ശനിയാഴ്ച ക്ലാസ്: പിന്നോട്ടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി
Mail This Article
തിരുവനന്തപുരം ∙ സ്കൂളുകളിൽ ശനിയാഴ്ച ക്ലാസ് നടത്താനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ടുപോകുമെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.
Read Also : ഏപ്രിലിലും സ്കൂൾ: പരീക്ഷ നീളാം, ലീവ് സറണ്ടർ ആവശ്യമുയരും, വിരമിക്കൽ നീട്ടേണ്ടിവരും
സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ പരിഷ്കാരത്തെ എതിർത്ത് കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.‘അധ്യാപകസംഘടനകൾക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. എതിർപ്പു ശ്രദ്ധയിൽപെട്ടിട്ടില്ല. രക്ഷകർത്താക്കളും കുട്ടികളും സന്തോഷത്തിലാണ്’–മന്ത്രി പറഞ്ഞു.
ശനിയാഴ്ച പ്രവൃത്തിദിവസമാക്കുന്നതു ചർച്ച ചെയ്ത അധ്യാപക സംഘടനാ യോഗത്തിൽ കെഎസ്ടിഎ പരസ്യവിയോജിപ്പു പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ മറ്റു സംഘടനകൾ പരസ്യമായി എതിർക്കുകയും അധ്യാപക സമൂഹത്തിൽനിന്നു വ്യാപകപ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലാണു കെഎസ്ടിഎയും രംഗത്തെത്തിയത്.
ഇതേസമയം, സ്കൂളുകളിൽ ശനിയാഴ്ച ക്ലാസ് നടത്തുന്നതിനെതിരെ കെഎസ്ടിഎയ്ക്കുപിന്നാലെ സിപിഐ അനുകൂല അധ്യാപകസംഘടനയായ ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയനും. അക്കാദമിക് കലണ്ടർ തിരുത്തി പ്രസിദ്ധീകരിക്കണമെന്നു യൂണിയൻ പ്രസിഡന്റ് പി.കെ.മാത്യു, ജനറൽ സെക്രട്ടറി ഒ.കെ.ജയകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.
ശനിയാഴ്ച പ്രവൃത്തിദിനമാക്കുന്നത് അംഗീകരിക്കില്ലെന്ന് ബിജെപി അധ്യാപക സംഘടനയായ നാഷനൽ ടീച്ചേഴ്സ് യൂണിയന്റെ (എൻടിയു) സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാർ പറഞ്ഞു.
Content Summary : Schools on Saturdays: No change in plans, says Minister V.Sivankutty