ADVERTISEMENT

പാലക്കാട്ടെ കർഷകർക്കു കേരള കാർഷിക സർവകലാശാലയുമായി ബന്ധമുണ്ടെന്നു പറഞ്ഞാൽ മനസ്സിലാക്കാം. എന്നാൽ അവർക്കു കേരള ഡിജിറ്റൽ സർവകലാശാലയുമായി എന്താണു ബന്ധം ? കർഷകർക്ക് കൃഷിഭൂമിയുടെ ഫ‌ലഭൂയിഷ്ഠത മനസ്സിലാക്കാൻ ‘മണ്ണ്’ ആപ് വികസിപ്പിച്ചത് ഡിജിറ്റൽ സർവകലാശാലയിലെ വിദ്യാർഥികളാണ്. ആ പ്രോജക്ടിലൂടെ സംസ്ഥാന ഇ– ഗവേണൻസ് അവാർഡും ലഭിച്ചു. ആമുഖമായി ഇതു പറയാൻ കാരണമുണ്ട്. ഡിജിറ്റൽ സർവകലാശാലയെന്നു കേൾക്കുമ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡേറ്റാ അനലിറ്റിക്സുമായി വെർച്വൽ ലോകത്തു ജീവിക്കുന്ന കുറച്ചുപേർ എന്ന മുൻവിധി വേണ്ട. കർഷകരും സംരംഭകരും പ്രഫഷനലുകളുമടക്കം കേരളത്തിൽ എല്ലാ മേഖലകളിലുള്ളവർക്കും ഡിജിറ്റൽ ലോകത്തിന്റെ സാധ്യതകൾ മനസ്സിലാക്കിക്കൊടുക്കുന്നതിലെ കണ്ണികളാണിവർ. ജിഎസ്ടി നടപ്പാക്കുന്നതിന് സഹായകമായ ലക്കി ബിൽ ആപ്പിനെക്കുറിച്ചു നാം കേട്ടിട്ടുണ്ടെങ്കിലും അതു വികസിപ്പിച്ചത് ഡിജിറ്റൽ സർവകലാശാലയിലാണെന്ന് എത്രപേർക്കറിയാം ?

‘പ്രായോഗിക’ പഠനം
കേന്ദ്ര, കേരള സർക്കാരുകൾക്കായുള്ള വിവിധ പ്രോജക്ടുകളിലൂടെ പ്രായോഗികപരിജ്ഞാനം മാത്രമല്ല, പഠനകാലത്തു തന്നെ വരുമാനവും നേടുന്നു ഡിജിറ്റൽ സർവകലാശാലയിലെ വിദ്യാർഥികൾ. ‘Earn while you learn’ എന്നുപറയുമ്പോൾ പഠനം കഴിഞ്ഞുള്ള സമയത്ത് പമ്പിലോ റസ്റ്ററന്റിലോ ഉള്ള ജോലിയാകും പലരുടെയും സങ്കൽപത്തിൽ. പഠിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട പ്രോജക്ടിലെ സ്റ്റൈപൻഡാണ് ഇവിടെ വിദ്യാർഥികളുടെ വരുമാനമാർഗം.

ടെക്നോപാർക്കിൽ പഠിക്കാം
2000ൽ സ്ഥാപിതമായ ഐഐഐടിഎം-കെയാണ് (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്-കേരള) 2020ൽ കേരള ഡിജിറ്റൽ സർവകലാശാലയായി മാറിയത്. പ്രവർത്തിക്കുന്നത് തിരുവനന്തപുരം പള്ളിപ്പുറത്തുള്ള ടെക്നോപാർക്ക് ഫേസ് 4 ക്യാംപസിലായതിനാൽ ‘ഇൻഡസ്ട്രി ലിങ്ക്ഡ് പഠനം’ എന്ന ആശയം എല്ലാ അർഥത്തിലും നടപ്പാകുന്നു. സർവകലാശാലയുടെ ആദ്യ ബാച്ച് കഴിഞ്ഞവർഷം പുറത്തിറങ്ങി.

ഇന്റർനാഷനൽ  ബന്ധങ്ങൾ
ഓക്സ്ഫഡ്, മാഞ്ചസ്റ്റർ, എഡിൻബറ സർവകലാശാലകളുമായും ARM, AMD, Entuple തുടങ്ങിയ രാജ്യാന്തര കമ്പനികളുമായും ഡിജിറ്റൽ സർവകലാശാല സഹകരിക്കുന്നുണ്ട്. ഗ്രാഫീൻ അധിഷ്ഠിത വ്യവസായ സ്ഥാപനങ്ങളുമായി യോജിച്ചുള്ള പ്രവർത്തനത്തിനും ഗവേഷണത്തിനുമായി ‘ഇന്ത്യ ഇന്നവേഷൻ സെന്റർ ഫോർ ഗ്രാഫീ‍ൻ’ ക്യാംപസിൽ പ്രവർത്തിക്കുന്നു. 1515 കോടി രൂപയുടെ ഡിജിറ്റൽ സയൻസ് പാർക്കിന് സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട്. ശ്രീനാരായണ ഓപ്പൺ സർവകലാശാല, ജിഎസ്ടി വകുപ്പ്, നാസ്കോം, ഐസർ തുടങ്ങിയ വകുപ്പുകളും സ്ഥാപനങ്ങളുമായും യോജിച്ച് പ്രോജക്ടുകളും പ്രോഗ്രാമുകളും നടത്തുന്നു.

