട്ടികളെയും തിരഞ്ഞെടുക്കുന്നത് പരിഗണനയിലാണെന്ന് നാവികസേന അറിയിച്ചിട്ടുണ്ട്. 

മാത്രമല്ല, 2024 ജനുവരി, ജൂൺ ബാച്ചുകളിലെ പ്രവേശനത്തിൽ പെൺകുട്ടികൾക്കും അവസരം ലഭിച്ചേക്കാമെന്നതിനാൽ, അവർ ജെഇഇ മെയിൻ പരീക്ഷ എഴുതുന്നതു നന്നായിരിക്കുമെന്നും നാവികസേനയുടെ സൈറ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. ജെഇഇ മെയിൻ ഒന്നാം പേപ്പറിലെ റാങ്ക് നോക്കിയുള്ള പ്രാഥമിക സിലക്‌ഷനു ശേഷം 5 ദിവസത്തോളം നീളുന്ന സർവീസസ് സിലക്‌ഷൻ ബോർഡ് ഇന്റർവ്യൂവിലും മികവു തെളിയിക്കണം. ബിടെക് പൂർത്തിയാകുന്നതോടെ നേവൽ ഓഫിസറായി ഉടൻ നിയമനവും ലഭിക്കും.

 

Content Summary : Indian Army Introduces Scheme for B.Sc Nursing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com