ADVERTISEMENT

സമർഥരായ നിർധന വിദ്യാർഥികൾക്കുള്ള എൽഐസി സുവർണജൂബിലി സ്കോളർഷിപ്പിന് 14 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വെബ്സൈറ്റ്: www.licindia.in (‘ഗോൾഡൻ ജൂബിലി സ്കോളർഷിപ്സ് 2023’ ലിങ്ക്). ഇന്ത്യയിലെ സർക്കാർ / സ്വകാര്യ കോളജ്, സർവകലാശാല, സാങ്കേതിക സ്ഥാപനം എന്നിവയിലെ മെ‍ഡിക്കൽ, എൻജിനീയറിങ് അഥവാ ഏതെങ്കിലും വിഷയത്തിലെ ബാച്‌ലർ ബിരുദം / ഡിപ്ലോമ / വൊക്കേഷനൽ / എൻസിവിടി / ഐടിഐ / 12 ജയിച്ചവർക്കുള്ള ഇന്റഗ്രേറ്റഡ് കോഴ്സുകൾ എന്നിവ ഈ പദ്ധതിയിൽപെടും. രക്ഷിതാക്കളുടെ വാർഷികവരുമാനം രണ്ടര ലക്ഷം രൂപ കവിയരുത്. കുടുംബത്തിൽ വരുമാനമുള്ള ഏകവ്യക്തി വനിതയാണെങ്കിൽ വരുമാനം 4 ലക്ഷം വരെയാകാം. 2022–23ൽ 60% മാർക്കോടെ 12–ാം ക്ലാസ് ജയിച്ചവർക്കും 60% മാർക്കോടെ 10–ാം ക്ലാസ് ജയിച്ചവർക്കും (ഡിപ്ലോമ / വൊക്കേഷനൽ / ഐടിഐ പഠനത്തിന്) അപേക്ഷിക്കാം.

തുക ഇപ്രകാരം
∙ മെഡിക്കൽ പഠനത്തിനു 3 വാർഷിക ഗഡുക്കളായി 40,000 രൂപ (12,000 + 12,000 + 16,000 രൂപ)
∙ എൻജിനീയറിങ് പഠനത്തിനു 3 വാർഷിക ഗഡുക്കളായി 30,000 രൂപ (9000 + 9000 + 12,000 രൂപ)
∙ ബിരുദം, ഇന്റഗ്രേറ്റഡ് ബിരുദം, ഡിപ്ലോമ, വൊക്കേഷനൽ, ഐടിഐ ആദിയായവയ്ക്ക് 3 വാർഷിക ഗഡുക്കളായി 20,000 രൂപ (6000 + 6000 + 8000 രൂപ)
∙ സ്പെഷൽ ഗേൾ ചൈൽഡ് സ്കോളർ: സഹായം 2 വർഷത്തേക്ക്. 60% മാർക്കോടെ 2022–23ൽ 10–ാം ക്ലാസ് ജയിച്ച പെൺകുട്ടികൾക്ക് പ്ലസ്ടു (11, 12) / ഡിപ്ലോമ / വൊക്കേഷനൽ / ഐടിഐ ആദിയായവ പഠിക്കുന്നതിന്. 3 വാർഷിക ഗഡുക്കളായി 15,000 രൂപ (4500 + 4500 + 9000 രൂപ)

കോഴ്സ് പൂർത്തിയാക്കുംവരെ സഹായം കിട്ടും. കോഴ്സ് കാലയളവിലേക്കു മാത്രമേ സഹായമുള്ളൂ. പിജി പഠനത്തിന് സഹായമില്ല. ഈ നിരക്കുകൾ പുതിയ സ്കോളർമാർക്കുള്ളതാണ്. മുൻവർഷക്കാർക്ക് അവരുടെ പഴയ നിരക്കുകൾ തുടരും. തുക വിദ്യാർഥിയുടെ ബാങ്ക് അക്കൗണ്ടിൽ വരും.

