ആഗ്രഹിക്കുന്നതൊന്നും കിട്ടുന്നില്ലെന്ന പരാതിയാണോ?; ജീവിതം തന്ന സമ്മാനങ്ങളെ തിരിച്ചറിയാതെ പോകരുത്!
Mail This Article
അയാൾ പറഞ്ഞു: ‘ദൈവമേ എന്നോടു സംസാരിക്കുക’. പക്ഷി പാടിയെങ്കിലും അയാൾ കേട്ടില്ല. ആവശ്യം ആവർത്തിച്ചപ്പോൾ ഇടിമുഴക്കമുണ്ടായെങ്കിലും അയാൾ ശ്രദ്ധിച്ചില്ല. എനിക്ക് അങ്ങയെ കാണണമെന്നു ദൈവത്തോട് ആവശ്യപ്പെട്ടപ്പോൾ നക്ഷത്രം തിളങ്ങി. പക്ഷേ, അയാളതു ഗൗനിച്ചില്ല. എന്നെ ഒരു അദ്ഭുതം കാണിക്കൂ എന്ന് ആവശ്യപ്പെട്ട സമയത്താണ് അയാളുടെ ഭാര്യ കുട്ടിക്കു ജന്മം നൽകിയത്. അത് അദ്ഭുതമാണെന്ന് ആരും അയാളോടു പറഞ്ഞില്ല. അവസാനമായി ഒരു ആഗ്രഹംകൂടി മുന്നോട്ടുവച്ചു. അങ്ങ് എന്നെ സ്പർശിക്കണം. അപ്പോൾ ഒരു പൂമ്പാറ്റ അയാളെ തൊട്ടു. ചോദിക്കുന്നതൊന്നും ലഭിക്കുന്നില്ലെന്ന പരാതിയിൽ അയാൾ ദൈവത്തോടു പിണങ്ങി.
സമ്മാനപ്പൊതിയിൽ വരുന്നവയെ മാത്രം സമ്മാനങ്ങളായി കണ്ടാൽ പിന്നെ പൊതുപ്രദർശനങ്ങളില്ലാതെ ലഭിക്കുന്ന അനുദിന പാരിതോഷികങ്ങൾക്കു പ്രസക്തിയില്ലാതാകും. ആഘോഷാവസരങ്ങളിലും അനുമോദനവേദികളിലും മാത്രം സമ്മാനവിതരണം നടത്തുന്നവർ അൽപം അകന്നു നിൽക്കുന്നവരോ അസാധാരണയിടങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്നവരോ ആയിരിക്കും. എന്നും ഒപ്പമുള്ളവർ നൽകുന്ന കണ്ണഞ്ചിപ്പിക്കാത്ത ചില സമ്മാനങ്ങളുണ്ട്. അവയുടെ വില തിരിച്ചറിയുന്നവർക്കു മാത്രമേ ഓരോ നിമിഷവും ആസ്വദിക്കാൻ കഴിയൂ.
ജീവിതത്തിന്റെ ആനന്ദം ഇതുവരെ കാണാത്തയിടങ്ങളിലോ കണ്ടുമുട്ടാത്ത ആളുകളിലോ ആണെന്ന തെറ്റിദ്ധാരണയാണ് ഒപ്പമുള്ളവരുടെ തിരസ്കരണത്തിനും അകലെയുള്ളവയുടെയും അപരിചിതരുടെയും സ്വീകരണത്തിനും കാരണമാകുന്നത്. എന്നും കൂടെയുള്ളവരുടെ ഉപഹാരങ്ങൾക്ക് ചില പ്രത്യേകതകളുണ്ട്. അവയ്ക്ക് ആകർഷണീയമായ പുറംചട്ടയുണ്ടാകില്ല, നാലാളുടെ മുൻപിലാകണമെന്നില്ല സമ്മാനവിതരണം, പ്രത്യേകവേദിയോ വിശിഷ്ടാഥിയോ സമ്മാനം കൈമാറാനുണ്ടാകില്ല. എന്നാൽ, അവ തിരിച്ചറിയപ്പെടാനാകാത്തവിധമുള്ള രൂപഭാവങ്ങളിൽ പ്രത്യക്ഷപ്പെടും. ചിലപ്പോൾ ആശ്വാസവാക്കാകാം, അല്ലെങ്കിൽ ശാസനയാകാം, പരസഹായമാകാം. ഇവയൊന്നും പരിഗണിക്കാതെ അലങ്കാരവിളക്കുകൾക്കിടയിലെ സമ്മാനപ്പൊതികൾ മാത്രം തേടുന്നവരും ഇഷ്ടപ്പെടുന്നവരും ഒരു ഉപഹാരം പോലും ലഭിക്കാതെ നിരാശരാകും. ഓരോ പ്രഭാതവും ഓരോ സൗഹൃദവും ഓരോ ഹൃദയമിടിപ്പും ഓരോ ശ്വാസവും സമ്മാനമാണെന്നു തിരിച്ചറിഞ്ഞാലേ കർമനിരതമായ ദിനരാത്രങ്ങളുണ്ടാകൂ.
സഹജീവികളെല്ലാം സമ്മാനമാണ്. പരസ്പരം ആശ്രയിച്ചും ആശംസിച്ചും അനുമോദിച്ചും മാത്രമേ എല്ലാവർക്കും നിലനിൽപുള്ളൂ. എല്ലാവരും എല്ലാവർക്കും വേണ്ടതുകൊണ്ടാണ് വിവിധതരം ജീവികളുണ്ടായതുപോലും. ഒന്നിനും തനിച്ച് നിലനിൽപില്ല. എങ്കിൽപിന്നെ എല്ലാവരെയും ആദരിച്ചും ആശീർവദിച്ചും ജീവിച്ചുകൂടേ. എന്തിനാണ് കുറെപ്പേരെ ശാപമായും കുറച്ചുപേരെ മാത്രം അനുഗ്രഹമായും കാണുന്നത്. അവരവരുടെ ജോലികൾ ഓരോരുത്തരും ഭംഗിയായി നിറവേറ്റിയാൽ അതാണ് അപരനു നൽകാൻ കഴിയുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനം. അതിവിശിഷ്ടമായ തെന്തെങ്കിലും ചെയ്യുന്നവരെ മാത്രമല്ല അനുദിനകർമങ്ങൾ ആരവങ്ങളില്ലാതെ ചെയ്യുന്നവരെയും ബഹുമാനിക്കണം. ആരും ശ്രദ്ധിക്കാത്ത അപ്രധാന നിമിഷങ്ങളിൽ ധൈര്യവും സ്നേഹവും നൽകുന്നവരെ വേണം ഹൃദയത്തോടു ചേർക്കാൻ. ചിലർ സമ്മാനങ്ങൾ നൽകും, ചിലർ സമ്മാനങ്ങളാകും.