ADVERTISEMENT

മനസ്സും ശ്രദ്ധയും പൂർണമായും അർപ്പിച്ചുണ്ടാക്കുന്ന വിഭവം ഭക്ഷണശാലയിലെത്തുന്ന അതിഥി ആസ്വദിച്ചു കഴിക്കുന്നതു കാണുമ്പോൾ ഷെഫിന്റെ മനസ്സിലുണ്ടാകുന്ന സന്തോഷത്തെ അടയാളപ്പെടുത്താൽ കേവലം വാക്കുകൾക്കാവില്ല. അതാണ് ഹോട്ടൽ ജോലിയുടെ പ്രത്യേകത. ഭക്ഷണമുണ്ടാക്കുമ്പോഴും അതു വിളമ്പുമ്പോഴും ഹോട്ടൽ മുറികളൊരുക്കുമ്പോഴുമെല്ലാം അതിഥികളുടെ സന്തോഷവും സംതൃപ്തിയും നിറഞ്ഞ മുഖമാണ് ഹോട്ടൽ ജീവനക്കാരുടെ മനസ്സിലുണ്ടാകുക. അതിഥിയുടെ ഉള്ളിലൊരു ‘വൗ ഫാക്ടർ’ സൃഷ്ടിക്കുക എന്നതാണ് ഈ ജോലിയുടെ ഏറ്റവും വലിയ വെല്ലുവിളിയും. ഹോട്ടൽ മാനേജ്മെന്റ് എന്ന കോഴ്സിന്റെ കരിയർ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും മനോരമ ഓൺലൈൻ വായനക്കാരോടു സംസാരിക്കുകയാണ്  സി.ജി.എച്ച്. എർത്ത് റിസോർട്ട്  കോർപറേറ്റ് ജനറൽ മാനേജർ ശംഭു ജി. 

ഹോട്ടൽ മേഖലയിൽ ആദ്യ മൂന്നുവർഷം നിർണായകം

ഒരു ഷെഫും കിച്ചണുമുണ്ടെങ്കിൽ ഹോട്ടലായി എന്നൊരു ധാരണ ചിലർക്കെങ്കിലുമുണ്ട്. അതു തികച്ചും തെറ്റാണ്. ഹോട്ടൽ ഇൻഡസ്ട്രി വളരെ വിശാലമാണ്. റിസപ്ഷൻ, ഹൗസ് കീപ്പിങ്, റൂം ഡെക്കറേഷൻ, ഫുഡ് ആൻഡ് ബവ്റിജ് സർവീസ്, അക്കൗണ്ട്സ്, എൻജിനീയറിങ്, എച്ച്ആർ അങ്ങനെ പല വിഭാഗങ്ങളും അവയിലൊക്കെയായി ഒരുപാട് ചുമതലകളും ഉത്തരവാദിത്തങ്ങളുമുണ്ട്. ഓരോ വിഭാഗത്തിലും  ജോലി സാധ്യതകളും അതിൽ ഉയരാനുള്ള അവസരങ്ങളും ഉണ്ട്. ഒരു ഹോട്ടലിൽ ജോലിക്കു കയറി മിനിമം മൂന്നു വർഷം കൊണ്ട് മാനേജർ തസ്തികയിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ അതിനർഥം അയാൾ ആ സ്ഥാപനത്തിന് ഒരു മുതൽക്കൂട്ടല്ലെന്നാണ്. ഹോട്ടൽ മേഖലയിൽ ആദ്യ മൂന്നുവർഷം തികച്ചും നിർണായകമാണ്. മൽസരം ഏറെയുള്ള ഈ തൊഴിൽ മേഖലയിൽ ആദ്യത്തെ മൂന്നുവർഷം കൊണ്ട് മികവു തെളിയേക്കണ്ടത് വളരെ അത്യാവശ്യമാണ്.

മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കഴിയുമോ?

എളുപ്പം ജോലി കിട്ടും എന്നൊരൊറ്റക്കാരണം കൊണ്ടു മാത്രം ആരും പെട്ടിയും തൂക്കി ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്യാൻ ഇറങ്ങിപ്പുറപ്പെടരുത്. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കഴിയുമെന്ന ഉറച്ച ബോധ്യമുള്ളവർക്ക് ധൈര്യമായി ഈ ജോലി തിരഞ്ഞെടുക്കാം. സർഗാത്മക ശേഷി നന്നായി ഉപയോഗിക്കാൻ കഴിയുന്ന ഒരു മേഖലയാണിത്. ഒരു പ്രഫഷൻ എന്ന നിലയിലല്ല. പാഷൻ എന്ന നിലയിൽ ഈ ജോലിയിലേക്ക് വരുന്നവർക്ക് തീർച്ചയായും ഈ ജോലി ആസ്വദിക്കാൻ കഴിയും.

