ഉയർന്ന വില കൊടുത്ത് ലേഖനങ്ങൾ വാങ്ങേണ്ട, ഓപ്പൺ ആക്സസിലൂടെ ഗവേഷണം സുഗമമാക്കാം
Mail This Article
ഗവേഷണത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്ന് ബന്ധപ്പെട്ട വിഷയത്തിലെ പൂർവരചനകളുടെ വായനയും അവലോകനവുമാണ് (Review of literature). ഓരോ വിഷയത്തിലുമുള്ള ദേശീയ, രാജ്യാന്തര കൂട്ടായ്മകൾ (ഉദാ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ് (IEEE), കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് (CSIR)) പ്രസിദ്ധീകരിക്കുന്ന ജേണലുകൾ ഇക്കാര്യത്തിൽ വലിയ ആശ്രയമാണെങ്കിലും ലേഖനങ്ങളുടെ ഉയർന്ന വില നവഗവേഷകരെ അതിൽനിന്നു പിന്നാക്കം വലിക്കുന്നു. ഉദാഹരണത്തിന് IEEE വരിക്കാരല്ലാത്ത സ്ഥാപനങ്ങളിൽനിന്നും അംഗങ്ങളല്ലാത്ത വ്യക്തികളിൽനിന്നും ശരാശരി 40 ഡോളറാണ് ഒരു ലേഖനത്തിന് ഈടാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഗവേഷകലോകം ‘ഓപ്പൺ ആക്‌സസ്’ എന്ന ആശയത്തെക്കുറിച്ചു ചിന്തിച്ചത്. ലോകമെമ്പാടുമുള്ള ഗവേഷണത്തിന്റെ ഫലങ്ങൾ ഡിജിറ്റൽ രൂപത്തിൽ താമസംവിനാ, സൗജന്യമായി ലഭ്യമാക്കുന്ന മാതൃക. എല്ലാത്തരം വിജ്ഞാനവും എല്ലാവർക്കും പ്രാപ്യമാക്കുക എന്ന ആധുനിക ലോകത്തിന്റെ പൊതുബോധവും ഇതോടു ചേർത്തുവയ്ക്കാം.
യുജിസിയുടെ 2016ലെ വിജ്ഞാപനപ്രകാരം ഇന്ത്യൻ സർവകലാശാലകളിലെ ഗവേഷകർ തങ്ങളുടെ പ്രബന്ധങ്ങളുടെ ഇ–പതിപ്പ്, എവിടെയുമുള്ള അക്കാദമിക് സമൂഹത്തിന് സുഗമമായി ലഭ്യമാകുംവിധം കേന്ദ്രീകൃത ഡിജിറ്റൽ റിപ്പോസിറ്ററിയിൽ നിക്ഷേപിക്കേണ്ടതുണ്ട്. ഇന്ത്യയിൽ ഗവേഷണ അറിവുകൾ ഏറക്കുറെ സൗജന്യമായി ലഭ്യമാക്കുന്നത് യുജിസിക്കു കീഴിലുള്ള ഇൻഫർമേഷൻ ആൻഡ് ലൈബ്രറി നെറ്റ്‌വർക്ക് (INFLIBNET) ആണ്. പ്രധാനമായും നാല് ഉപഘടകങ്ങളിലൂടെയാണ് INFLIBNET സേവനം ലഭ്യമാകുന്നത്.
