സിയുഇടി പിജി: പ്രവേശനപരീക്ഷയെഴുതാൻ പ്രായപരിധിയില്ല, ഇന്ത്യയിൽ 313 എൻട്രൻസ് പരീക്ഷാകേന്ദ്രങ്ങൾ
Mail This Article
കേന്ദ്രീയ സർവകലാശാലകളിലെ 2023–24 പോസ്റ്റ്–ഗ്രാജ്വേറ്റ് പ്രവേശനത്തിനു നാഷനൽ ടെസ്റ്റിങ് ഏജൻസി (www.nta.ac.in) നടത്തുന്ന കംപ്യൂട്ടർ ഉപയോഗിച്ചുള്ള പൊതുപരീക്ഷയ്ക്ക് (CUET- PG-2023 : Common University Entrance Test), ഇപ്പോൾ അപേക്ഷിക്കാം. പരീക്ഷത്തീയതികൾ പിന്നീടറിയിക്കും.
Read Also :കേരള എൻട്രൻസ് പരീക്ഷ, സംശയങ്ങൾക്കു മറുപടി
എൻടിഎ വിജ്ഞാപനപ്രകാരം 142 സർവകലാശാലകൾ ഈ പദ്ധതിയിലുണ്ട്. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള, ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള, ജെഎൻയു, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ഡൽഹി, അവിനാശിലിംഗം ഇൻസ്റ്റിറ്റ്യൂട്ട് കോയമ്പത്തൂർ എന്നിവ ഇതിൽപെടും. ഓരോ സർവകലാശാലയിലെയും കോഴ്സ് വിവരങ്ങളുടെ സൂചന ബുള്ളറ്റിനിലുണ്ട്. വിശദാംശങ്ങൾക്ക് അതതു സർവകലാശാലാ വെബ് സൈറ്റുകൾ നോക്കാം.
കേരളത്തിലെ എല്ലാ ജില്ലകളിലുമടക്കം ഇന്ത്യയിൽ 313 എൻട്രൻസ് പരീക്ഷാകേന്ദ്രങ്ങളുണ്ട്. കൂടാതെ ദുബായ്, കുവൈത്ത്, ബഹ്റൈൻ, മസ്കത്ത്, ദോഹ, ഷാർജ, റിയാദ്, സിംഗപ്പൂർ ഉൾപ്പെടെ 24 വിദേശ കേന്ദ്രങ്ങളും. താൽപര്യമുള്ള 2 പരീക്ഷാകേന്ദ്രങ്ങൾ അപേക്ഷയിൽ കാണിക്കണം. സ്ഥിരം മേൽവിലാസമോ, ഇപ്പോൾ താമസിക്കുന്നിടത്തെ മേൽവിലാസമോ ഉൾപ്പെട്ട സംസ്ഥാനത്തെ കേന്ദ്രങ്ങൾ മാത്രമേ തിരഞ്ഞെടുക്കാൻ കഴിയൂ.
പരീക്ഷയ്ക്ക് രാവിലെ 10 മുതലും വൈകിട്ട് 3 മുതലും 2 മണിക്കൂർ വീതമുള്ള സ്ലോട്ടുകളാണുള്ളത്. ഏതു യൂണിവേഴ്സിറ്റിയിൽ ഏതു കോഴ്സിന് അപേക്ഷിക്കുന്നെന്നു തീരുമാനിച്ചിട്ട്, അതിനുള്ള പ്രവേശനയോഗ്യതയുണ്ടെന്ന് ബ്രോഷറിലെ 9–ാം അനുബന്ധം നോക്കി ഉറപ്പാക്കണം. ഒരേ കോഴ്സിനു വ്യത്യസ്ത സർവകലാശാലകളിൽ വ്യത്യസ്ത പ്രവേശന യോഗ്യതയായിരിക്കാം.
ടെസ്റ്റെഴുതാൻ പ്രായപരിധിയില്ല. പക്ഷേ ചേരാനുദ്ദേശിക്കുന്ന സർവകലാശാലയിലെ വ്യവസ്ഥകൾ പാലിക്കേണ്ടിവരും. പൊതുവേയുള്ള സംവരണക്രമം ഇങ്ങനെ: സാമ്പത്തിക പിന്നാക്കം 10%, പിന്നാക്കം 27%, പട്ടികജാതി 15%, പട്ടികവർഗം 7.5%, ഓരോ വിഭാഗത്തിലും ഭിന്നശേഷി 5%. വിശേഷ ക്വോട്ടകളുടെ കാര്യം സർവകലാശാലയെ ആശ്രയിച്ചിരിക്കും.
∙അപേക്ഷ
https://cuet.nta.nic.in എന്ന സൈറ്റ് വഴി ഏപ്രിൽ 19ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. അന്നു രാത്രി 11.50 വരെ ഓൺലൈനായി ഫീസടയ്ക്കാം. 3 പേപ്പറുകൾക്കു വരെ 1000 രൂപ. കൂടുതലുള്ള ഓരോ പേപ്പറിനും 500 രൂപ. പിന്നാക്കം, സാമ്പത്തിക പിന്നാക്കം – 800 /400 രൂപ. പട്ടിക, ട്രാൻസ്ജെൻഡർ 750 /400 രൂപ. ഭിന്നശേഷി 700 /400 രൂപ. വിദേശത്ത് 5000 /1500 രൂപ. ജിഎസ്ടി, ബാങ്ക് ചാർജ് പുറമേ.
