ADVERTISEMENT

മുതിർന്നവർക്കു മാത്രമല്ല, യുവജനങ്ങൾക്കും കുട്ടികൾക്കും വരെ മാനസിക സംഘർഷം വലിയ വെല്ലുവിളിയാണ്. എന്നെങ്കിലുമൊരിക്കലല്ല, ദിവസേനയെന്നോണം പല ഘട്ടങ്ങളിലും ഈ പ്രശ്നത്തെ നേരിടേണ്ടിവരാം. മാനസിക സംഘർഷത്തെ ഒഴിവാക്കാനല്ല, അതിജീവിക്കാനാണു ശ്രമിക്കേണ്ടത്. സംഘർഷം നേരിടുമ്പോൾ തന്നെ മാനസികമായും ക്രമേണ ശാരീരികമായും തളർന്നുപോകുന്നവരുണ്ട്. ഇതു തകർച്ചയിലേക്കു നയിക്കാം. എന്നാൽ, സംഘർഷത്തെ അതിജീവിക്കാൻ കഴിയുന്നവർക്കു മുന്നിൽ മികച്ച ഭാവിയിലേക്കുള്ള വഴിയും തെളിയും. കാറും കോളുമുള്ള കടലിൽ ബോട്ടിലോ കപ്പലിലോ യാത്ര ചെയ്യുന്നതുപോലെ സംഘർഷഭരിതമാണ് മനസ്സിന്റെ സഞ്ചാരവും. ഈ യാത്രയെ വിജയതീരത്ത് അടുപ്പിക്കാൻ മാനസിക ആരോഗ്യ വിദഗ്ധർ ഉൾപ്പെടെ നിർദേശിച്ച വഴികൾ പരിചയപ്പെടാം. 

1. ഗ്ലാസ്സ് പകുതി നിറഞ്ഞുതന്നെ 
പലരുടെയും അസംതൃപ്തിക്കു കാരണം സ്വന്തം കഴിവുകളിൽ ബോധ്യം വരാത്തതും മറ്റുള്ളവരുമായി അനാവശ്യമായി താരതമ്യം ചെയ്യുന്നതുമാണ്. അസൂയ ഒരിക്കലും ജീവിതത്തിലും മുന്നോട്ടു കൊണ്ടുപോകില്ല. എല്ലാ വ്യക്തികൾക്കും അവരുടേതായ കഴിവുകളുണ്ട്. അവ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും വേണം. കഴിവുകൾ കണ്ടാൽ അംഗീകരിക്കാനും അഭിനന്ദിക്കാനും മടിക്കരുത്. കൊടുക്കുന്നതാണു തിരിച്ചുകിട്ടുന്നത്. പുഞ്ചിരി കൊടുത്താൽ അതു തന്നെ തിരിച്ചുകിട്ടും. അസൂയയും വിദ്വേഷവും പരത്തിയാൽ അതുതന്നെയാവും ചുറ്റും കാണുകയും അനുഭവിക്കുകയും ചെയ്യുക. 

