ADVERTISEMENT

കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ പറവൂരിലെ അഗ്നിരക്ഷാ നിലയത്തിൽ ഉദ്യോഗസ്ഥർ ഒരുക്കിയ സ്വിമ്മിങ് പൂൾ ‘പ്രഫഷനൽ’ നീന്തൽ പരിശീലന കേന്ദ്രമായി മാറുന്നു. ‘മുങ്ങിമരണങ്ങൾ കുറയ്ക്കുക’ എന്ന ലക്ഷ്യത്തിനായി ആരംഭിച്ച പൂളിൽ ഒട്ടേറെ നീന്തൽ താരങ്ങൾ പരിശീലനം നടത്തുന്നുണ്ട്. മികച്ച താരങ്ങളെ വാർത്തെടുക്കാൻ അഗ്നിരക്ഷാസേന നടത്തുന്ന ശ്രമം മാതൃകാപരമാണ്.

കുട്ടികൾക്കായി സ്വിമ്മിങ് പൂൾ ഒരുക്കിയ മറ്റൊരു ഫയർ സ്റ്റേഷൻ കേരളത്തിൽ ഇല്ലെന്നു സ്റ്റേഷൻ ഓഫിസർ വി.ജി. റോയ് പറഞ്ഞു. ഫയർഎൻജിൻ ഇട്ടിരുന്ന പഴയ ഗാരിജിലാണു നീന്തൽക്കുളം നിർമിച്ചത്. ജീവനക്കാരുടെയും നാട്ടുകാരുടെ സംഭാവനകൾ സ്വരൂപിച്ചു 10 ലക്ഷം രൂപയിൽ പൂളും ഫിൽറ്റർ സംവിധാനവും സജ്ജീകരിച്ചു. 21 മീറ്റർ നീളവും 5 മീറ്റർ വീതിയും 4 മുതൽ 7 അടി വരെ ആഴവുമുള്ള പൂൾ പണിതതും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരാണ്. ഒരു വർഷം മുൻപു നിർമിച്ച പൂളിൽ അഞ്ഞൂറിലേറെ കുട്ടികൾ നീന്തൽ പഠിച്ചു.

5 വയസ്സു മുതലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനമുണ്ട്. ആദ്യ 15 ദിവസം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നീന്തൽ പഠിപ്പിക്കും. ‘പ്രഫഷനൽ ടച്ച്’ ഉള്ളവർക്കു സ്വിമ്മിങ് പൂളിലും ദക്ഷിണ മൂകാംബിക ക്ഷേത്രക്കുളത്തിലും വിമുക്തഭടനും നീന്തൽ പരിശീലകനുമായ കെ.ജി. ഫിനാ‍ൻസി തുടർപരിശീലനം നൽകും. മികവു കാട്ടുന്നവരെ മത്സരങ്ങളിൽ പങ്കെടുപ്പിക്കും. മറ്റുള്ളവർക്കു പൂളിൽ പരിശീലനം തുടരാം. വെള്ളത്തിൽ താഴ്ത്തിയ മുഖം കൈകൾ പിന്നിലേക്കു പോകുമ്പോൾ മാത്രം ഉയർത്തി ശ്വാസമെടുത്തു നീന്തുന്ന ശാസ്ത്രീയ രീതിയിലാണു പരിശീലനം.

എല്ലാവരെയും ആദ്യം ഫ്രീ സ്റ്റൈൽ സ്വിമ്മിങ് പഠിപ്പിക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നവരെ ബ്രെസ്റ്റ്, ബാക്ക്, ബട്ടർഫ്ലൈ സ്ട്രോക്കുകൾ പരിശീലിപ്പിക്കും. തുടർച്ചയായി 100 മീറ്ററെങ്കിലും നീന്താനും വെള്ളത്തിൽ ചവിട്ടി നിൽക്കാനും കഴിയാതെ പുഴയിലും കുളത്തിലും ഇറങ്ങരുതെന്ന ബോധവൽക്കരണവും നൽകും. മേഖലയിലെ വിദ്യാലയങ്ങളിൽ നിന്നു ബാച്ചുകളായി കുട്ടികളെ നീന്തൽ പഠനത്തിന് എത്തിക്കുന്നുണ്ട്. മുതിർന്നവർക്കും ഡിപ്പാർട്മെന്റ് ടെസ്റ്റുകൾ എഴുതുന്നവർക്കും പരിശീലന സൗകര്യമുണ്ട്. സ്വിമ്മിങ് പൂളിന്റെ നടത്തിപ്പിന് ഒരുമാസം 18,000 രൂപ ചെലവുണ്ടെങ്കിലും നിർബന്ധിത ഫീസ് ഇല്ല. രക്ഷിതാക്കൾ സംഭാവനകൾ നൽകുന്നുണ്ടെന്നു മാത്രം. 3 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടു കാരണം പൂളിൽ ടൈൽസ് ഇടാൻ കഴിഞ്ഞിട്ടില്ല.

Content Summary : Learn to Swim: How a Fire Station in Kerala is Saving Lives and Creating Champions

Content Summary:

Learn to Swim: How a Fire Station in Kerala is Saving Lives and Creating Champions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com