ബിഎസ്‌സി നഴ്സിങ് പ്രവേശനപരീക്ഷ പ്രഖ്യാപനം മാത്രം; തുടർനടപടികളില്ല
Mail This Article
തിരുവനന്തപുരം : സംസ്ഥാനത്തു ബിഎസ്‌സി നഴ്സിങ് കോഴ്സിനു പ്രവേശനപരീക്ഷ നടത്തുമെന്ന് ഒന്നാം തീയതി മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു രണ്ടാഴ്ച പിന്നിട്ടിട്ടും അതു സംബന്ധിച്ച ഫയലുകൾ അനങ്ങിയിട്ടില്ല. പ്രവേശനത്തിന് അടിസ്ഥാന യോഗ്യത പ്ലസ്ടുവും പ്രവേശനപരീക്ഷയുടെ റാങ്കുമാണ്.
മേയ് മൂന്നാം വാരം പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കും. ക്ലാസുകൾ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കാനും പ്രവേശനം സെപ്റ്റംബർ 30ന് അവസാനിപ്പിക്കാനുമാണ് ഇന്ത്യൻ നഴ്സിങ് കൗൺസിൽ (ഐഎൻസി) നിർദേശിച്ചിരിക്കുന്നത്.
പ്ലസ്ടു മാർക്ക് അടിസ്ഥാനത്തിലാണു നിലവിൽ പ്രവേശനം. എൽബിഎസ് സെന്ററാണ് അപേക്ഷ ക്ഷണിച്ച് റാങ്ക് പട്ടിക തയാറാക്കിയിരുന്നത്. പ്രവേശന പരീക്ഷ നടത്താനുള്ള ചുമതലയും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, സംസ്ഥാന നഴ്സിങ് കൗൺസിലും വിവിധ സംഘടനകളും എൽബിഎസിനെ അംഗീകരിക്കുന്നില്ല. കൃത്യമായി പ്രവേശനം നടത്താതെ എൽബിഎസിലെ ചില ഉദ്യോഗസ്ഥർ സീറ്റുകൾ മാനേജ്മെന്റുകൾക്കു മറിച്ചുകൊടുക്കാൻ കൂട്ടുനിൽക്കുന്നുവെന്നാണ് ആക്ഷേപം. പ്രവേശനപരീക്ഷാ കമ്മിഷണറേറ്റാണെങ്കിൽ പുതിയ ജോലി ഏറ്റെടുക്കാൻ സന്നദ്ധമല്ല.
സംസ്ഥാനത്തു നൂറിലേറെ സ്വകാര്യ നഴ്സിങ് കോളജുകളിലെ 50% സീറ്റുകളിൽ സർക്കാരിനു പ്രവേശനം നടത്താം. ശേഷിക്കുന്ന 50% മാനേജ്മെന്റ് സീറ്റുകളിലേക്കു പ്രവേശനപരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ നിന്നാണോ പ്രവേശനം നടത്തേണ്ടതെന്നു തീരുമാനിച്ചിട്ടില്ല. മാനേജ്മെന്റ് വിഹിതത്തിന്റെ ഭാഗമായുള്ള 15% എൻആർഐ സീറ്റിലെ പ്രവേശന രീതിയും തീരുമാനിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങൾ മാനേജ്മെന്റുകളുമായി ചർച്ച ചെയ്യാനും നടപടികളായിട്ടില്ല.