2. പ്രായോഗിക സമീപനം കൈക്കൊള്ളുക 
മാനസിക സംഘർഷം തോന്നുമ്പോൾ അതിന്റെ കാരണം കണ്ടെത്തണം. പരിഹരിക്കാനേ ആവാത്ത പ്രശ്നമായി ആദ്യം തോന്നാം. എന്നാൽ, ജീവിതത്തിൽ മറ്റേതൊരു പ്രശ്നവുമെന്നതുപോലെ അഭിമുഖീകരിക്കുന്ന ഏതു വലിയ വലിയ പ്രതിസന്ധിയിൽ നിന്നും പുറത്തിറങ്ങാനുള്ള വഴിയും ഉണ്ടായിരിക്കും. എന്നാലും ചില പ്രശ്നങ്ങൾ വലിയ വെല്ലുവിളിയുയർത്തുകയും മുറിവേൽക്കാതെ പുറത്തിറങ്ങാനാവാത്ത അവസ്ഥ സംജാതമാവുകയും ചെയ്യും. ജീവിതത്തിലെ ചില സാഹചര്യങ്ങളെ നിയന്ത്രിക്കാനാവില്ല എന്ന യാഥാർഥ്യം അംഗീകരിക്കണം. എന്നാലും ആഘാതം കഴിയുന്നത്ര കുറച്ച് പുറത്തേക്കുള്ള വഴി കണ്ടുപിടിക്കണം. നിയന്ത്രിക്കാൻ കഴിയുന്ന സാഹചര്യങ്ങളെ കഴിയുന്നത്ര അനുകൂലമാക്കി എത്രയും വേഗം പ്രശ്നത്തിൽ നിന്ന് പുറത്തുകടക്കാനാണു ശ്രമിക്കേണ്ടത്. 

3. ആക്രമിക്കുകയല്ല, ആത്മവിശ്വാസമാണു വേണ്ടത് 
മിക്ക മാനസിക സംഘർഷവും സ്വയം സൃഷ്ടിക്കുന്നതാണ്. സ്വന്തം മനസ്സിലെ നിഷേധ ചിന്തകളിൽ നിന്ന് ഉയിർക്കൊള്ളുന്നതാണ്. സമ്മർദത്തിലാകുമ്പോൾ മറ്റുള്ളവരെ ആക്രമിക്കുകയല്ല വേണ്ടത്. പകരം സ്വന്തം കഴിവുകളിൽ വിശ്വസിച്ച് ഉറച്ചുനിൽക്കുകയാണു വേണ്ടത്. ദേഷ്യപ്പെടുന്നതിനും വിദ്വേഷം പ്രകടിപ്പിക്കുന്നതിനും പകരം നിലപാടുകളിലും വിശ്വാസങ്ങളിലും ഉറച്ചുനിൽക്കുക. പെട്ടെന്നല്ലെങ്കിൽപ്പോലും ഫലമുണ്ടാവും. 

4. ശരീരത്തിനും മനസ്സിനും വിശ്രമം അനുവദിക്കുക
ധ്യാനം, യോഗ, തായ് ചി എന്നിങ്ങനെ മാനസിക സംഘർഷത്തിൽ മുക്തി നേടാൻ സഹായിക്കുന്ന ഒട്ടേറെ മാർഗങ്ങൾ നിലവിലുണ്ട്. ഇവയിൽ ഇഷ്ടമുള്ളത് പഠിക്കുകയും പരിശീലിക്കുകയും ചെയ്യുക. രക്ത സമ്മർദം കുറച്ച്, ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കി മാനസിക സംഘർഷം കുറച്ചുകൊണ്ടുവരാൻ ഇത്തരം മാർഗങ്ങൾ സഹായിക്കും. ദിവസേന വ്യായാമം ചെയ്യുന്നത് ശീലമാക്കണം. ആരോഗ്യമുള്ള ശരീരത്തിന് സംഘർഷങ്ങളെ മെച്ചപ്പെട്ട രീതിയിൽ നേരിടാൻ കഴിയും. 

സംഘർഷം രൂപപ്പെടുന്നതോടെ അഡ്രിനാലിൻ, കോർട്ടിസോൺ എന്നിവയുടെ അളവ് ശരീരത്തിൽ വർധിക്കുന്നു. സംഘർഷം സൃഷ്ടിക്കുന്ന ഹോർമോണുകളെ സാധാരണ നിലയിലാക്കാൻ വ്യായാമം സഹായിക്കും. ആന്തരികാവയവങ്ങളുടെ ഉൾപ്പെടെ പ്രവർത്തനം സാധാരണ നിലയിലാകുന്നതോടെ മനസ്സിനെയും നിയന്ത്രിക്കാനും സംഘർഷത്തെ അതിജീവിക്കാനും കഴിയും. സ്ഥിരമായി വ്യായാമം ശീലമാക്കിയാൽ സ്വഭാവിക വേദനാ സംഹാരികളായ എൻഡോർഫിൻസ് ഉൽപാദിക്കപ്പെടും. ഇത് നന്നായി ഉറങ്ങാൻ സഹായിക്കുകയും ക്രമേണ സംഘർഷത്തെ നിയന്ത്രിക്കാനും സഹായിക്കും. പ്രായപൂർത്തിയായവർ എല്ലാ ആഴ്ചയിലും 150 മിനിറ്റെങ്കിലും വ്യായാമത്തിനു വേണ്ടി നീക്കിവയ്ക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്. 

