ADVERTISEMENT

ന്യൂഡൽഹി ∙ അധ്യാപകരുടെ ഹാജർ കുറഞ്ഞതിനു രാജ്യത്തെ പകുതിയിലേറെ മെഡിക്കൽ കോളജുകൾക്കും ദേശീയ മെഡിക്കൽ കമ്മിഷന്റെ (എൻഎംസി) നോട്ടിസ്. ഇതിൽ കേരളത്തിലെ 12 മെഡിക്കൽ കോളജുകളും ഉൾപ്പെടുന്നു. 3 മാസത്തെ ഹാജർ 75 ശതമാനത്തിനു താഴെയായതിന്റെ പേരിലാണ് നോട്ടിസ്. കോളജുകളിലെ അധ്യാപകരുടെ എണ്ണം സംബന്ധിച്ച തൽസ്ഥിതി വിവരം ലഭ്യമാക്കാൻ സർവകലാശാലകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിൽ കോട്ടയം മഞ്ചേരി, ഇടുക്കി ഗവ. മെഡിക്കൽ കോളജുകൾക്കും പെരിന്തൽമണ്ണ എംഇഎസ്, അടൂർ മൗണ്ട് സിയോൻ, കാരക്കോണം സോമർവിൽ, തിരുവനന്തപുരം എസ്‌യുടി, തൃശൂർ ജൂബിലി, കൊല്ലം ട്രാവൻകൂർ, തിരുവല്ല ബിലീവേഴ്സ് ചർച്ച്, പാലക്കാട് വാണിയംകുളം പി.കെ.ദാസ്, തൊടുപുഴ അൽ അസ്ഹർ സ്വാശ്രയ മെഡിക്കൽ കോളജുകൾക്കുമാണ് നോട്ടിസ് ലഭിച്ചത്.

ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകൾ 10% കവിയരുതെന്നാണ് എൻഎംസി വ്യവസ്ഥ. ഇതിലേറെ ഒഴിവുണ്ടെങ്കിൽ നികത്താൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം വരുന്ന അധ്യയന വർഷം (2024–25) പ്രവേശനം അനുവദിക്കില്ലെന്നും മുന്നറിയിപ്പും നൽകി.

കേരളത്തിൽ 3 സർക്കാർ മെഡിക്കൽ കോളജുകളിലും അധ്യാപക ഹാജർ കുറവാണ്. യുപി, മധ്യപ്രദേശ്, ജാർഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം മെഡിക്കൽ കോളജുകൾക്കും നോട്ടിസ് അയച്ചിട്ടുണ്ട്. യുപിയിൽ ആകെയുള്ള 68 മെഡിക്കൽ കോളജുകളിൽ 56 എണ്ണവും ഇതിൽപെടുന്നു. പല മെഡിക്കൽ കോളജുകളിലും ഭൂരിഭാഗം അധ്യാപകർക്കും ഹാജരില്ല. മധ്യപ്രദേശിൽ 20 മെഡിക്കൽ കോളജുകൾക്കാണു നോട്ടിസ്. ജാർഖണ്ഡിൽ ആകെയുള്ള 9 മെഡിക്കൽ കോളജിൽ 6 എണ്ണത്തിനും പഞ്ചാബിൽ പന്ത്രണ്ടിൽ എട്ടെണ്ണത്തിനും നോട്ടിസുണ്ട്. കുറച്ചു മെഡിക്കൽ കോളജുകളുള്ള സംസ്ഥാനങ്ങളിലാണ് ഹാജർ കുറവ് കൂടുതൽ.

കണ്ടെത്താൻ കാരണം ബയോമെട്രിക് ഹാജർ
അധ്യാപക ഹാജർ സംബന്ധിച്ച വ്യവസ്ഥ 2020 മുതൽ പ്രാബല്യത്തിലുണ്ടെങ്കിലും കഴിഞ്ഞ വർഷമാണ് ആധാർ അധിഷ്ഠിത ഓൺലൈൻ ബയോമെട്രിക് ഹാജർ മെഡിക്കൽ കോളജുകളിൽ നടപ്പാക്കിത്തുടങ്ങിയത്. അധ്യാപകരുടെയും വിദ്യാർഥികളുടെയും ഹാജർ വിവരങ്ങൾ എൻഎംസിയിൽ അപ്ഡേറ്റ് ചെയ്യപ്പെടുന്നുണ്ട്. അധ്യാപകർ കൃത്യമായി ഹാജരാകുന്നില്ലെന്ന് ഇങ്ങനെയാണു കണ്ടെത്തിയത്. 

Content Summary:

NMC's Attendance Alert: 12 Kerala Medical Colleges Among Those Facing Strict Scrutiny

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com