എതിരാളിയുടെ ശക്തിയെ വിലകുറച്ചു കാണാറുണ്ടോ?; തോൽവി ഇരന്നു വാങ്ങാതിരിക്കാൻ ഇങ്ങനെ ചെയ്യാം
Mail This Article
ആ മത്സ്യങ്ങളെല്ലാം വർഷങ്ങളായി ഒരു കുളത്തിലാണു താമസം. ഒരു ദിവസം മീൻപിടിത്തക്കാർ കുളക്കരയിലെത്തി. അപകടാവസ്ഥ തിരിച്ചറിഞ്ഞ മത്സ്യങ്ങളെല്ലാം നീന്തി രക്ഷപ്പെടാൻ തുടങ്ങി. ഒരു മത്സ്യം മാത്രം അവിടെത്തന്നെ കിടക്കുകയാണ്. മറ്റുള്ളവർ അവനോടു പറഞ്ഞു: വേഗം രക്ഷപ്പെടൂ; ഇല്ലെങ്കിൽ നീ അവരുടെ വലയിലാകും. അവൻ പറഞ്ഞു: മാസങ്ങളായി ഞാനിവിടെയാണ്. ഇത് എനിക്കവകാശപ്പെട്ട സ്ഥലമാണ്. ഞാനിവിടെത്തന്നെ കഴിയും. മീൻപിടിത്തക്കാർ വീശിയ ആദ്യവലയിൽത്തന്നെ ആ മത്സ്യം കുടുങ്ങി.
ചെറിയ പ്രതിസന്ധികൾ മറികടക്കാനറിയുന്നവർ മാത്രമേ വലിയ ലക്ഷ്യങ്ങളിലെത്തിച്ചേരൂ. ഹിമാലയത്തിനു മുകളിൽനിന്നു താഴെ വീണിട്ടല്ല ആർക്കും പരുക്കേൽക്കുന്നത്; ചെറിയ കല്ലിൽത്തട്ടിയും കുഴിയിൽ വീണുമാണ്. ഓരോ യാത്രയ്ക്കിടയിലും അപ്രധാനമെന്നു തോന്നുന്ന പ്രശ്നങ്ങൾ നിരന്തരം വന്നുകൊണ്ടേയിരിക്കും. അവയെ അവഗണിച്ചോ പരിഗണിച്ചു മയപ്പെടുത്തിയോ ഒഴിവാക്കേണ്ടി വരും. ലോകത്തിലുള്ള എല്ലാം ആരുടെയും നിയന്ത്രണശേഷിക്കുള്ളിലല്ല. തനിക്കൊന്നും പ്രശ്നമല്ലെന്ന ചിന്ത രണ്ടു കാരണങ്ങൾക്കൊണ്ടു സംഭവിക്കുന്നതാണ്. ഒന്ന്, എതിരാളിയെ നിസ്സാരവൽക്കരിക്കുക, രണ്ട്, സ്വയം മഹത്വവൽക്കരിക്കുക. രണ്ടും അഹംബോധം ആഴത്തിൽ വേരൂന്നിയ ചിന്തകളാണ്.
എതിരാളിയോടുള്ള ആദരമാണ് ഏതു പോരാളിയുടെയും മുന്നേറ്റത്തിനുള്ള ആദ്യപടി. മഞ്ഞുമലയുടെ അഗ്രം മാത്രമേ മുകളിൽ കാണൂ എന്ന സാമാന്യപാഠമെങ്കിലും കപ്പിത്താൻ പഠിച്ചിരിക്കണം. ഉറുമ്പ് എത്ര ചെറുതെങ്കിലും മസ്തകത്തിൽ കയറിയാൽ അപകടകരമെന്ന് ആന അനുഭവത്തിൽ നിന്നെങ്കിലും തിരിച്ചറിയണം. അനുഭവങ്ങളില്ലായ്മ അജ്ഞതയ്ക്കു കാരണമായാലും അഹങ്കാരം സൃഷ്ടിക്കരുത്.
എല്ലാവർക്കും തങ്ങളുടേതായ ശക്തികേന്ദ്രങ്ങളും തന്ത്രങ്ങളുമുണ്ട്. അതറിയാതെ അവരോടു പോരാടിയാൽ പരാജയപ്പെടുകയേയുള്ളൂ. തങ്ങളുടെ യുദ്ധതന്ത്രങ്ങൾ മറച്ചുവച്ചാകും എല്ലാവരും പ്രത്യക്ഷപ്പെടുക. പ്രത്യക്ഷത്തിൽ അപകടകാരികളല്ലാത്തവയെ എളുപ്പത്തിൽ കീഴ്പ്പെടുത്താം എന്നതു മിഥ്യാധാരണയാണ്. എല്ലാറ്റിനെയും പൊരുതിത്തോൽപിക്കാൻ ശേഷിയുള്ള ആരുമുണ്ടാകില്ല. ചിലതിനെ ഒഴിവാക്കി നിർത്തണം. ഇതുവരെ തോറ്റിട്ടില്ലെന്നത് ഇനിയൊരിക്കലും തോൽക്കില്ല എന്നതിന്റെ സൂചനയൊന്നുമല്ല. പോരാട്ടശേഷിക്കുമപ്പുറത്താ ണെന്നറിഞ്ഞാൽ അകന്നുമാറണം. അത്തരം വേദികളിൽ കഴിവു തെളിയിക്കാനൊരുമ്പെട്ടാൽ ആളപായം മാത്രമേ സംഭവിക്കൂ.