ADVERTISEMENT

കേരളത്തിലെ ഹയർസെക്കൻഡറി അധ്യാപകർ, വിഎച്ച്‌എസ്‌ഇ നോൺ–വൊക്കേഷനൽ അധ്യാപകർ എന്നിവരുടെ നിയമനത്തിനുള്ള യോഗ്യത നിർണയപ്പരീക്ഷയായ സെറ്റിന് (സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്‌റ്റ്) ഒക്ടോബർ 25ന് വൈകിട്ട് 5 വരെ ഓൺ‌ലൈൻ റജിസ്ട്രേഷൻ നടത്താം. 14 ജില്ലാകേന്ദ്രങ്ങളിലും ജനുവരിയിൽ ടെസ്‌റ്റ് നടത്തും. ലാൽ ബഹാദൂർ ശാസ്‌ത്രി സെന്റർ ഫോർ സയൻസ് & ടെക്‌നോളജിക്കാണു നടത്തിപ്പുചുമതല. അപേക്ഷാഫീ 1000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപ. ഇത് ഓൺലൈനായി അടയ്ക്കണം.

Read Also : ക്യാറ്റ് പരീക്ഷ അത്ര എളുപ്പമല്ല, പക്ഷേ മികച്ച സ്കോർ നേടാൻ ഉറപ്പായും സഹായിക്കും ഈ ടിപ്സ്

∙ പരീക്ഷയുടെ ഘടന

 

2 പേപ്പർ. ഒന്നാം പേപ്പർ എല്ലാവരും എഴുതണം. ഇതിൽ പൊതുവിജ്‌ഞാനവും അധ്യാപനഅഭിരുചിയും. രണ്ടാം പേപ്പറിൽ പോസ്‌റ്റ് ഗ്രാജ്വേറ്റ് നിലവാരത്തിൽ ബന്ധപ്പെട്ട വിഷയം. ഇത്തരം 31 വിഷയങ്ങളിൽ അർഹതയുള്ളത് തിരഞ്ഞെടുക്കാം. 

 

ഈ പട്ടികയിൽപ്പെടാത്ത വിഷയത്തിൽ യോഗ്യത നേടിയവർ കേരളത്തിലെ ഏതെങ്കിലും  സർവകലാശാലയിൽനിന്ന‌് അർഹത, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

ഓരോ പേപ്പറിലും 120 മിനിറ്റിൽ 120 ഒബ്ജക്ടീവ് ചോദ്യങ്ങൾ. ഒന്നാം പേപ്പറിൽ പൊതുവിജ്‌ഞാനത്തിനും അധ്യാപന അഭിരുചിക്കും 60 ചോദ്യം വീതം.

 

ഓരോ ചോദ്യത്തിനും നേർക്കു നാലുത്തരങ്ങളുള്ളതിൽ ഏറ്റവും ശരിയായതു തിരഞ്ഞെടുക്കണം.ഇതിന് ഓരോ മാർക്ക്. മാത്‌സിനും സ്‌റ്റാറ്റിസ്‌റ്റിക്‌സിനും മാത്രം ഒന്നര മാർക്കുള്ള 80 ചോദ്യം വീതം. തെറ്റിയാൽ മാർക്കു കുറയ്‌ക്കില്ല. സിലബസ് വെബ്‌സൈറ്റിൽ.

 

മിനിമം മാർക് താഴെക്കാണുന്ന ക്രമത്തിലുണ്ടെങ്കിൽ മാത്രമേ അധ്യാപകയോഗ്യത ലഭിക്കൂ. ജനറൽ: ഓരോ പേപ്പറിനും 40%, രണ്ടു പേപ്പറിനും ചേർത്ത് മൊത്തം 48%. പിന്നാക്കം: ഓരോ പേപ്പറിനും 35%, രണ്ടു പേപ്പറിനും ചേർത്ത് മൊത്തം 45%. പട്ടിക, ഭിന്നശേഷി വിഭാഗങ്ങൾ: ഓരോ പേപ്പറിനും 35%, രണ്ടു പേപ്പറിനും ചേർത്ത് മൊത്തം 40%.

