ADVERTISEMENT

ട്രെയിൻ ഓടിക്കുക നിസ്സാര കാര്യമല്ലെന്നു നമുക്കറിയാം. അതുതന്നെയാണ് ആ ജോലിയുടെ ആകർഷണീയതയും. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്ക് അപേക്ഷ വിളിച്ചിരിക്കുകയാണ് റെയിൽവേ. 5696 ഒഴിവ്. ഈ മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്കുള്ള സുവർണാവസരം. മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഓട്ടമൊബീൽ എൻജിനീയറിങ് ഡിപ്ലോമയോ നിശ്ചിത ട്രേഡുകളിൽ ഐടിഐ-അപ്രന്റിസ്ഷിപ് യോഗ്യതയോ ഉള്ളവർക്ക് ഫെബ്രുവരി 19 വരെ അപേക്ഷിക്കാം. എൻജിനീയറിങ് ബിരുദധാരികളെയും പരിഗണിക്കും. 

കരിയർ ഘടന
അസിസ്റ്റന്റ് ലോക്കോ പൈലറ്റായാണ് ആദ്യനിയമനം. ട്രെയിൻ ഓടിക്കുന്ന പ്രധാന ലോക്കോ പൈലറ്റിനൊപ്പമാകും ഡ്യൂട്ടി. ട്രാക്കിൽ സിഗ്നലുകളുണ്ട്. സിഗ്നൽ, സ്പീഡ് എന്നിവ ശ്രദ്ധിക്കണം. പോകുന്ന വഴികളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആവശ്യാനുസരണം ലോക്കോ പൈലറ്റിനെ ധരിപ്പിക്കണം. ട്രെയിനിങ് കാലത്ത് ടെക്നിക്കൽ കാര്യങ്ങളും റെയിൽവേ റൂൾസും പഠിപ്പിക്കും. ഇലക്ട്രിക്, ഡീസൽ എൻജിനുകളിൽ ആവശ്യാനുസരണം ട്രെയിനിങ്ങുണ്ടാകും. ജോലിയിൽ 2 വർഷം കഴിഞ്ഞാൽ സീനിയർ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ആകും. തുടർന്ന് എൽപി ഷണ്ടറായി (ഗ്രേഡ് 1 & 2) പ്രമോഷൻ. സ്റ്റേഷനിൽ എൻജിൻ മാറ്റുന്ന ഡ്യൂട്ടിയാണിത്. ചിലപ്പോൾ ഈ ഘട്ടം ഒഴിവാക്കി ലോക്കോ പൈലറ്റ്– ഗുഡ്സ് എന്ന അടുത്ത ഘട്ടത്തിലേക്കു നേരിട്ടുപോകാം. പിന്നീട് ലോക്കോ പൈലറ്റ്– പാസഞ്ചർ, ലോക്കോ പൈലറ്റ്– മെയിൽ എന്നിങ്ങനെയുള്ള ചുമതലകൾ. ഉയർന്ന ലെവലുകളിൽ വേക്കൻസി അനുസരിച്ചാകും പ്രമോഷൻ.

മികച്ച ആനുകൂല്യങ്ങൾ
റെയിൽവേയുടെ റണ്ണിങ് സ്റ്റാഫ് കാറ്റഗറിയിലായതിനാൽ മികച്ച ശമ്പളവും ആനുകൂല്യങ്ങളുമുണ്ട്. ഓരോ കിലോമീറ്ററിനും നിശ്ചിത തുക മൈലേജ് അലവൻസ് ലഭിക്കും. അടിസ്ഥാന ശമ്പളത്തേക്കാൾ കൂടുതൽ തുക വരെ ഇങ്ങനെ കിട്ടുന്നവരുണ്ട്. ഗാർഡ് മാത്രമാണ് ലോക്കോ പൈലറ്റ് കൂടാതെ ഈ കാറ്റഗറിയിലുള്ളത്. ഡ്യൂട്ടി കഴിഞ്ഞ് അടുത്ത റണ്ണിങ്ങിനു മുൻപ് വിശ്രമിക്കാനായി സ്റ്റേഷനുകളിൽ റണ്ണിങ് റൂമുകളുണ്ടാകും.

