ADVERTISEMENT

കര, നാവിക, വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരാകാൻ യുപിഎസ്‌സിയുടെ എൻഡിഎ ആൻഡ് എൻഎ പരീക്ഷയിലൂടെ പ്ലസ്ടുക്കാർക്ക് അവസരം. പെൺകുട്ടികൾക്കും അപേക്ഷിക്കാം. പുണെ ഖഡക്‌വാസലയിലെ നാഷനൽ ഡിഫൻസ് അക്കാദമിയിലെയും കണ്ണൂർ ഏഴിമല നേവൽ അക്കാദമിയിലെയും പരിശീലനത്തിനായി കെഡറ്റുകളെ തിരഞ്ഞെടുക്കുന്നതിനുള്ള ദേശീയതല പരീക്ഷ ഏപ്രിൽ 21നു നടത്തും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോയമ്പത്തൂർ, െബംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി എന്നിവ പരീക്ഷാകേന്ദ്രങ്ങളിൽപെടും. അപേക്ഷ കിട്ടുന്ന മുറയ്ക്ക് കേന്ദ്രം അലോട് ചെയ്യും.

∙ആകെ സീറ്റ് 400
∙ എൻഡിഎ: ആർമി 208 (ഇതിൽ പെൺകുട്ടികൾക്ക് 10), നേവി 42 (പെൺകുട്ടികൾക്ക് 12), എയർ ഫോഴ്‌സ് 120: ഫ്ലയിങ് 92, ഗ്രൗണ്ട് ഡ്യൂട്ടീസ് ടെക് 18, ഗ്രൗണ്ട് ഡ്യൂട്ടീസ് നോൺ–ടെക് 10 (മൂന്ന് ഉപവിഭാഗങ്ങളിലും പെൺകുട്ടികൾക്ക് 2 വീതം).

∙ ഏഴിമല നേവൽ അക്കാദമി: 30 (പെൺകുട്ടികൾക്ക് 9)
∙പ്രവേശനയോഗ്യത

നാവിക, വ്യോമ സേനകളിൽ ചേരണമെങ്കിൽ പ്ലസ്‌ടുവിന് മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവ പഠിച്ചിരിക്കണം. ഐച്ഛിക വിഷയങ്ങൾ ഏതായാലും കരസേനയിലേക്കു പരിഗണിക്കും. 12ലെ ഫലം വരാനിരിക്കുന്നവർക്കും അപേക്ഷിക്കാം. 2024 ഡിസംബർ 24ന് അകം സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.

ജനനത്തീയതി 2005 ജൂലൈ രണ്ടിനു മുൻപോ 2008 ജൂലൈ ഒന്നിനു ശേഷമോ ആയിക്കൂടാ. അവിവാഹിതരായിരിക്കണം. മികച്ച ആരോഗ്യവും നിർദിഷ്‌ട ശാരീരിക യോഗ്യതകളും വേണം. വിശദമായ വൈദ്യപരിശോധനയുണ്ട്.

എഴുത്തുപരീക്ഷയിലെ പ്രകടനം ആധാരമാക്കി അപേക്ഷകരെ റാങ്ക് ചെയ്‌ത് സർവീസസ് സിലക്‌ഷൻ ബോർഡിന്റെ ഇന്റർവ്യൂവിനു ക്ഷണിക്കും. 5 ദിവസത്തോളം നീളുന്ന സമഗ്ര വ്യക്‌തിത്വ പരിശോധനയാണിത്. വിശദമായ തയാറെടുപ്പ് ആവശ്യം.

പ്രവേശനത്തിനു ജാതിസംവരണമില്ല. ആദ്യമായി ഇന്റർവ്യൂവിന് ഹാജരാകാൻ യാത്രച്ചെലവു ലഭിക്കും.

വ്യോമസേനയിലെ ഫ്ലയിങ് ബ്രാഞ്ചിൽ ചേരേണ്ടവർ ‘കംപ്യൂട്ടറൈസ്ഡ് പൈലറ്റ് സിലക്‌ഷൻ സിസ്റ്റം’ (CPSS) പരീക്ഷ കൂടി ജയിക്കണം. ജീവിതത്തിൽ ഒരു തവണ മാത്രം പങ്കെടുക്കാവുന്ന പരീക്ഷയാണിത്. നേവിയിലെ ജനറൽ ഡ്യൂട്ടീസ് (പൈലറ്റ്) ശാഖയിലെ നിയമനത്തിനും സിഎസ്എസ് ജയിച്ചിരിക്കണം.