 

∙ ആർക്കെല്ലാം എഴുതാം?

 

ബന്ധപ്പെട്ട വിഷയത്തിൽ 50% എങ്കിലും മാർക്കോടെ മാസ്‌റ്റർ ബിരുദവും, ഏതെങ്കിലും വിഷയത്തിലെ ബിഎഡും മതി. മാത്‌സ്, ഫിസിക്‌സ്, കെമിസ്‌ട്രി, ബോട്ടണി, സുവോളജി എന്നിവയ്‌ക്കു റീജനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിലെ എംഎസ്‌സി–എഡ് 50% മാർക്കോടെ ജയിച്ചവർക്കും അപേക്ഷിക്കാം. 50% എങ്കിലും മാർക്കോടെ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷിലെ സെക്കൻഡ് ക്ലാസ് എംഎയും, ബിഎ‍‍ഡും ഉള്ളവർക്കും അപേക്ഷിക്കാം.

കൊമേഴ്‌സ്, ഫ്രഞ്ച്, ജർമൻ, ജിയോളജി, ഹോം സയൻസ്, ജേണലിസം, ലാറ്റിൻ, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യൻ, സോഷ്യൽ വർക്, സോഷ്യോളജി, സ്‌റ്റാറ്റിസ്‌റ്റിക്‌സ്, സിറിയക് എന്നീ വിഷയക്കാർക്കു സെറ്റ് എഴുതാൻ ബിഎഡ് വേണമെന്നില്ല. അറബി, ഹിന്ദി, ഉറുദു എന്നീ വിഷയങ്ങളിൽ DLEd/LTTC യാഗ്യതയുള്ളവർക്കും ബിഎഡ് നിർബന്ധമല്ല. 50% മാർക്കോടെ ബയോടെക്നോളജി എംഎസ്‍സിയും നാച്യുറൽ സയൻസ് ബിഎ‍ഡുമുള്ളവർക്കും സെറ്റ് എഴുതാം.

 

കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചിട്ടില്ലാത്ത കറസ്‌പോൻഡൻസ് / ഓപ്പൺ സർവകലാശാലാ ബിരുദങ്ങൾ പരിഗണിക്കില്ല. പിജി യോഗ്യത നേടിയിട്ട് ഇപ്പോൾ ഫൈനൽ ബിഎഡ് പരീക്ഷയ്‌ക്കു തയാറെടുക്കുന്നവർക്കും, ബിഎഡ്‌ നേടിയിട്ട് ഇപ്പോൾ ഫൈനൽ പിജി പരീക്ഷയ്‌ക്കു തയാറെടുക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ പ്രിൻസിപ്പലിന്റെ മേലൊപ്പോടെ നിർദ്ദിഷ്ടഫോമിൽ സത്യപ്രസ്താവന സമർപ്പിക്കണം. സെറ്റ്ഫലം വന്ന് ഒരു വർഷത്തിനകം യോഗ്യത പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.ഉയർന്ന പ്രായപരിധിയില്ല. പട്ടിക,ഭിന്നശേഷി വിഭാഗക്കാർക്കു 5% മാർക്കിളവുണ്ട്. ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി അയച്ചുകൊടുക്കേണ്ട. പക്ഷേ ഭിന്നശേഷിക്കാർമാത്രം അപേക്ഷയുടെ പ്രിന്റും മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഒക്ടോബർ 30ന് അകം എൽബിഎസ് സെന്ററിലെത്തക്കണം.അപേക്ഷാസമർപ്പണത്തിന്റെ നടപടികളടക്കം വിവരങ്ങൾക്ക്: https://lbsedp.lbscentre.in/setjan24.

 

Content Summary : Online registration open for State Eligibility Test for Higher Secondary Teachers in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com