ADVERTISEMENT

മനസ്സിന്റെ വിഷമം പലരും പല രീതിയിലാണ് പ്രകടിപ്പിക്കുന്നത്. ചിലർ പൊട്ടിക്കരയും, മറ്റു ചിലർ ഏറ്റവും പ്രിയപ്പെട്ടവരോടു മനസ്സു തുറക്കും, ചിലർ‍ ദിവസങ്ങളോളം മിണ്ടാതെ നടക്കും. പക്ഷേ ഒരു തൊഴിലിടത്തിൽ മേൽപറഞ്ഞ സംഗതികളൊന്നും പ്രോത്സാഹിപ്പിക്കപ്പെടാറില്ല. എത്ര നന്നായി ജോലി ചെയ്യുന്നു എന്നു മാത്രമല്ല, സമ്മർദങ്ങളെ നേരിടാനുള്ള ജീവനക്കാരുടെ കഴിവും വിലയിരുത്തപ്പെടുന്നുണ്ട്. അതുകൊണ്ട് നന്നായി ജോലി ചെയ്യാനുള്ള മാനസികാരോഗ്യം കൂടി കൈവരിക്കേണ്ടത് അനിവാര്യമാണ്. 

ആവശ്യത്തിലേറെ ഉത്തരവാദിത്തം നിറവേറ്റാനുള്ളതുകൊണ്ട് സഹപ്രവർത്തകരുടെ പെരുമാറ്റ രീതികളിലുള്ള വ്യത്യാസം പലർക്കും തിരിച്ചറിയാൻ സാധിക്കാറില്ല. അഥവാ തിരിച്ചറിഞ്ഞാലും പലരും അതിനെ ഗൗരവത്തോടെ സമീപിക്കാറില്ല. പലപ്പോഴും ആശയ വിനിമയത്തിലെ തകരാറുകളും തെറ്റിദ്ധാരണകളും ജോലിസ്ഥലത്തെ സൗഹൃദങ്ങളെയും ബന്ധങ്ങളെയും മോശമായി ബാധിക്കാറുണ്ട്. സംഗതി അത്രയും വഷളാവുന്നതു വരെ കാത്തുനിൽക്കാതെ, സ്വരചേർച്ചയില്ലായ്മ തുടങ്ങുന്നതിനു മുൻപു തന്നെ ജീവനക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള സാഹചര്യം തൊഴിൽ ദാതാക്കളും മേലധികാരികളും ഒരുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

തൊഴിൽപരമായ സമ്മർദങ്ങളെ അതിജീവിക്കാൻ വർക്ക്‌പ്ലേസ് കൗൺസിലിങ് സഹായിക്കും. അത്രയും ഗൗരവമുള്ള കാര്യമായതുകൊണ്ടുതന്നെ, പരിശീലനം സിദ്ധിച്ച വിദഗ്ധരെ ആ ഉത്തരവാദിത്തം ഏൽപിക്കുകയാണ് ഉചിതം. എന്നും പെരുമാറുന്നതിനു വിരുദ്ധമായി, അപരിചിതമായി പെരുമാറുകയോ സംസാരിക്കുകയോ ചെയ്യുന്ന സഹപ്രവർത്തകനെ ജോലിയിൽനിന്നു മാറ്റിനിർത്തണമെന്നുപോലും പലരും ചിന്തിച്ചേക്കാം. എന്നാൽ പ്രശ്നങ്ങൾ കേൾക്കാൻ അൽപം സമയം മാറ്റിവയ്ക്കുന്നതോ ‘സാരമില്ല, പോട്ടെ’ എന്നൊരു വാക്കോ കൊണ്ട് പലരെയും ജോലിയിലേക്കും ജീവിതത്തിലേക്കും തിരിച്ചുകൊണ്ടു വരാൻ സാധിക്കുമെന്ന് വിസ്മരിക്കരുത്. സമ്മർദം കൊണ്ടു പൊറുതിമുട്ടുന്നവരെ വീണ്ടും സമ്മർദത്തിലേക്കു തള്ളിവിടാനല്ല, മറിച്ച് അതിനെ അതിജീവിക്കാനാണ് പഠിപ്പിക്കേണ്ടത്.

career-counselling
Representative image. Photo Credit : Africa Studio/Shutterstock

ദൈനംദിന ജീവിതത്തിലെ സമ്മർദങ്ങളെ അതിജീവിക്കാൻ സ്വയം പ്രാപ്തിയില്ലെന്നു തോന്നുമ്പോൾ പലരും മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുകയും കൗൺസലിങ് എന്ന പ്രക്രിയയിലൂടെ കടന്നു പോവുകയും ചെയ്യാറുണ്ട്. ചിലർ അത്തരം ശ്രമങ്ങളെ മാറി നിന്ന് പരിഹസിക്കാറുണ്ട്. മനോരോഗമുള്ള ആളുകളാണ് കൗൺസലിങ്ങിനു പോകുന്നതെന്ന് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്യും. ആദ്യം തിരുത്തേണ്ടത് ആ തെറ്റിദ്ധാരണയാണ്.