career-change
Representative image. Photo Credit : Rawpixel.com/Shutterstock

കരിയർ ചെയ്ഞ്ച്
സർവീസിൽ നിശ്ചിത കിലോമീറ്ററുകൾ ഓടിക്കഴിഞ്ഞാൽ ക്രൂ കൺട്രോളർ തസ്തികയിലേക്ക് അപേക്ഷിക്കാം. ട്രെയിനുകളിൽ ലോക്കോ പൈലറ്റുമാരെ നിയോഗിക്കുകയെന്ന ഓഫിസ് ഡ്യൂട്ടിയാണിത്. ചീഫ് ലോക്കോ ഇൻസ്പെക്ടർ എന്ന തസ്തികയിലേക്കും അപേക്ഷിക്കാം. ഈ ഡ്യൂട്ടിയിലുള്ളവർക്കും മൈലേജ് അലവൻസ് ലഭിക്കും.

വർക്ക്– ലൈഫ് ബാലൻസ് 
വർഷം 10 കാഷ്വൽ ലീവും 30 പെയ്ഡ് ലീവുമാണുള്ളത്. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ഇതിനുപുറമേ ആവശ്യാനുസരണം സിക് ലീവും ലഭിക്കും. അവശ്യ സർവീസായതിനാൽ എല്ലാ ദേശീയ അവധികളും ലഭിക്കില്ല. ആഴ്ചയിൽ ഏതെങ്കിലും ഒരു ദിവസമായിരിക്കും ഓഫ്. കൃത്യസമയത്ത് ഉറക്കം നിർബന്ധമുള്ളവർക്ക് ഈ ജോലി ബുദ്ധിമുട്ടായേക്കും. ഏതു സമയത്തും ഡ്യൂട്ടി ചെയ്യാനുള്ള സന്നദ്ധത അനിവാര്യം.

B.S.Warrier - Ulkazhcha Column – Why is it important to balance work and life
Representative image. Photo Credit : maselkoo99/iStock

ശ്രദ്ധിക്കേണ്ട 2 കാര്യങ്ങൾ
ആദ്യത്തെ ട്രെയിനിങ്ങിന്റെ മാർക്ക് വച്ചാകും സീനിയോറിറ്റി കണക്കാക്കുക. റെയിൽവേ റൂളുകൾ മറികടക്കരുതെന്ന നിഷ്കർഷ ഈ ജോലിയിലുണ്ട്. എന്തെങ്കിലും വീഴ്ചവരുത്തിയാൽ ശിക്ഷാനടപടികൾ നേരിടേണ്ടി വന്നേക്കാം.

Representative image. Photo Credit : Moorefam/iStock
Representative image. Photo Credit : Moorefam/iStock

വേണം, നല്ല ആരോഗ്യം
അസിസ്റ്റന്റ് ലോക്കോ പൈലറ്റാകാൻ മികച്ച ആരോഗ്യം നിർബന്ധമാണ്. എ1 കാറ്റഗറി മെഡിക്കൽ ടെസ്റ്റ് ഉണ്ട്. മികച്ച കാഴ്ചശക്തി വളരെ പ്രധാനം. അതിനാൽ പരീക്ഷയ്ക്കായുള്ള തയാറെടുപ്പു തുടങ്ങുംമുൻപു തന്നെ സ്വന്തം നിലയ്ക്കു മെഡിക്കൽ ടെസ്റ്റ് നടത്തി, മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതു നന്നായിരിക്കും.  സർവീസിൽ കയറിയശേഷവും നാലുവർഷത്തിലൊരിക്കൽ മെഡിക്കൽ ടെസ്റ്റുണ്ടാകും. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ മറ്റു തസ്തികകളിലേക്കു മാറ്റും.

Content Summary :

How to Climb the Railways Career Ladder from Assistant Loco Pilot to Inspector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com