ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ 14നും 18നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളിൽ നാലിലൊന്നിനും (25%) രണ്ടാം ക്ലാസ് നിലവാരമുള്ള പ്രാദേശിക ഭാഷയിലുള്ള പാഠഭാഗങ്ങൾ വായിക്കാനുള്ള പരിജ്ഞാനമില്ലെന്നു പഠനം. 42.7% പേർക്കും ഇംഗ്ലിഷ് വാചകങ്ങൾ വായിക്കാനുള്ള അറിവില്ലെന്നും സന്നദ്ധ സംഘടനയായ ‘പ്രഥം’ നടത്തിയ ആനുവൽ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷൻ റിപ്പോർട്ടിൽ (എഎസ്ഇആർ) വ്യക്തമാക്കുന്നു. 

ഗ്രാമീണ മേഖലയിലെ വിദ്യാർഥികൾക്കിടയിൽ നടത്തിയ സർവേ ഫലം ഉൾപ്പെടുന്ന ‘ബിയോണ്ട് ബേസിക്സ്’ എന്ന റിപ്പോർട്ട് ഇന്നലെയാണു പ്രഥം പുറത്തുവിട്ടത്. നാലാം ക്ലാസിലെത്തുമ്പോൾ കുട്ടികൾ പഠിക്കുന്ന അടിസ്ഥാന ഹരിക്കൽ അറിവ് പകുതിയിലേറെ വിദ്യാർഥികൾക്കുമില്ലെന്നാണു റിപ്പോർട്ടിലെ കണ്ടെത്തൽ. രാജ്യത്തെ 26 സംസ്ഥാനങ്ങളിലെ 28 ജില്ലകളിൽ നിന്നുള്ള 34,745 വിദ്യാർഥികളെയാണ് സർവേയുടെ ഭാഗമായി പഠനവിധേയമാക്കിയത്. 

കേരളത്തിൽ എറണാകുളം ജില്ലയിലായിരുന്നു പഠനം. യുപി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ 2 വീതം ജില്ലകളെയും തിരഞ്ഞെടുത്തു. വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്ന പ്രഥം 14–18 പ്രായപരിധിയിലുള്ള വിദ്യാർഥികളുടെ പരിജ്ഞാനം പരിശോധിക്കാൻ 2017 ലും സർവേ നടത്തിയിരുന്നു. 14–18 പ്രായക്കാരിൽ 86.8% പേരും സ്കൂളിലോ കോളജിലോ പഠനം നടത്തുന്നുവെന്നു റിപ്പോർട്ടിൽ പറയുന്നു. പഠനം ഉപേക്ഷിക്കുന്നവരുടെ എണ്ണം പ്രായം വർധിക്കുന്നതനുസരിച്ചു കൂടുന്നുമുണ്ട്. 14 വയസ്സുകാരിൽ 3.9% പേരാണ് പഠനം ഉപേക്ഷിച്ചതെങ്കിൽ 16–ാം വയസ്സെത്തുമ്പോൾ ഇതു 10.9% ആയി. 18 വയസ്സുള്ളവരിൽ ഇതു 32.6 ശതമാനമാണ്. സ്കൂൾ പഠനം തുടരുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചുവെങ്കിലും ഇവരുടെ അടിസ്ഥാന ഭാഷാ–സംഖ്യാ അറിവിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2017 ൽ സമാനപ്രായത്തിലുള്ളവരിൽ നടത്തിയ പഠനത്തിൽ രണ്ടാം ക്ലാസ് നിലവാരമുള്ള പുസ്തകം വായിക്കാൻ 76.6% പേർക്കു സാധിച്ചിരുന്നു. ഇക്കുറിയിതു 73.6 ശതമാനമായി കുറഞ്ഞു. 2017 ൽ 39.5% പേർക്കു മാത്രമാണു അടിസ്ഥാന ഹരണം അറിയാമായിരുന്നതെങ്കിൽ ഇക്കുറിയതു 43.3% ആയി വർധിച്ചു. രണ്ടാം ക്ലാസ് പുസ്തകങ്ങളിലെ വാചകങ്ങൾ വായിക്കുന്നതിൽ പെൺകുട്ടികളാണു മുന്നിൽ. അതേസമയം, ഇംഗ്ലിഷ് വാചകം വായിക്കുന്നതിലും കണക്കിലും ആൺകുട്ടികളാണു മുന്നിൽ നിൽക്കുന്നത്. ബോക്സ് കേരളത്തിൽ സ്മാർട്ഫോൺ ഉപയോഗം അറിയുന്നവർ 99.5% 

എറണാകുളത്തു 84.5% പേർക്കു രണ്ടാം ക്ലാസ് പുസ്തകങ്ങൾ വായിക്കാൻ ശേഷിയുണ്ട്. ഹരിക്കാൻ അറിയാവുന്നതു 54.9% പേർക്ക്. ഇംഗ്ലിഷിൽ ഒരു വാചകമെങ്കിലും വായിക്കാൻ 94.9% പേർക്കറിയാം. 99.5% പേർക്കും സ്മാർട്ഫോൺ ഉപയോഗിക്കേണ്ടതെങ്ങനെയെന്നറിയാം. പഠനഭാഗമായുള്ള ഒരു ഓൺലൈൻ ആക്ടിവിറ്റിയെലും ചെയ്തിട്ടുള്ളവരെക്കാൾ (84.2%) കൂടുതലാണു സമൂഹമാധ്യമം ഉപയോഗിച്ചവർ (98.2%). കേരളത്തിലെ പെൺകുട്ടികളിൽ 33.4 ശതമാനത്തിനും നഴ്സിങ് പ്രഫഷനായി തിരഞ്ഞെടുക്കാനാണ് ആഗ്രഹം. ഡോക്ടറാകാൻ താൽപര്യപ്പെടുന്നതു 14.5 ശതമാനമാണെങ്കിൽ അധ്യാപകരാകാൻ താൽപര്യമുള്ളതു 5%. ആൺകുട്ടികളിൽ 13.2% എൻജിനീയറിങ്ങിൽ താൽപര്യം പ്രകടിപ്പിച്ചപ്പോൾ 8.6% നഴ്സിങ് പ്രഫഷൻ തിരഞ്ഞെടുക്കാൻ താൽപര്യം കാട്ടി.

Content Summary:

ASER 'Beyond Basics': Critical Insight into Rural Students' Literacy and Numeracy Skills

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com