സിയുഇടി-പിജി വഴി പ്രവേശനം
പിജി പ്രോഗ്രാമുകളിലേക്കുള്ള ദേശീയ എൻട്രൻസായ സിയുഇടി-പിജി വഴി ഡിജിറ്റൽ സർവകലാശാലയിലെ എംടെക്, എംഎസ്‌സി, എംബിഎ പ്രോഗ്രാമുകളിലേക്ക് ഈമാസം 24 വരെ അപേക്ഷിക്കാം.പ്രോഗ്രാമുകൾ ഇവ: എംഎസ്‌സി കംപ്യൂട്ടർ സയൻസ് (സൈബർ സെക്യൂരിറ്റി / മെഷീൻ ഇന്റലിജൻസ് / ഡേറ്റാ അനലിറ്റിക്സ്), എംഎസ്‌സി ഡേറ്റാ അനലിറ്റിക്സ് & ബയോ എഐ, എംഎസ്‌സി ഡേറ്റാ അനലിറ്റിക്സ് & കംപ്യൂട്ടേഷനൽ സയൻസ്, എംഎസ്‌സി ഡേറ്റാ അനലിറ്റിക്സ് & ജിയോഇൻഫർമാറ്റിക്സ്, എംഎസ്‌സി ഇലക്ട്രോണിക്സ്, എംഎസ്‌സി അപ്ലൈഡ് ഫിസിക്സ്, എംഎസ്‌സി ഇക്കോളജി (സ്പെഷലൈസേഷൻ: ഇക്കളോജിക്കൽ ഇൻഫർമാറ്റിക്സ്), എംടെക് (കംപ്യൂട്ടർ സയൻസ് / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക് പ്രോഡക്ട് ഡിസൈൻ), എംബിഎ. യോഗ്യത, സിയുഇടി-പിജിക്ക് എഴുതേണ്ട പേപ്പറുകൾ തുടങ്ങിയ വിവരങ്ങൾക്ക് pgcuet.samarth.ac.in സിഎസ്ഐആർ, യുജിസി നെറ്റ് യോഗ്യതകളുള്ളവർക്കായി പിഎച്ച്ഡി പ്രോഗ്രാമുകളും സർവകലാശാലയിലുണ്ട്.

t-roshan
ടി.റോഷൻ

ബിഎസ്‌സി ഫിസിക്സ് കഴിഞ്ഞാണ് ഇവിടെ ചേ‍ർന്നത്. പ്ലേസ്മെന്റ് റപ്രസന്റേറ്റീവുമാണ്. പ്ലേസ്മെന്റിന് 5–6 മാസം മുൻപു കമ്പനികളെ കോൺടാക്ട് ചെയ്യും. ക്യാംപസ് ഇൻഫോ പാർക്കിലായതിനാൽ ബഹുരാഷ്ട്ര കമ്പനികളുമായി അടുത്ത പരിചയം ലഭിച്ചു. ക്യാംപസ് സിലക്‌ഷൻ വഴി നല്ല പ്ലേസ്മെന്റും കിട്ടി.

ടി.റോഷൻ, 
എംഎസ്‌സി ഡേറ്റാ 
അനലിറ്റിക്സ്

k-p-rida
കെ.പി.റിദ

തിയറി പഠിച്ച് മാർക്ക് വാങ്ങുന്നതിനപ്പുറം സ്കിൽ ഡവലപ്മെന്റിനാണ് ഇവിടെ പ്രാധാന്യം. മികച്ച കമ്പനികളുമായി യോജിച്ച് പ്രവർത്തിക്കാം. മൂന്നാം സെമസ്റ്റർ മുതൽ പ്ലേസ്മെന്റ് അവസരങ്ങൾ ലഭിച്ചുതുടങ്ങി.

കെ.പി.റിദ,
എംഎസ്‌സി ഡേറ്റാ 
അനലിറ്റിക്സ്

രാജ്യത്തെ ആദ്യ ഡിജിറ്റൽ സർവകലാശാലയാണിത്.സർക്കാർ പ്രോജക്ടുകളിൽ പങ്കെടുക്കാൻ കിട്ടുന്ന അവസരം വിലപ്പെട്ടതാണ്. ഇതു വിദ്യാർഥികളുടെ തൊഴിൽക്ഷമതയും കൂട്ടുന്നു.

prof-m-mujeeb
പ്രഫ. എ. മുജീബ്

പ്രഫ. എ. മുജീബ് 
റജിസ്ട്രാർ, 
കേരള ഡിജിറ്റൽ സർവകലാശാല

Content Summary:

Transforming Agriculture in Kerala: How the 'Soil' App Connects Palakkad Farmers to Digital Innovation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com