അടിമുടി മാറ്റങ്ങളുമായി സിയുഇടി – യുജി പരീക്ഷ; പുതിയ ശൈലിയെപ്പറ്റി വിശദമായറിയാം
Mail This Article
രാജ്യത്തെ 44 കേന്ദ്ര സർവകലാശാലകളിലും, ഏതാനും സംസ്ഥാന / കൽപിത / സ്വകാര്യ സർവകലാശാലകളിലും, മറ്റു സ്ഥാപനങ്ങളിലും അണ്ടർ–ഗ്രാജ്വേറ്റ് പ്രവേശനത്തിനു പുതിയ ശൈലിയിലുള്ള പൊതുപ്പരീക്ഷ സിയുഇടി–യുജി മേയ് 15 മുതൽ 31 വരെ നടക്കും. https://exams.nta.ac.in/CUET-UG എന്ന Registration ലിങ്ക് വഴി മാർച്ച് 26നു രാത്രി 11.50 വരെ അപേക്ഷിക്കാം. ആ സമയംവരെ വരെ ഓൺലൈനായി ഫീസടയ്ക്കാം. ചെയ്യാം. ഫലം ജൂൺ 30ന്.
നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷയിൽ ഇത്തവണത്തെ ശ്രദ്ധേയ മാറ്റങ്ങൾ ഇവ:
∙ ഒരാൾക്ക് എഴുതാവുന്ന പേപ്പറുകളുടെ എണ്ണം പത്തിൽനിന്ന് ആറായി കുറച്ചു.
∙ വിദ്യാർഥികളുടെ എണ്ണം പരിഗണിച്ച് കംപ്യൂട്ടർ ടെസ്റ്റിനു പുറമേ, ആവശ്യമെങ്കിൽ പേനയും കടലാസും ഉപയോഗിക്കുന്ന ഒഎംആർ ടെസ്റ്റും ഏർപ്പെടുത്തും.
കേരളത്തിലെ എല്ലാ ജില്ലകളിലും ലക്ഷദ്വീപിലെ കവരത്തിയിലും പരീക്ഷാകേന്ദ്രമുണ്ട്. ദുബായ്, ഷാർജ, അബുദാബി, മനാമ, ദോഹ, കുവൈത്ത്, മസ്കത്ത്, റിയാദ്, സിംഗപ്പൂർ, കൊളംബോ, തുടങ്ങി 26 വിദേശകേന്ദ്രങ്ങളുമുണ്ട്. മുൻഗണനയനുസരിച്ച് 4 പരീക്ഷാകേന്ദ്രങ്ങൾ വരെ സൂചിപ്പിക്കാം. സ്ഥിരതാമസമുളള സംസ്ഥാനത്തെ കേന്ദ്രമോ, ഇപ്പോഴത്തെ മേൽവിലാസത്തിലുള്ള സംസ്ഥാനത്തെ കേന്ദ്രമോ തിരഞ്ഞെടുക്കണം. പരീക്ഷാകേന്ദ്രമേതെന്ന് ഏപ്രിൽ 30 മുതൽ അറിയിക്കും.
അപേക്ഷ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും പണമടയ്ക്കാനുമുള്ള നടപടിക്രമങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിന്റെ 7–10, 25–29, 55–57 പേജുകളിലുണ്ട്. അപേക്ഷാഫീ അടച്ചുകഴിയുമ്പോൾ അപേക്ഷയുടെ കൺഫർമേഷൻ പേജ് കിട്ടും. ഇതു സൂക്ഷിച്ചുവയ്ക്കുക. ഒരാൾ ഒരപേക്ഷമാത്രമേ സമർപ്പിക്കാവൂ.
പ്രവേശനയോഗ്യത 12 / തുല്യപരീക്ഷ ജയിച്ചവർക്കും ഇപ്പോൾ തയാറെടുക്കുന്നവർക്കും അപേക്ഷിക്കാം. 12നു പകരം 3വർഷ എൻജിനീയറിങ് ഡിപ്ലോമയും സ്വീകരിക്കും. പ്രായപരിധിയില്ല. പക്ഷേ, സർവകലാശാലയ്ക്ക് വിശേഷനിബന്ധനകളുണ്ടെങ്കിൽ അവ പാലിക്കണം. സംവരണ വ്യവസ്ഥകൾ അതതു സർവകലാശാലകളുടേത്.