തികച്ചും നോർമലായ മാനസിക നിലയുള്ളവർക്കും കൗൺസലിങ് ആവശ്യമായി വരാറുണ്ട്. ഒരാൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അവരെക്കൊണ്ടുതന്നെ പരിഹാരം കണ്ടെത്താൻ സഹായിക്കുന്ന പ്രക്രിയയാണ് കൗൺസലിങ്. അതുകൊണ്ട് മൽസരാധിഷ്ഠിത ലോകത്തെ സമ്മർദങ്ങളെ അതിജീവിക്കാൻ തൊഴിലിടങ്ങളിൽ കൗൺസലിങ്ങിനുള്ള സൗകര്യങ്ങൾ ഒരുക്കി നൽകാം. പ്രഫഷനൽ സ്ഥാപനങ്ങളിൽ വർക്ക്പ്ലേസ് കൗൺസലിങ്ങിനായി ഒരിടം ഒരുക്കുകയും പ്രഫഷനൽ കൗൺസലർമാരുടെ സേവനം ജീവനക്കാർക്ക് ഉപയോഗിക്കാൻ അവസരം നൽകുകയും ചെയ്യേണ്ടത് മാറുന്ന കാലത്തിന്റെ ആവശ്യമാണ്. ജീവനക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ അതു സഹായിക്കുന്നുവെന്ന് നൂറു ശതമാനം ഉറപ്പു വരുത്താം.

Representative Image. Photo Credit : Prostock-studio/Shutterstock.com
Representative Image. Photo Credit : Prostock-studio/Shutterstock.com

ഗോസിപ് പടരാൻ ഇടയാകാതെ മാന്യമായ പരിഹാരം
ജീവിതത്തിലായാലും തൊഴിലിടത്തിലായാലും ബന്ധങ്ങൾ സങ്കീർണമാകുന്ന പുതിയ കാലത്ത് പരസ്പരം വിശ്വസിക്കാനും കാര്യങ്ങൾ മനസ്സു തുറന്നു പങ്കുവയ്ക്കാനും ആളുകൾക്ക് മടിയുണ്ട്. ഇന്ന് സൗഹൃദത്തിലുള്ള വ്യക്തി നാളെ ശത്രുസ്ഥാനത്തു വന്നാൽ ഇതുവരെ വിശ്വസിച്ചു പറഞ്ഞ കഥകളെല്ലാം അങ്ങാടിപ്പാട്ടാകുമെന്ന ഭയം പലർക്കുമുണ്ട്. അതുകൊണ്ടു തന്നെ മനസ്സിനെ അലട്ടുന്ന പലതിനെക്കുറിച്ചും ഉറ്റസുഹൃത്തുക്കളോടു പോലും തുറന്നു പറയാൻ പലർക്കും ഭയമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ, ജോലിസ്ഥലത്ത് ഒരു മാനസിക വിദഗ്ധന്റെ പിന്തുണ വളരെ ഗുണം ചെയ്യും. മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുമായി ഒരു വേദിയൊരുങ്ങുകയും ആളുകൾ ഉത്പാദനക്ഷമതയോടെ ജോലി ചെയ്യാൻ ആരംഭിക്കുകയും ചെയ്യും എന്നതാണ് വർക്ക് പ്ലേസ് കൗൺസലിങ്ങിന്റെ ഏറ്റവും വലിയ പ്രയോജനം

Representative image. Photo Credit : Ridofranz/iStock
Representative image. Photo Credit : Ridofranz/iStock

കണ്ടെത്താം കഴിവുകളുടെ അക്ഷയഖനി
അനാവശ്യമായ ടെൻഷനും സമ്മർദങ്ങളും മനസ്സിനെ അലട്ടുന്നതു മൂലം സ്വന്തം മികവുകളെക്കുറിച്ചും കഴിവുകളെക്കുറിച്ചും ആളുകൾ തിരിച്ചറിയാതെ പോകുന്നുണ്ട്. വേണ്ട സമയത്ത് ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ലഭിച്ചാൽ അന്നോളം അറിയാതെ പോയ കഴിവുകളെ തിരച്ചറിയാൻ ആ കൂടിക്കാഴ്ച സഹായിച്ചേക്കും. ഒരു പ്രഫഷനലുമായി നിരന്തരം ആശയവിനിമയം നടത്താനുള്ള സാഹചര്യമുണ്ടായാൽ പല കഴിവുകളും തിരിച്ചറിയാനും അതു ജോലിയിലും ജീവിതത്തിലും പ്രയോജനപ്പെടുത്താനും സാധിക്കും.

