ADVERTISEMENT

നാലു വർഷ ബിരുദം വ്യാപകമാകുന്നു എന്നതാണ് 2024ൽ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രധാന മാറ്റം. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, കുസാറ്റ്, കാലടി സർവകലാശാലകളിലും എസ്എൻ ഓപ്പൺ സർവകലാശാലയിലും ഇതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. പഴയ മൂന്നു വർഷ ഡിഗ്രി സമ്പ്രദായം പൂർണമായി ഇല്ലാതാകുന്നു.

മാറ്റങ്ങൾ
ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് മറ്റു പല സംസ്ഥാനങ്ങളിലും നടപ്പാക്കുന്നതും കേരളത്തിൽ നടപ്പാക്കുന്നതുമായ 4 വർഷ ബിരുദ പ്രോഗ്രാമുകൾ തമ്മിൽ ഒരു പ്രധാന വ്യത്യാസമുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിലെ മൾട്ടിപ്പിൾ എക്സിറ്റ്– എൻട്രി വ്യവസ്ഥപ്രകാരം പ്രോഗ്രാമിന്റെ ഏതു വർഷവും അതുവരെയുള്ള പഠനത്തിന്റെ യോഗ്യതാരേഖയുമായി പുറത്തുപോകാം. ഒന്നാം വർഷം സർട്ടിഫിക്കറ്റ് കോഴ്സും രണ്ടാം വർഷം ഡിപ്ലോമ കോഴ്സും മൂന്നാം വർഷം സാധാരണ ബിരുദവും പൂർത്തിയാക്കി പഠനം അവസാനിപ്പിക്കാം. പിന്നീട് സൗകര്യാനുസരണം തിരികെവന്ന് പഠനം പുനരാരംഭിക്കുകയും ചെയ്യാം. 4 വർഷവും തുടരുന്നവർക്ക് ഓണേഴ്സ് ബിരുദം ലഭിക്കുകയും ചെയ്യും.

എന്നാൽ കേരളത്തിലെ സർവകലാശാലകളിൽ ഒന്നും രണ്ടും വർഷങ്ങളിൽ എക്സിറ്റ് സൗകര്യമില്ല. മൂന്നുവർഷത്തിനുശേഷം സാധാരണ ബിരുദവുമായി പുറത്തുപോകാം. നാലാം വർഷം കൂടി പഠിച്ചാൽ ഓണേഴ്സ് ബിരുദം ലഭിക്കും. ഗവേഷണ തൽപരർക്കു നാലാം വർഷം മേജർ വിഷയത്തിൽ ഗവേഷണ പ്രോജക്ടോ ഡിസർ‌ട്ടേഷനോ പൂർത്തിയാക്കി ഓണേഴ്സ് വിത് റിസർച് ബിരുദം നേടുകയുമാകാം.

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നിലവിലെ 5 വർഷ ഇന്റഗ്രേറ്റഡ് എംഎസ്‌സി വിദ്യാർഥികൾക്ക് 4 വർഷം കഴിയുമ്പോൾ വേണമെങ്കിൽ ബിഎസ്‌സി ഓണേഴ്സുമായി പുറത്തുപോകാം. അല്ലാത്തവർക്ക് എംഎസ്‌സി തുടരാം.

പ്രതീക്ഷകൾ
കൂടുതൽ കാലികമായ സിലബസ്.
പരീക്ഷകളിൽ ഓർമപരിശോധനയ്ക്കു പകരം അറിവുപരിശോധന.
ഗവേഷണ പഠനത്തിനു കൂടുതൽ ഊന്നൽ.
മേജർ / മൈനർ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഫ്ലെക്സിബിലിറ്റി. മൾട്ടിഡിസിപ്ലിനറി പഠനസാധ്യത.
ഫൗണ്ടേഷൻ കോഴ്സിലൂടെ കൂടുതൽ ഭാഷാമികവ്, കൂടുതൽ തൊഴിൽക്ഷമത.
ഇന്റേൺഷിപ് / അപ്രന്റിസ്ഷിപ് എന്നിവയിലൂടെയും മെച്ചപ്പെട്ട തൊഴിൽക്ഷമത.

പ്രായോഗിക നേട്ടങ്ങൾ
ഒട്ടേറെ വിദേശ സർവകലാശാലകളിൽ മാസ്റ്റേഴ്സ് പ്രവേശനത്തിനു 4 വർഷ ബിരുദം വേണം. മൂന്നു വർഷ ബിരുദം നേടിയവരെ 2 വർഷ പിജി കൂടി കഴിഞ്ഞാലേ പരിഗണിക്കൂ. വിദേശത്ത് ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് 4 വർഷ ഡിഗ്രിയിലൂടെ ഫലത്തിൽ ഒരു വർഷം ലാഭിക്കാം.
4 വർഷ പ്രോഗ്രാമിനുശേഷം ഒരു വർഷം കൂടി പഠിച്ച് പിജി.
4 വർഷ ഓണേഴ്സ് വിത് റിസർച് പൂർത്തിയാക്കുന്നവർക്ക് പിഎച്ച്ഡി പ്രവേശനയോഗ്യത.

Content Summary:

Four-year degree course : changes, benefits and merits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com