communication
Representative image. Photo Credit : Monkey Business Images/Shutterstock

‘വൗ’ ഫാക്ടർ എങ്ങനെ സൃഷ്ടിക്കാം

ചിലയാളുകൾക്ക് അതിഥികളുമായി നന്നായി ആശയവിനിമയം നടത്താൻ സാധിക്കും മറ്റു ചിലർക്ക് നന്നായി ഭക്ഷണം ഉണ്ടാക്കാനായിരിക്കും അറിയുക, ഇനിയും ചിലർക്ക് റൂമുകളൊക്കെ ഭംഗിയായി ഒരുക്കാനായിരിക്കും അറിയുക. ഏതു ജോലിയാണ് ഭംഗിയായി നിർവഹിക്കാൻ സാധിക്കുക എന്നു മനസ്സിലാക്കി അതിൽ മികവു തെളിയിക്കുക. പുതുമയോടെ, അർപ്പണബുദ്ധിയോടെ ചെയ്യുന്ന കാര്യങ്ങൾ തീർച്ചയായും അതിഥിയുടെ മനസ്സിൽ വൗ ഫാക്ടർ സൃഷ്ടിക്കാൻ ഉപകരിക്കും. അതിഥികളുടെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിഞ്ഞ് പെരുമാറാൻ സാധിക്കുന്നവർക്ക് ഈ ജോലിയിൽ തിളങ്ങാം. ലോകത്തിന്റെ പല ഭാഗത്തുള്ള ആളുകളെ പരിചയപ്പെടാൻ അവസരം ലഭിക്കും എന്നതാണ് ഈ ജോലിയുടെ മറ്റൊരു പ്രത്യേകത.

house-keeping
Representative image. Photo Credit : evrymmnt/Shutterstock

ഒന്നിലധികം ഭാഷകളറിഞ്ഞിരുന്നാൽ നന്ന്
ലോകത്തെ പല രാജ്യങ്ങളിൽ നിന്നുള്ളവർ അതിഥികളായെത്തുന്നതിനാൽ മാതൃഭാഷ കൂടാതെ വിദേശ ഭാഷകളും അറിഞ്ഞിരിക്കുന്നത് ഈ ജോലിയിൽ ഗുണം ചെയ്യും. പ്രത്യേകിച്ച് ഇംഗ്ലിഷ്, ഫ്രഞ്ച്, റഷ്യൻ ഭാഷകളിൽ അനായാസേന ആശയവിനിമയം നടത്താൻ സാധിച്ചാൽ അതൊരു പ്ലസ്പോയിന്റ് തന്നെയാണ്. അവരുടെ ഭാഷയിൽ ആശയവിനിമയം നടത്തുന്ന ജീവനക്കാരോട് അതിഥികൾക്ക് താൽപര്യം കൂടും. ആശയവിനിമയത്തോളം തന്നെ പ്രധാനമാണ് മനോഭാവവും. 

reception
Representative image. Photo Credit : Monkey Business Images/Shutterstock

അപ്പുറത്തു നിൽക്കുന്ന ആളെ കൃത്യമായി മനസ്സിലാക്കാനായാൽ ജോലി കൂളാണ്
ഏതു ജോലിയിലുമെന്ന പോലെ ഹോട്ടൽ മേഖലയിലെ ജോലിക്കും സമ്മർദമുണ്ട്. പക്ഷേ അപ്പുറത്തു നിൽക്കുന്നയാളെ കൃത്യമായി മനസ്സിലാക്കാൻ സാധിച്ചാൽ ഒരിക്കലും ഈ ജോലി ഭാരമായി തോന്നില്ല. മറിച്ച് നന്നായി ആസ്വദിക്കാം. ഹോട്ടൽ മേഖല ധാരാളം വെല്ലുവിളികൾ നിറഞ്ഞതാണ്. അതിഥികളുടെ ഇഷ്ടാനിഷ്ടങ്ങളറിയുക, ഹോട്ടൽ മേഖലയിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് അപ്റ്റുഡേറ്റ് ആയിരിക്കുക, വിപണയിലെ മാറ്റങ്ങളെക്കുറിച്ചറിയുക, കരിയറിൽ മുന്നേറാനുള്ള അവസരങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുകയും അതിനനുസരിച്ച് മുന്നോട്ടു പോവുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ഈ ജോലിയിൽ തിളങ്ങാൻ സഹായിക്കും. വെല്ലുവിളികളെ ക്രിയാത്മക ശേഷി കൊണ്ട് അതിജീവിക്കാൻ കഴിയുന്നവർക്ക് തീർച്ചയായും ഈ ജോലിയിൽ ഉയരാൻ സാധിക്കും.

Content Summary:

Hospitality Heroes: How Passion and Creativity Fuel a Fulfilling Career in Hotels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com