നിസ്സഹായരുടെ നിവൃത്തികേടിനെ ചൂഷണം ചെയ്യാറുണ്ടോ?; കാത്തിരിക്കുന്നത് ശാപവാക്കുകളിലുരുകിത്തീരാനുള്ള വിധി
Mail This Article
ഭൂമികുലുക്കത്തിനു ശേഷം അവശിഷ്ടങ്ങൾ മാറ്റുകയാണ് ഉദ്യോഗസ്ഥർ. തകർന്നുവീണ കെട്ടിടത്തിന്റെ അടുത്തിരുന്ന് വയോധികൻ കരയുന്നുണ്ട്. തൊട്ടടുത്തുനിന്ന് അയാളുടെ മകളുടെ മൃതദേഹം കിട്ടി. ആ ശരീരത്തിൽ ധാരാളം സ്വർണാഭരണങ്ങളുണ്ടായിരുന്നു. അവർ ആ വയോധികനോടു പറഞ്ഞു: ഇതെല്ലാം എടുത്തുകൊള്ളൂ. അയാൾ പറഞ്ഞു: എനിക്കിതെല്ലാം ഇനിയെന്തിനാണ്? മൂന്നു വർഷം മുൻപ് അണക്കെട്ട് പൊട്ടിയപ്പോൾ ഒഴുകിവന്ന ശരീരത്തിൽനിന്നു ഞാൻ സ്വന്തമാക്കിയതാണിതെല്ലാം. അവർക്കു ജീവനുണ്ടായിരുന്നെങ്കിലും ഞാൻ രക്ഷിക്കാൻ കൂട്ടാക്കിയില്ല. എനിക്കൊന്നിനും ഉപകരിക്കാത്ത ഇവയെല്ലാം നിങ്ങൾത്തന്നെ എടുത്തുകൊള്ളൂ.
നിവൃത്തികേടിനെ ചൂഷണം ചെയ്യുന്നവരാണ് നികൃഷ്ടജീവികൾ. പരസഹായമില്ലാതെ അതിജീവിക്കില്ലെന്ന അവസ്ഥയിലുള്ളവരുടെ പ്രതീക്ഷയുടെ അവസാന നാളവും അണയ്ക്കുന്നവർ അവരുടെ ശ്വാസോച്ഛ്വാ സത്തിനുപോലും വിലയിടുകയാണ്. ആർക്കും രക്ഷിക്കാനാകാത്ത അത്യാഹിതങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്നവരുണ്ട്. മിച്ചമുള്ള സമയത്ത് ആത്മവിശ്വാസം നശിക്കാതെ പിടിച്ചുനിൽക്കുക എന്നതു മാത്രമാണ് മുന്നിലുള്ള പോംവഴി. വിജനസ്ഥലത്ത് ഒരാളെ കണ്ടെത്തുമ്പോൾ, തമോഗർത്തങ്ങൾക്കുള്ളിൽ തെളിഞ്ഞുനിൽക്കുന്ന ഒരു നാളം കാണുമ്പോൾ, മരുഭൂമിയിൽ ഒരുറവ പ്രത്യക്ഷപ്പെടുമ്പോൾ, അതാഗ്രഹിച്ചു നടക്കുന്നവരുടെയുള്ളിൽ അതുവരെയില്ലാതിരുന്ന ഒരു പ്രതീക്ഷയുണരും.
രക്ഷിക്കണേ എന്ന നിലവിളിയുമായി കൈ നീട്ടുമ്പോൾ രണ്ടാം ജന്മത്തിലേക്കുള്ള പ്രവേശന കവാടമാണ് അയാൾ മനസ്സിൽ കാണുന്നത്. പക്ഷേ, നടന്നടുത്ത ദീപം പെട്ടെന്നണഞ്ഞാൽ, ഉറവയിലൂടെ ഒഴുകുന്നതു വിഷദ്രാവകമായാൽ, കൈത്താങ്ങാകേണ്ടവർ കയ്യിലുള്ളതുംകൂടി എടുത്താൽ പിന്നെ സ്വയം മറക്കുക എന്നതു മാത്രമാണ് മാർഗം.
നിലവിളിക്കാൻ പോലുമാകാത്തവിധം നിശ്ശബ്ദമായിപ്പോയ ജീവിതങ്ങളുണ്ടാകും. ആശയറ്റ കണ്ണുകൾ കണ്ടെത്തി കനിവു കാണിക്കുക എന്നതാണ് ഏറ്റവും മനോഹരമായ രക്ഷാപ്രവർത്തനം. തീർന്നെന്നു തോന്നിയിടത്തുനിന്നു തിരിച്ചുകൊണ്ടുവരുന്നവരെ ആർക്കാണ് മറക്കാൻ കഴിയുക? ഉണ്ടായിരുന്നതെല്ലാം ഊറ്റിയെടുത്തവരെയും ആരും മറക്കില്ല. ആദ്യകൂട്ടരുടെ സ്ഥാനം പ്രാർഥനകളിലും രണ്ടാമത്തവരുടെയിടം ശാപവാക്കുകളിലുമായിരിക്കും.