5. പോഷകപ്രധാനമായ ഭക്ഷണം ശീലമാക്കുക 
പോഷകങ്ങളുള്ളതും ആരോഗ്യപ്രദവുമായ ഭക്ഷണമാണു കഴിക്കുന്നതെന്ന് ഉറപ്പാക്കണം. നല്ല ഭക്ഷണം ആത്മവിശ്വാസം വർധിപ്പിക്കുന്ന ഘടകമാണ്. പായ്ക്കറ്റിൽ തയാറാക്കി കിട്ടുന്ന ജങ്ക് ഫുഡ് ക്ഷീണം വർധിപ്പിക്കുന്നതാണ്. അവ ഒഴിവാക്കി, പോഷകങ്ങൾ പ്രദാനം ചെയ്യുന്ന പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ളവ വീട്ടിൽ തന്നെയുണ്ടെന്ന് ഉറപ്പു വരുത്തണം. ഡ്രൈ ഫ്രൂട്ട്സ്, നട്സ്, സോയ എന്നിവ ശീലമാക്കുന്നതും നല്ലതാണ്. 

6. സമയം ഫലപ്രദമായി വിനിയോഗിക്കുക 
ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും നിയന്ത്രണം വേണം. സംഘർഷം സൃഷ്ടിക്കുമെന്ന് ഉറപ്പുള്ള സാഹചര്യങ്ങളോട് നോ എന്നു തന്നെ പറയുക. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരികയും അവ ചെയ്തുതീർക്കാൻ കുറച്ചു സമയം മാത്രം ലഭിക്കുകയും ചെയ്യുമ്പോൾ സംഘർഷം സ്വാഭാവികമാണ്. സമയം കുറവാണെങ്കിലും ചെയ്തു തീർക്കാൻ ആവില്ലെന്ന് ഉറപ്പുണ്ടെങ്കിലും വീണ്ടും പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കരുത്. അത്ര പ്രധാനപ്പെട്ടതല്ലെങ്കിൽ ഇപ്പോൾ വയ്യ എന്നു പറഞ്ഞ് അപേക്ഷകൾ നിരസിക്കുക. സ്വതന്ത്രമായ മനസ്സ് സംഘർഷമില്ലാത്തതായിരിക്കും. 

7. ലഹരിയോട് നോ പറയുക
മദ്യം, ലഹരിമരുന്ന് എന്നിവ ഒരിക്കലും സംഘർഷം കുറയ്ക്കില്ല. ലഹരി വസ്തുക്കളുടെ ഉപയോഗം പരിപൂർണമായും ഉപേക്ഷിക്കുകയോ കഴിയുന്നത്ര കുറയ്ക്കുകയോ ചെയ്യുക. ലഹരി വസ്തുക്കൾ സംഘർഷം കൂട്ടുന്നതിനൊപ്പം ശരീരത്തിന്റെ ശേഷി കുറയ്ക്കുകയും ചെയ്യും. 

ഒാഫിസ് ഗോസിപ്പിനെ കൂൾ ആയി നേരിടാൻ 4 വഴികൾ – വിഡിയോ

Content Summary:

Explore Effective Relaxation Techniques to Find Inner Peace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com