ബിബിഎ, ബിസിഎ, ബിബിഎം ഇനി എഐസിടിഇക്കു കീഴിൽ

Mail This Article
ന്യൂഡൽഹി ∙ ബാച്‍ലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബിബിഎ), കംപ്യൂട്ടർ ആപ്ലിക്കേഷൻ (ബിസിഎ), ബാച്‍ലർ ഓഫ് ബിസിനസ് മാനേജ്മെന്റ് കോഴ്സുകൾ ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (എഐസിടിഇ) കീഴിലേക്കു മാറ്റി. പുതിയ അക്കാദമിക് വർഷത്തെ പ്രവർത്തനവുമായി ബന്ധപ്പെട്ട മാർഗരേഖ ‘അപ്രൂവൽ പ്രോസസ് ഹാൻഡ്ബുക്കി’ന്റെ കരടിൽ ഇതുൾപ്പെടെയുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന കോളജുകളിലെ പ്രിൻസിപ്പൽമാരുമായി എഐസിടിഇ അധ്യക്ഷൻ ടി.ജി.സീതാറാം ഇന്നു കൂടിക്കാഴ്ച നടത്തും. ബിബിഎ, ബിസിഎ, ബിബിഎം കോഴ്സുകളും ഉൾപ്പെടുന്നതോടെ ആയിരത്തിലേറെ സ്ഥാപനങ്ങൾ എഐസിടിഇയുടെ പരിധിയിൽ വരുമെന്നാണു വിവരം.
നിലവിൽ എംബിഎ, പിജിഡിഎം, എംസിഎ കോഴ്സുകളാണു സാങ്കേതിക കൗൺസിലിന്റെ പരിധിയിൽ വരുന്നത്. ബിബിഎ, ബിസിഎ കോഴ്സുകളെല്ലാം യുജിസിയുടെ കീഴിലാണ്. ബിരുദ കോഴ്സുകളും സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിനു കീഴിലാകുന്നതോടെ കോഴ്സ് ഘടന ഏകീകരിക്കാനും മറ്റും എളുപ്പത്തിൽ സാധിക്കുമെന്നു വിദഗ്ധർ പറയുന്നു.
2024-27 വർഷത്തേക്കുള്ള അപ്രൂവൽ പ്രോസസ് ഹാൻഡ്ബുക്കിന്റെ കരടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാധാരണ ഓരോ അക്കാദമിക് വർഷത്തെയും മാർഗരേഖയാണു പ്രസിദ്ധീകരിക്കുന്നത്. ആദ്യമായാണു 3 വർഷത്തെ മാർഗരേഖ പ്രസിദ്ധീകരിക്കുന്നത്. അന്തിമ മാർഗരേഖ ഈ മാസം 28നു പുറത്തുവിടുമെന്നാണ് വിവരം. കരട് മാർഗരേഖയിൽ അഭിപ്രായങ്ങൾ സമർപ്പിക്കാൻ നാളെ വരെ അവസരമുണ്ട്.
പിജിഡിഎം പ്രവേശനം: സിയുഇടി സ്കോർ പരിഗണിക്കുന്നത് ആലോചനയിൽ
ന്യൂഡൽഹി ∙ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് (പിജിഡിഎം) കോഴ്സിലെ പ്രവേശനം സിയുഇടി–പിജി പരീക്ഷയുടെ അടിസ്ഥാനത്തിൽ നടത്താൻ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) ആലോചിക്കുന്നു.ഇതിന്റെ സാധ്യത പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു.
നിലവിൽ കോമൺ അഡ്മിഷൻ ടെസ്റ്റ് (ക്യാറ്റ്), കോമൺ മാനേജ്മെന്റ് എൻട്രൻസ് ടെസ്റ്റ് (സിമാറ്റ്) തുടങ്ങിയ പരീക്ഷകളുടെ സ്കോറാണു പിജിഡിഎം പ്രവേശനത്തിനു പരിഗണിക്കുന്നത്. ഈ പ്രവേശനപരീക്ഷകൾക്കൊപ്പം സിയുഇടി–പിജിയും പരിഗണിക്കണോ അതോ പൊതു മാനദണ്ഡം സിയുഇടി–പിജി മാത്രമാക്കണോ തുടങ്ങിയ കാര്യങ്ങളെല്ലാം വിദഗ്ധസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും. തീരുമാനം അനുകൂലമായാലും ഈ വർഷം നടപ്പാക്കാനുള്ള സാധ്യത കുറവാണെന്നു ബന്ധപ്പെട്ടവർ പറഞ്ഞു.