ADVERTISEMENT

ജോലിസ്ഥലങ്ങളിൽ പല നിയമങ്ങളും ഉണ്ടാകും. അവ ജീവനക്കാരുടെ സുരക്ഷയ്ക്കായാണ് പ്രധാനമായും രൂപീകരിച്ചിട്ടുള്ളത്. അതുകൊണ്ട് ജോലിസ്ഥലത്തെ പ്രധാന നിയമങ്ങളെപ്പറ്റി എല്ലാ ജീവനക്കാരും അറിഞ്ഞിരിക്കണം. ഒരു തൊഴിലിടത്തിലെ അവകാശവും അവസരവും വളർച്ചയും നമ്മളെ അറിയിക്കുന്ന ഈ നിയമങ്ങളെപ്പറ്റി ബോധ്യം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഈ നിയമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മെറ്റേണിറ്റി ബെനഫിറ്റ് ആക്ട്. 1961 ലാണ് ഇത് ഇന്ത്യൻ തൊഴിൽനിയമത്തിന്റെ ഭാഗമായത്. 2017 ൽ ഇതിനൊരു മോഡിഫിക്കേഷനും ഉണ്ടായി. മെറ്റേണിറ്റി ബെനഫിറ്റ് ആക്ട് എന്നു കേൾക്കുമ്പോൾ തന്നെ നമുക്കറിയാം, തൊഴിലിടങ്ങളിലെ സ്ത്രീകൾക്കാണ് ഈ നിയമം കൊണ്ട് കൂടുതൽ പ്രാധാന്യം ഉണ്ടാകുന്നത്. ഓരോ ജീവനക്കാരിയുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട കാലഘട്ടമാണ് ഗർഭകാലം. ഗർഭകാലത്തും  പ്രസവാനന്തര കാലഘട്ടത്തിലും തൊഴിലിടത്തിൽനിന്നു കിട്ടുന്ന പിന്തുണ വളരെ അത്യാവശ്യമാണ്. അത്തരത്തിൽ പിന്തുണ നൽകുന്നതിനെപ്പറ്റിയാണ് ഈ ആക്ട് പ്രതിപാദിക്കുന്നത്. 

ഒരു സ്ഥാപനത്തിൽ ഒരു ജീവനക്കാരി 12 മാസത്തിനുള്ളിൽ മിനിമം 80 ദിവസമെങ്കിലും ജോലി ചെയ്തിട്ടുണ്ടെങ്കിൽ അവർ മെറ്റേണിറ്റി ബെനഫിറ്റ് ആക്ട് അനുസരിച്ചുള്ള ആനുകൂല്യത്തിന് അർഹയാണ്. സ്ഥാപനത്തിലെ സ്ഥിര ജീവനക്കാർക്കും താൽക്കാലിക ജീവനക്കാർക്കും ഒരുപോലെ ബാധകമാണിത്. മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിൽ 2017 ൽ വന്ന ഭേദഗതിയിൽ അവധി ദിവസങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ഇപ്പോൾ 26 ആഴ്ചയാണ് മെറ്റേണിറ്റി ബ്രേക്ക് കിട്ടുന്നത്. അതിൽ 8 ആഴ്ചത്തെ അവധി പ്രസവത്തിനു മുൻപും 18 ആഴ്ചത്തെ അവധി പ്രസവത്തിനു ശേഷവും എടുക്കാം.

maternity-benefit-002
Representative image. Photo Credit : damircudic/iStock

ഒരു ജീവനക്കാരി മെറ്റേണിറ്റി ബ്രേക്കിനു പോകുന്നതിന് 10 ആഴ്ച മുൻപ് തന്റെ ആവശ്യം മേലധികാരിയെ അറിയിക്കുമ്പോൾ, അദ്ദേഹം ജീവനക്കാരിക്ക് ലളിതമായ ഉത്തരവാദിത്തങ്ങളേ നൽകാൻ പാടുള്ളൂ. ഭാരമുള്ള ജോലികൾ ഏൽപിക്കാൻ പാടില്ല എന്ന് നിയമത്തിൽ പ്രത്യേകം പ്രതിപാദിക്കുന്നു. ലീവിനു പോകുന്നതിന് 7 ആഴ്ച മുൻപ്, ഇങ്ങനെ ഒരു മെറ്റേണിറ്റി ബ്രേക്ക് ആവശ്യമുണ്ടെന്നുള്ളത് രേഖാമൂലം മേലധികാരിയെ അറിയിക്കേണ്ടതാണ്. ഫാക്ടറിയിലോ മൈനിങ്ങിലോ പ്ലാന്റേഷനിലോ ഷോപ്പിലോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലോ ഗവൺമെന്റ് പബ്ലിക് അണ്ടർടേക്കിങ് എസ്റ്റാബ്ലിഷ്മെന്റിലോ ഒക്കെ ജോലി ചെയ്യുന്ന സ്ത്രീകൾ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിന് അർഹയാണ്. ഒരു സ്ഥാപനത്തിലും സ്ഥിര ജീവനക്കാരെയോ താൽക്കാലിക ജീവനക്കാരേയോ ഈ ആനുകൂല്യത്തിൽനിന്ന് ഒഴിവാക്കാൻ പാടില്ല. പല സ്ഥാപനങ്ങളും ഇത് പാലിക്കുന്നുണ്ടെങ്കിലും ചില സ്ഥാപനങ്ങൾ മെറ്റേണിറ്റി ബെനഫിറ്റ് കൊടുക്കാതെ ജീവനക്കാരെ ചൂഷണം ചെയ്യുന്നുണ്ട്. അതുകൊണ്ട്, ഇതൊരു അവകാശമാണ് എന്നത് ഓരോ സ്ത്രീയും തിരിച്ചറിയണം. ചൂഷണം നടക്കുന്ന സാഹചര്യങ്ങളിൽ മേലധികാരിയോട് ചോദിച്ച് ഈ അവകാശം വാങ്ങിക്കുകയും വേണം. ഇത് ഒരു ജീവനക്കാരിക്ക് കൊടുക്കുന്ന ബഹുമാനമാണ്. അതുകൊണ്ട് ഈ ആക്ട് Dignity to motherhood എന്നും അറിയപ്പെടുന്നു.

