തൻകാര്യം നോക്കികൾ സുഹൃത്വലയത്തിലുണ്ടോ?; തിരിച്ചറിയാം, ഒഴിവാക്കാം
Mail This Article
എന്തെങ്കിലും കിട്ടിയാൽ മതിയെന്ന അവസ്ഥയിലാണ് വിശന്നുവലഞ്ഞ കുറുക്കൻ. അപ്പോഴാണ് പുരമുകളിലിരിക്കുന്ന പൂവൻകോഴിയെ കണ്ടത്. കുറുക്കൻ ബുദ്ധി പ്രയോഗിച്ചു. കോഴിയോടു പറഞ്ഞു: സുഹൃത്തേ, വളരെക്കാലത്തിനു ശേഷമാണല്ലോ നിന്നെ കാണുന്നത്. നീ നന്നായി മെലിഞ്ഞിട്ടുണ്ട്; ക്ഷീണിതനുമാണ്. താഴെയിറങ്ങി വരാമെങ്കിൽ ഞാൻ നിന്റെ പൾസ് നോക്കാം. കോഴി പറഞ്ഞു: നീ പറഞ്ഞതു ശരിയാണ്. എനിക്കു നല്ല ക്ഷീണമുണ്ട്. ഇവിടെനിന്ന് അനങ്ങാൻപോലും പറ്റുന്നില്ല. ക്ഷീണം കുറയുമ്പോൾ ഞാനിറങ്ങി വരാം. കോഴിക്കു തന്നെക്കാൾ ബുദ്ധിയുണ്ടെന്നു മനസ്സിലായ കുറുക്കൻ സ്ഥലംവിട്ടു.
ആകസ്മിക സ്നേഹം അപകടകരമാണ്. ഇന്നലെവരെ ഇല്ലാതിരുന്നതും നാളെയുണ്ടാകാൻ സാധ്യതയില്ലാത്തതുമായ അത്തരം സ്നേഹപ്രകടനത്തിൽ കാര്യലാഭത്തിന്റെ കാലൊച്ചകൾ കേൾക്കാം. ആവശ്യത്തിനുപയോഗിക്കുന്നതിലോ ഉപകരിക്കുന്നതിലോ തെറ്റില്ല. പക്ഷേ, ഒരാൾക്കു താൽക്കാലിക വെളിച്ചം നൽകാൻ ക്ഷണനേരത്തിൽ കത്തിത്തീരാ നുള്ളതല്ല ഒരു ജീവിതവും. സ്വന്തം നിയോഗങ്ങളിലേക്കു സഞ്ചരിക്കുന്നതിനിടയിൽ കൂടെച്ചേർക്കാനാകുന്നവരെയെല്ലാം ഒപ്പം നിർത്തി യാത്ര തുടരുക എന്നതാണു പ്രധാനം. എല്ലാവർക്കും അവരവരുടേതായ ഉദ്ദേശ്യങ്ങളും താൽപര്യങ്ങളുമു ണ്ടാകും. ആർക്കും മറ്റൊരാളുടെ സ്വപ്നങ്ങളിലൂടെ പൂർണമായി സഞ്ചരിക്കാനാകില്ല. പരസ്പര ബഹുമാനത്തിലൂന്നിയ ഇടപഴകൽ അതുല്യമായ ബന്ധങ്ങളിലേക്കു വഴിതുറക്കും.
ഉപയോഗിക്കാനിറങ്ങുന്നവരാണ് അപകടകാരികൾ. അവർ ആർക്കും ഒന്നും കൊടുക്കില്ല. അവർക്കു വേണ്ടതെല്ലാം എന്തിൽനിന്നും ഊറ്റിയെടുക്കും. ഏറ്റവും പ്രയോജനപ്രദമായും ലാഭകരമായും അവയെ ഉപയോഗിക്കുന്നതിലാകും അവരുടെ ശ്രദ്ധ. ഉപകാരപ്പെടണം, പക്ഷേ ഉപയോഗിക്കപ്പെടരുത്.
ആർക്കും ഉപകാരപ്പെടാത്ത വ്യക്തിയുടെയും എല്ലാവരും ഉപയോഗിച്ചു തീർക്കുന്ന വ്യക്തിയുടെയും ജീവിതം ഒരുപോലെ ഫലരഹിതമാണ്. അവനവനുവേണ്ടിമാത്രം ജീവിച്ച് എന്തിനാണ് ആരുമല്ലാതായിത്തീരുന്നത്? മറ്റുള്ളവർക്കുവേണ്ടി മാത്രം ജീവിച്ച് എന്തിനാണ് അവനവനല്ലാതാകുന്നത്?
ചിലയാളുകളെ നിർബന്ധപൂർവം സൗഹൃദവലയത്തിൽനിന്ന് ഒഴിവാക്കിയേ മതിയാകൂ. തൻകാര്യത്തിനു വരുന്നവരോടും ആത്മാവിനെ നശിപ്പിക്കുന്നവരോടും എതിരിടുകയല്ല വേണ്ടത്; തന്ത്രപൂർവം മാറ്റിനിർത്തണം. എതിർത്തു തോൽപിക്കാനുള്ള ശക്തി എല്ലാവർക്കുമുണ്ടാകില്ല. വഴിമാറാനുള്ള അടവുകൾ ശീലിക്കുക.