സിബിഎസ്ഇ : 10–ാം ക്ലാസിൽ 10 വിഷയങ്ങളും 12 ാം ക്ലാസിൽ 7 വിഷയങ്ങളും കൂടി പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ ശുപാർശ

Mail This Article
ന്യൂഡൽഹി ∙ സിബിഎസ്ഇ ബോർഡിനു കീഴിൽ 10–ാം ക്ലാസിൽ 3 ഭാഷകൾ ഉൾപ്പെടെ 10 വിഷയങ്ങളും 12–ാം ക്ലാസിൽ 2 ഭാഷകൾ ഉൾപ്പെടെ 7 വിഷയങ്ങളും കൂടി പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ ശുപാർശ. ഇതുൾപ്പെടെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ വ്യവസ്ഥകൾ നടപ്പാക്കാനുള്ള പ്രാരംഭ ചർച്ചകൾ ആരംഭിച്ചു. അതേസമയം, വരുന്ന അക്കാദമിക് വർഷം മുതൽ മാറ്റങ്ങൾ നടപ്പാക്കുന്നതിൽ അന്തിമ തീരുമാനമായിട്ടില്ലെന്നാണു വിവരം.
നാഷനൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് സിബിഎസ്ഇ സ്കൂളുകളിൽ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളിലാണു പാഠ്യപദ്ധതി ചട്ടക്കൂട് അനുസരിച്ചുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ 10–ാം ക്ലാസിൽ 5 വിഷയങ്ങളാണുള്ളത്. പുതിയ ശുപാർശയിൽ 3 ഭാഷകൾ ഉൾപ്പെടെ 10 വിഷയങ്ങളുണ്ട്. നൈപുണ്യശേഷി വികസനം, കലാ പഠനം, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷയങ്ങളും ഇക്കൂട്ടത്തിലുണ്ട്. 10 വിഷയങ്ങൾക്ക് ആകെ 1200 മാർക്കും 40 ക്രെഡിറ്റുമാണു നിശ്ചയിച്ചിരിക്കുന്നത്.
12–ാം ക്ലാസിൽ നിലവിലുള്ള 5 നു പകരം 7 വിഷയങ്ങൾ ശുപാർശ ചെയ്യുന്നു. ഒരു ഇന്ത്യൻ ഭാഷ ഉൾപ്പെടെ 2 ഭാഷയും മറ്റ് 5 വിഷയങ്ങളും ഇതിലുണ്ട്. യുജിസി ആവിഷ്കരിച്ച ക്രെഡിറ്റ് ഫ്രെയിംവർക്ക് സ്കൂൾ തലത്തിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതിന്റെ മാർഗരേഖ തയാറാക്കിയത്.