ഇംഗ്ലിഷ് അധ്യാപകർ: ഹൈസ്‌കൂളുകളിൽ 639 താൽക്കാലിക തസ്തിക
Mail This Article
തിരുവനന്തപുരം∙ സർക്കാർ, എയ്ഡഡ് ഹൈസ്‌കൂളുകളിൽ 639 താൽക്കാലിക ഇംഗ്ലിഷ് അധ്യാപക തസ്തിക (എച്ച്എസ്എ) സൃഷ്ടിക്കാൻ മന്ത്രിസഭാ തീരുമാനം. മൂന്നോ നാലോ ഡിവിഷനുകളുള്ള ഹൈസ്‌കൂളുകളിൽ കരാർ, ദിവസവേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. ഹൈസ്‌കൂളുകളിൽ കൂടുതൽ ഇംഗ്ലിഷ് അധ്യാപക തസ്തിക സൃഷ്ടിക്കണമെന്ന ഹൈക്കോടതി ഉത്തരവു നടപ്പാക്കുന്നതിന്റെ ഭാഗമായാണു തീരുമാനം.
മറ്റു വിഷയങ്ങളുടെ അധ്യാപകരെ ഇംഗ്ലിഷ് പഠിപ്പിക്കാൻ നിയോഗിക്കുന്നതു ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഭാവിയിൽ അധ്യാപകർ വിരമിക്കുന്നതു മൂലം ഉണ്ടാകുന്ന ഒഴിവുകളിൽ ഇംഗ്ലിഷ് അധ്യാപകരുടെ സ്ഥിരം തസ്തിക സൃഷ്ടിക്കും.
കേരള വിദ്യാഭ്യാസ ചട്ടം (കെഇആർ)ഭേദഗതി അനുസരിച്ച് ഇംഗ്ലിഷ് പഠിപ്പിക്കേണ്ടത് ആ വിഷയത്തിൽ ബിരുദം നേടിയവർ ആയിരിക്കണം. 2002-03 അധ്യയന വർഷം മുതൽ ഘട്ടം ഘട്ടമായി എച്ച്എസ്എ ഇംഗ്ലിഷ് തസ്തിക അനുവദിക്കുമെന്നു 2002 ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ തീരുമാനത്തിൽ നിന്ന് അധികൃതർ പിന്നാക്കം പോയതിനെ തുടർന്നാണ് കോടതി ഇടപെട്ടത്. ഹൈസ്‌കൂളിൽ 5 ഡിവിഷനിൽ താഴെയാണെങ്കിൽ ഇംഗ്ലിഷിനു പ്രത്യേകം അധ്യാപകർ വേണ്ട എന്നായിരുന്നു സർക്കാരിന്റെ നിലപാട്. ഇതു കോടതി അംഗീകരിച്ചില്ല.