താൽപര്യമുള്ളവർക്ക് 7 പേപ്പറുകൾ വരെയെഴുതാം. പക്ഷേ, മൂന്നിൽ കൂടുതലുള്ള ഓരോ പേപ്പറിനും 500 രൂപ കൂടുതലടയ്ക്കണം. പിന്നാക്ക, സാമ്പത്തിക പിന്നാക്ക, പട്ടിക, ട്രാൻസ്ജെൻഡർ, ഭിന്നശേഷി വിഭാഗക്കാർ 400 രൂപ വീതവും. ഏപ്രിൽ 20 മുതൽ 23 വരെ അപേക്ഷയിൽ തിരുത്തു വരുത്താം. അപേക്ഷാസമർപ്പണത്തിന്റെ നടപടിക്രമങ്ങൾ പടിപടിയായി സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിന്റെ 6–9 പുറങ്ങളിലുണ്ട്. ഒരാൾ ഒരപേക്ഷയേ അയയ്ക്കാവൂ.
∙ചോദ്യപ്പേപ്പറിന്റെ ഘടന
സമാന വിഷയങ്ങളിലെ പിജി പ്രവേശനത്തിന് അർഹത നിർണയിക്കാൻ ‘ഒരു പേപ്പർ’ എന്ന രീതിയാണുള്ളത്. ഉദാഹരണത്തിന് ഇലക്ട്രിക്കൽ എൻജി., പവർ & എനർജി എൻജി., ഇലക്ട്രിക് ഡ്രൈവ് & കൺട്രോൾ, പവർ & കൺട്രോൾ, പവർ & എനർജി സിസ്റ്റംസ്, എനർജി സയൻസ് & ടെക്നോളജി തുടങ്ങിയ പല എംടെക് പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് പൊതുവായ MTQP10 എന്ന കോഡിലെ ടെസ്റ്റ് പേപ്പറാണ് എഴുതേണ്ടത്. 20 ടെസ്റ്റ് പേപ്പർ കോഡുകൾ വരെ അപേക്ഷയിൽ കാണിക്കാം.
മിക്ക പേപ്പറുകളിലും എ, ബി എന്നു 2 വിഭാഗങ്ങളുണ്ട്. യഥാക്രമം 25, 75 മൾട്ടിപ്പിൾ–ചോയ്സ് ഒബ്ജെക്ടീവ് ചോദ്യങ്ങൾ. എ വിഭാഗത്തിൽ പൊതുവേ ജനറൽ കാര്യങ്ങളായിരിക്കും. ബി വിഭാഗത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ആഴത്തിലുള്ള അറിവു പരിശോധിക്കും. ചില പേപ്പറുകളിൽ 100 ചോദ്യങ്ങൾ ഒരുമിച്ചു തന്നിരിക്കും. (ബുള്ളറ്റിൻ പേജ് 11). ശരിയുത്തരത്തിന് 4 മാർക്കു കിട്ടും. തെറ്റൊന്നിന് ഒരു മാർക്കു കുറയ്ക്കും. വിവിധ ഷിഫ്റ്റുകളിൽ ഒരേ പേപ്പർ നടത്തുമ്പോൾ അവയിലെ സ്കോറുകൾ പരിവർത്തനം ചെയ്ത് എൻടിഎ സ്കോറുകളായി ഏകീകരിക്കും. (ബുള്ളറ്റിനിലെ 4–ാം അനുബന്ധം കാണുക). ഉത്തരങ്ങളോ പരീക്ഷാഫലമോ പുനഃപരിശോധിക്കില്ല.
ഓരോ പേപ്പറിന്റെയും സിലബസ് എൻടിഎ സൈറ്റിൽ വരും. മൊത്തം സ്കോർ നോക്കിയോ ബി വിഭാഗത്തിലെ മാത്രം സ്കോർ നോക്കിയോ സർവകലാശാലകൾക്ക് റാങ്ക്‌ലിസ്റ്റ് തയാറാക്കാം.ഈ പരീക്ഷയിൽ സ്കോർ നേടിയതുകൊണ്ടുമാത്രം പ്രവേശനം കിട്ടില്ല. അതിന് താൽപര്യമുള്ള സർവകലാശാലയിൽ വേണ്ടതുപോലെ അപേക്ഷിക്കണം. ഈ സ്കോർ ഏതു സ്ഥാപനത്തിനും അതിന്റെ വ്യവസ്ഥകൾ പ്രകാരം പ്രവേശനത്തിന് ഉപയോഗിക്കാം.
ആപ്പ് വഴിയും അഡ്മിറ്റ് കാർഡ്
എൻടിഎയുടെ അറിയിപ്പുകൾ കിട്ടാൻ മറ്റൊരു വഴിയെന്ന നിലയിൽ ഗൂഗിൾപ്ലേ വഴി SANDES App ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം. ഉമംഗും (Umang) ഡിജിലോക്കറും വഴി കൺഫർമേഷൻ പേജ്, അഡ്മിറ്റ് കാർഡ്, സ്കോർ കാർഡ് തുടങ്ങിയവ ഡൗൺലോഡ് ചെയ്യാനും സൗകര്യമുണ്ട്.
Content Summary : CUET PG 2023: Registration begins