Representative image. Photo Credit : BearFotos/Shutterstock
Representative image. Photo Credit : BearFotos/Shutterstock

ആത്മവിശ്വാസം വർധിക്കും, ജീവിതം കുറച്ചു കൂടി എളുപ്പമാകും
പല തരത്തിലുള്ള കഴിവുകളും ശേഷികളും ഉണ്ടെങ്കിലും ആത്മവിശ്വാസമില്ലെങ്കിൽ എല്ലാം വെള്ളത്തിൽ വരച്ച വര പോലെയാകും. സമ്മർദം അകന്ന ശാന്തമായ മനസ്സ് ആശയവിനിമയ ശേഷി വർധിപ്പിക്കുകയും ജീവനക്കാരുടെ ഉത്പാദനക്ഷമതയെ പോസിറ്റീവായി സ്വാധീനിക്കുകയും ചെയ്യും. ജോലിയിലെയും ജീവിതത്തിലെയും സമ്മർദമകറ്റാൻ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം നൽകുന്ന മാനേജ്മെന്റിനോട് ജീവനക്കാർ കൂറ് പുലർത്തുന്നതുകൊണ്ട് ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള ബന്ധം ഊഷ്മളമാകാനും പരസ്പര വിശ്വാസ്യത കൂടാനും നല്ല കൗൺസലിങ് സഹായിക്കും

നാലാളറിയരുത്!
ജോലിസ്ഥലത്ത് സമ്മർദം ലഘൂകരിക്കാനായി ചെയ്തുകൊടുക്കുന്ന സേവനം കൊണ്ട് ഒരിക്കലും ജീവനക്കാരുടെ സ്വകാര്യത ഹനിക്കപ്പെടരുത്. വളരെ രഹസ്യാത്മകമായി വേണം ഇത്തരം കാര്യങ്ങൾ ചെയ്യാൻ. കൗൺസലിങ്ങിനെ ദുർവ്യാഖ്യാനം ചെയ്യുന്നവരുടെ കണ്ണിൽപ്പെടാത്ത വിധം വേണം ഇത്തരം സേവനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ. അല്ലെങ്കിൽ ഒരു പക്ഷേ ‘വെളുക്കാൻ തേച്ചത് പാണ്ടായി’ എന്ന പഴഞ്ചൊല്ലു പോലെയാകും ജീവനക്കാരുടെ അവസ്ഥ.

 Representative image. Photo Credit : Dusan Petkovic/Shutterstock
Representative image. Photo Credit : Dusan Petkovic/Shutterstock

തൊഴിലുടമകളും മനസ്സിലാക്കട്ടെ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം
സമ്മർദം സർവവ്യാപിയല്ലേ എന്ന ക്ലീഷേ ഡയലോഗ് പറയുന്ന തൊഴിൽദാതാക്കൾ ഉണ്ടാകാതിരിക്കുക എന്നതാണ് പ്രധാനം. ജീവനക്കാർ ആത്മാർഥതയോടെ, മികച്ച ഉത്പാദനക്ഷമതയോടെ ജോലി ചെയ്യണമെങ്കിൽ അവരുടെ മനസ്സിൽ സമ്മർദങ്ങളില്ലാതെയാകണം. അതിനുള്ള സാഹചര്യങ്ങൾ കഴിയുന്നതു പോലെ ഒരുക്കി നൽകണം. 

office-gossip-005
Representative image. Photo Credit : Antonio Guillem/Shutterstock

കിളിപോയി, അഞ്ചു പൈസ കുറവാ എന്നൊക്കെ പരിഹസിക്കാതിരിക്കാം
തൊഴിലുടമകൾക്കു മാത്രമല്ല ജീവനക്കാർക്കും സമ്മർദരഹിത ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിവ് വേണം. സഹപ്രവർത്തകരിലൊരാൾ അസ്വാഭാവികമായി പെരുമാറിയാൽ അതിന്റെ കിളി പോയതാ, അതിന് അഞ്ചു പൈസ കുറവാണ് എന്നൊക്കെ പറഞ്ഞ് പരിഹസിക്കാതിരിക്കാനുള്ള മിനിമം മാന്യത കാട്ടാം. സമ്മർദം പിടിമുറുക്കിയെന്നുറപ്പിച്ചയാൾക്ക് വേണ്ട മാനസിക പിന്തുണ നൽകാൻ ശ്രമിക്കാം. ഒറ്റപ്പെടുത്താനല്ല, ചേർത്തു നിർത്താനാണ് മനസ്സു കാട്ടേണ്ടതെന്ന്  പഠിപ്പിക്കാം.

Content Summary:

Revolutionizing Workplace Mental Health: The Power of Counseling for Employee Wellbeing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com