ശോധ്ഗംഗ: ഇന്ത്യൻ സർവകലാശാലകൾ അംഗീകരിക്കുന്ന എല്ലാ പിഎച്ച്ഡി പ്രബന്ധങ്ങളുടെയും എംഫിൽ ഡിസെർട്ടേഷനുകളുടെയും സംഭരണി. വ്യക്തികൾക്ക് മെംബർഷിപ് കൂടാതെതന്നെ തീസിസുകൾ തിരയാനും ഡൗൺലോഡ് ചെയ്യാനും കഴിയും. ലിങ്ക്: https://shodhganga. inflibnet.ac.in:8443/jspui/
ഇ-ശോധ്സിന്ധു: കോളജ് വിദ്യാർഥികൾ, അധ്യാപകർ, ഗവേഷകർ തുടങ്ങിയവർക്ക് ഇ- റിസോഴ്സുകളുടെ അതിവിപുല ശൃംഖലയായ N-LIST (National Library and Information Services Infrastructure for Scholarly Content) പ്രാപ്യമാക്കുന്നു. നാഷനൽ ഡിജിറ്റൽ ലൈബ്രറിയിലെ 6 ലക്ഷത്തോളം ഡിജിറ്റൽ പുസ്തകങ്ങളും ഉപയോഗിക്കാം. അഗ്രികൾചർ, എൻജിനീയറിങ്, മാനേജ്മെന്റ്, മെഡിക്കൽ, ഫാർമസി, ഡെന്റിസ്ട്രി, നഴ്സിങ് ഒഴികെയുള്ള മേഖലയിലെ കോളജുകൾക്ക് അംഗത്വം നേടാം. വാർഷിക ഫീസ് ഗവ., എയ്ഡഡ് കോളജുകൾക്ക് 5900 രൂപ, അൺ എയ്ഡഡ് കോളജുകൾക്ക് 35,400 രൂപ. അംഗങ്ങളായ കോളജുകൾക്കായി ദേശീയ, രാജ്യാന്തര ജേണലുകൾ പ്രസാധകരുമായി വിലപേശലിലൂടെ വാങ്ങി നൽകുന്നുമുണ്ട്. ലിങ്ക്: https://ess.inflibnet.ac.in/ N-LIST ലിങ്ക്: https://nlist.inflibnet.ac.in/
ശോധ്ഗംഗോത്രി: ഗവേഷകർ പിഎച്ച്ഡിക്കു റജിസ്റ്റർ ചെയ്യാൻ സർവകലാശാലകളിൽ സമർപ്പിക്കുന്ന സംഗ്രഹത്തിന്റെ (Synopsis) ഇ–സംഭരണി. മേജർ റിസർച് പേപ്പർ (MRP), പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് (PDF), ഇമെരിറ്റസ് ഫെലോഷിപ് എന്നിവയുടെ സംഗ്രഹവും ലഭ്യം. ഗവേഷണം പൂർത്തിയാകുമ്പോൾ സംഗ്രഹം ശോധഗംഗയിലെ പൂർണ തീസിസായി മാപ്പ് ചെയ്യപ്പെടും. ലിങ്ക്: https://shodhgangotri. inflibnet.ac.in/
ശോധ്ശുദ്ധി: ധാരണാപത്രത്തിൽ ഒപ്പുവച്ചിട്ടുള്ള സർവകലാശാലകൾക്കും കോളജുകൾക്കും INFLIBNET ഗവേഷണ പ്രബന്ധങ്ങളിലെ സാമ്യതാ പരിശോധന (Similarity checking) സൗജന്യമായി നടത്തിക്കൊടുക്കുന്നു. DrillBit-Extreme എന്ന ടൂളാണ് ഇതിന് ഉപയോഗിക്കുന്നത്. ലിങ്ക്: https://shodhshuddhi. inflibnet.ac.in/
ഓപ്പൺ ആക്‌സസിന്റെ നേട്ടങ്ങൾ
∙സൗജന്യമായതിനാൽ ഗവേഷണഫലം കൂടുതൽ പേരിലേക്കെത്തുന്നു.
∙ഇന്റർഡിസിപ്ലിനറി ഗവേഷണ സാധ്യത.
∙നിലവിലുള്ള ഗവേഷണങ്ങളിൽ പങ്കുചേരാം.
∙ലേഖനങ്ങൾക്ക് കൂടുതൽ അവലംബ പരാമർശം.
∙ക്രിയേറ്റീവ് കോമൺസ് (CC) ലൈസൻസുകൾ ഉൾച്ചേർന്നിട്ടുള്ളതിനാൽ മൗലിക ഗവേഷകരോടുള്ള കടപ്പാട് രേഖപ്പെടുത്തിത്തന്നെ ഉപയോക്താവിന് ഗവേഷണഫലം പുനർനിർവചിക്കുകയോ കൂട്ടിച്ചേർക്കുകയോ പുനരവിഷ്കരിക്കുകയോ ചെയ്യാം.
∙ഉപാധികളോടെ വാണിജ്യ ഉപയോഗം അനുവദിക്കുന്നു.
(തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) അക്കാദമിക് ലൈബ്രേറിയനാണു ലേഖകൻ)