Representative image. Photo Credit : lorenzoantonucci/iStock
Representative image. Photo Credit : lorenzoantonucci/iStock

ഈ ആക്ട് ഒരു സോഷ്യൽ സെക്യൂരിറ്റി ആക്ടാണ്. പത്തോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളും മെറ്റേണിറ്റി ബെനഫിറ്റ് ആക്ട് നിർബന്ധമായി നടപ്പിലാക്കേണ്ടതാണ്. മെറ്റേണിറ്റി ബ്രേക്ക് കഴിഞ്ഞതിനു ശേഷം പെട്ടെന്ന് ജോലിക്കു വരാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അത് മേലധികാരിയുമായി സംസാരിച്ച് വർക് ഫ്രം ഹോം എന്ന ഓപ്ഷനും  2017 ലെ ഭേദഗതിയിലൂടെ മെറ്റേണിറ്റി ആക്ടിൽ പറയുന്നുണ്ട്. മേലധികാരിയുടെ അനുമതിയോടു കൂടി വർക് ഫ്രം ഹോമും എടുക്കാമെന്നത് ഈ ആക്ടിൽ പറയുന്നുണ്ട്. അൻപതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ നവജാതശിശുക്കളുടെ അമ്മമാർക്ക് ക്രഷ് സൗകര്യം ഒരുക്കിക്കൊടുക്കണം. ആ ക്രഷിൽ, ദിവസം 4 തവണ പോയി കുട്ടിയെ കാണാനും നഴ്സിങ് ബ്രേക്കുകൾ എടുത്ത് കുട്ടിക്കു വേണ്ട പിന്തുണ കൊടുക്കാനും ജീവനക്കാരെ അനുവദിക്കണമെന്നും മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിൽ വ്യക്തമായി പറയുന്നുണ്ട്. 

Representative image. Photo Credit: SanyaSM/istockphoto.com
Representative image. Photo Credit: SanyaSM/istockphoto.com

26 ആഴ്ചയുള്ള മെറ്റേണിറ്റി ബ്രേക്കിൽ മുഴുവൻ ശമ്പളത്തിനും ജീവനക്കാരി യോഗ്യയാണ്. അല്ലാതെ പാർട്ട് ടൈം സാലറി, ബേസിക് സാലറി തുടങ്ങിയ കട്ടിങ്ങുകൾ ഒന്നും ഇല്ല. ബ്രേക്ക് എടുക്കുന്നതിനു തൊട്ടു മുൻപുള്ള മൂന്നു മാസത്തെ ആവറേജ് സാലറി എത്രയാണോ അത് ജീവനക്കാരിക്കു കൊടുക്കേണ്ടതാണ്. രണ്ടു കുട്ടികളിൽ കൂടുതലുള്ള അമ്മമാർ മെറ്റേണിറ്റി ബ്രേക്കിനു പോകുമ്പോൾ അവർക്ക് 26 ആഴ്ച അല്ല 12 ആഴ്ചത്തെ മെറ്റേണിറ്റി ബ്രേക്ക് ആണുള്ളത്. അതുപോലെ മൂന്നു മാസത്തിൽ താഴെ പ്രായമുള്ള ഒരു കുഞ്ഞിനെ ദത്തെടുക്കുകയാണെങ്കിലും 12 ആഴ്ചയിലെ മെറ്റേണിറ്റി ബ്രേക്ക് ലഭ്യമാണ്. 

Representative image. Photo Credit: nd3000/istockphoto.com
Representative image. Photo Credit: nd3000/istockphoto.com

ചില കേസുകളിൽ മിസ്കാര്യേജ് ഉണ്ടാകാം. ഇങ്ങനെ സംഭവിച്ചാൽ 6 ആഴ്ചത്തെ മെറ്റേണിറ്റി ലീവും ജീവനക്കാരിക്ക് ലഭ്യമാണ്. ഇത്തരത്തിലുള്ള അടിസ്ഥാന കാര്യങ്ങളൊക്കെ നമ്മൾ മനസ്സിലാക്കണം. മെറ്റേണിറ്റി ബെനഫിറ്റ് ആക്ട് എന്നത് ജീവനക്കാരികളുടെ അവകാശമാണ്. അതുകൊണ്ട് ഇതറിഞ്ഞ് ഇത് നടപ്പാക്കുന്നുണ്ടെന്ന്  ഉറപ്പാക്കുക. ഈ അവകാശം കിട്ടുന്നില്ല എങ്കിൽ തീർച്ചയായിട്ടും മേലധികാരിയുമായി സംസാരിച്ച്  ഈ ബെനഫിറ്റ് നിങ്ങൾക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

Content Summary:

The Essential Guide to India's Maternity Benefit Act: Know Your Leave and Benefits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com