മറ്റു വിവരങ്ങൾ
∙മാർക്കും കുടുംബവരുമാനവും ഉൾപ്പെടെ പരിഗണിച്ചാവും റാങ്കിങ്. അർഹതയുള്ളവർ കൂടുതലുണ്ടെങ്കിൽ വരുമാനം കുറഞ്ഞവർക്കു മുൻഗണന.
∙ സർക്കാർ സഹായം കിട്ടുന്ന പട്ടികവിഭാഗക്കാർക്കൊഴികെ, മറ്റേതെങ്കിലും സ്കോളർഷിപ്പുള്ളവർക്ക് എൽഐസി സഹായമില്ല.
∙ ബിടെക് രണ്ടാം വർഷം ലാറ്ററൽ എൻട്രി നേടുന്നവർക്ക് ഡിപ്ലോമ പരീക്ഷയിൽ 60% മാർക്ക് വേണം.
സ്കോളർഷിപ് കിട്ടിയിട്ട് കോഴ്സ് മാറിയാൽ ആദ്യം കിട്ടിയതിനുള്ളയത്ര കാലത്തേക്കു മാത്രമേ സഹായം കിട്ടൂ. പുതിയ കോഴ്സ് ദൈർഘ്യം കുറവെങ്കിൽ അതു തീരുംവരെയും.
∙ കറസ്പോണ്ടൻസ് / പാർട്‌–ടൈം / ഓപ്പൺ യൂണിവേഴ്സിറ്റി പഠനത്തിനു സഹായമില്ല. സിഎ, കമ്പനി സെക്രട്ടറിഷിപ്, കോസ്റ്റ് അക്കൗണ്ടൻസി പഠനത്തിനും സഹായമില്ല.
∙ മെ‍‍ഡിക്കൽ / എൻജിനീയറിങ് ബിരുദപഠനത്തിനു ജനറൽ സ്കോളർഷിപ് തുടർന്നു കിട്ടാൻ തൊട്ടുമുൻപത്തെ വാർഷികപരീക്ഷയ്ക്ക് 55% എങ്കിലും മാർക്ക് നേടണം’ ആർട്സ് / സയൻസ് / കൊമേഴ്സ് ബിരുദ പ്രോഗ്രാമുകൾക്ക് 50% മാർക്കും. സ്പെഷൽ ഗേൾ ചൈൽഡിന് 11–ാം ക്ലാസിൽ 50% മാർക്കുണ്ടെങ്കിലേ സ്കോളർഷിപ് തുടർന്നുകിട്ടൂ.
∙ ഒരു കുടുംബത്തിൽനിന്ന് ഒരു കുട്ടിക്കേ സഹായം കിട്ടൂ. പക്ഷേ രണ്ടാമത്തേത് പെൺകുട്ടിയാണെങ്കിൽ അപേക്ഷിക്കാം.
∙ വരുമാനം തെളിയിക്കാൻ, സ്വയംതൊഴിലിലേർപ്പെട്ട രക്ഷിതാക്കൾ നോൺ–ജുഡീഷ്യൽ സ്റ്റാംപ് പേപ്പറിൽ നോട്ടറൈസ് ചെയ്ത സത്യവാങ്മൂലം സമർപ്പിച്ചാൽ മതി. ജോലിയിലിരിക്കുന്നവർ മേലധികാരിയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഭൂമിയുടെ ഉടമസ്ഥാവകാശവും മറ്റും റവന്യൂ അധികൃതർ സാക്ഷ്യപ്പെടുത്തണം.
∙ ഓരോ എൽഐസി ഡിവിഷനിലും 20 വിദ്യാർഥികൾക്കും, 10 സ്പെഷൽ ഗേൾ ചൈൽഡ് വിഭാഗക്കാർക്കും സഹായം നൽകും. ജനറൽ വിഭാഗത്തിലെ 20ൽ 10 ആൺകുട്ടികൾക്കും 10 പെൺകുട്ടികൾക്കും. കൂടുതൽ വിവരങ്ങൾക്കു സൈറ്റ് നോക്കാം.

Content Summary:

Apply for LIC Golden Jubilee Scholarship by 14th – Aid for Meritorious Students Awaits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com