∙മറ്റു വ്യവസ്ഥകൾ
എൻഡിഎയിലെ പഠനച്ചെലവ് മുഴുവൻ സർക്കാർ വഹിക്കും. ആകെ കൊടുക്കേണ്ടത്, പോക്കറ്റ് അലവൻസടക്കം 35,376 രൂപയും മറ്റു ചെറുതുകകളും മാത്രം. കേരളീയ വിദ്യാർഥികൾക്ക് കേരള സർക്കാരിന്റെ 2 ലക്ഷം രൂപ സ്കോളർഷിപ് കിട്ടും.

എൻഡിഎ പരിശീലനശേഷം ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ ബിടെക് / ബിഎസ്‌സി / ബിഎ ബിരുദം ലഭിക്കും. പാസിങ് ഔട്ട് കഴിഞ്ഞ് ആർമി, നേവി, എയർ ഫോഴ്‌സ് വിഭാഗം തിരിച്ച് വിശേഷ ട്രെയിനിങ്ങിന് അയയ്‌ക്കും. ഒരു വർഷത്തിനു ശേഷം സ്‌ഥിരം കമ്മിഷൻ ലഭിക്കും.

നേവൽ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 4 വർഷം ഏഴിമലയിലെ പരിശീലനത്തിനു ശേഷം ബിടെക് കിട്ടും.

∙പരീക്ഷാഘടന
യുപിഎസ്‌സി പരീക്ഷയിൽ ഒബ്‌ജക്‌ടീവ് ചോദ്യങ്ങളുള്ള 2 പേപ്പറുകൾ. ഓരോന്നും രണ്ടര മണിക്കൂർ. മാത്‌സ് 300 മാർക്ക്, ജനറൽ എബിലിറ്റി 600 മാർക്ക്. തെറ്റിനു മാർക്ക് കുറയ്ക്കും. സിലബസ് യുപിഎസ്‌സി വിജ്‌ഞാപനത്തിലുണ്ട്. ഇതും മുൻപരീക്ഷച്ചോദ്യങ്ങളും വിലയിരുത്തി പരിശീലനം നടത്തണം. പരീക്ഷയിൽ മാത്തമാറ്റിക്കൽ ടേബിൾസോ കാൽക്കുലേറ്ററോ അനുവദിക്കില്ല. കരസേനയിലെ നിയമനം മനസ്സിൽക്കണ്ട്, സയൻസ് വിഷയങ്ങൾ പഠിക്കാത്തവർക്കും അപേക്ഷിക്കാമെങ്കിലും, പരീക്ഷയിൽ മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയവയിലെ ചോദ്യങ്ങളും ഉണ്ടായിരിക്കുമെന്ന് ഓർക്കണം.

∙അപേക്ഷ
www.upsconline.nic.in
എന്ന വെബ് സൈറ്റിൽ ഒറ്റത്തവണ റജിസ്ട്രേഷൻ (OTR) നടത്തിയിട്ട്, ജനുവരി 9നു വൈകിട്ട് 6 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫീസ് 100 രൂപ എസ്ബിഐ ശാഖ വഴിയോ ഓൺലൈനായോ അടയ്‌ക്കാം. പട്ടികവിഭാഗക്കാർ, വനിതകൾ, നിർദിഷ്ട സൈനികരുടെ കുട്ടികൾ എന്നിവർ അപേക്ഷാഫീ നൽകേണ്ടതില്ല. ചേരാൻ താൽപര്യമുള്ള സർവീസുകളുടെ മുൻഗണനാക്രമം അപേക്ഷയിൽ കാണിക്കണം. www.upsc.gov.in എന്ന സൈറ്റിലെ Examination – Active Examinations ലിങ്കിൽ വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനമുണ്ട്. സംശയപരിഹാരത്തിന് ഫോൺ: 011-23385271.

Content Summary:

UPSC NDA 2024 Notification (OUT)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com