ജെഇഇ മെയിൻ: മൂല്യനിർണയത്തിൽ നോർമലൈസേഷൻ ഏർപ്പെടുത്തിയത് അനീതി ഒഴിവാക്കാൻ

Mail This Article
ജെഇഇ മെയിൻ ആദ്യ സെഷൻ ഫലത്തെപ്പറ്റി ചില പരാതികളുള്ളതായി വാർത്തയുണ്ട്. പല സെഷനുകളിൽ പരീക്ഷയെഴുതിയ തുല്യ മാർക്കുകാരുടെ പെർസന്റൈലുകൾ വ്യത്യസ്തമാണെന്നതാണ് പരാതികളുടെ കാതൽ. വ്യത്യസ്ത സെഷനുകളിലെ ചോദ്യപ്പേപ്പറുകളിൽ ചിലത് എളുപ്പവും ചിലത് തെല്ലു പ്രയാസമുള്ളതുമാകാം. എത്രയൊക്കെ ശ്രമിച്ചാലും കാഠിന്യം തീർത്തും തുല്യമാക്കുക അസാധ്യമാണ്.
കടുപ്പമുള്ള ചോദ്യപ്പേപ്പറിന് ഉത്തരം നൽകുന്ന വിദ്യാർഥിക്ക് 300ൽ 200 മാർക്ക് കിട്ടിയെന്നിരിക്കട്ടെ. ആ വിദ്യാർഥി ലളിതമായ പേപ്പറിനാണ് ഉത്തരം നൽകിയതെങ്കിൽ 230 മാർക്ക് കിട്ടുമായിരുന്നേനേ. ഇത്തരം അനീതി ഒഴിവാക്കാനാണ് മൂല്യനിർണയത്തിൽ നോർമലൈസേഷൻ ഏർപ്പെടുത്തിയിട്ടുള്ളത്. പെർസന്റേജുകൾക്കു (%) പകരം നോർമലൈസ് കിട്ടുന്ന പെർസന്റൈലുകൾ താരതമ്യപ്പെടുത്തുന്ന രീതിയാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ വിശദാംശങ്ങൾ ഉദാഹരണസഹിതം 2024ലെ ഇൻഫർമേഷൻ ബുള്ളറ്റിന്റെ 66–70 പുറങ്ങളിൽ വിവരിച്ചിട്ടുണ്ട്.
∙ പെർസന്റൈൽ സ്കോർ
പരീക്ഷയെഴുതിയവരുടെ ആപേക്ഷികമികവു കണക്കാക്കുകയാണ് പെർസന്റൈൽ ഉപയോഗിക്കുന്നതിലെ തത്വം. ഒരു വിദ്യാർഥിക്കു കിട്ടിയ സ്കോറിനു തുല്യമായോ അതിൽത്താഴെയോ സ്കോർ കിട്ടിയത് എത്ര ശതമാനം പേർക്ക് എന്നത് ആ വിദ്യാർഥിയുടെ പെർസന്റൈൽ സ്കോറായിരിക്കും. ഏറ്റവും കൂടിയ മാർക്ക് കിട്ടിയവരുടെയെല്ലാം പെർസന്റൈൽ 100–ാമത്തേതു തന്നെ. ഇതു 100% മാർക്ക് ആയിരിക്കണമെന്നില്ല.

ഒരു വിദ്യാർഥിക്ക് 85–ാം പെർസന്റൈൽ എന്നു പറഞ്ഞാൽ ആ വിദ്യാർഥിക്കു കിട്ടയത്രയോ അതിൽ കുറവോ മാർക്ക് കിട്ടിയവർ പരീക്ഷയെഴുതിയവരിൽ 85% എന്നു മനസ്സിലാക്കാം. ഓരോ സെഷനിലെയും ഓരോ മാർക്കിനും തുല്യമായ പെർസന്റൈലുകൾ കണക്കാക്കും. 7 ദശാംശസ്ഥാനം വരെ കൃത്യമാക്കിയ പെർസന്റൈലാണ് പ്രസിദ്ധപ്പെടുത്തുന്നത്.
ഒരേ സ്കോർ വ്യത്യസ്ത സെഷനുകളിൽ നേടിയവരുടെ പെർസന്റൈൽ വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് 3 സെഷനുകളിലെ ഏറ്റവും ഉയർന്ന സ്കോറുകൾ യഥാക്രമം 287, 266, 278 എന്നിരിക്കട്ടെ. ഇവ മൂന്നും 100–ാം പെർസന്റൈലായി കണക്കാക്കും. എൻടിഎ സ്കോറിലെത്തുന്നതുവരെയുള്ള ഗണനക്രിയകൾ ഇൻഫർമേഷൻ ബുള്ളറ്റിനിലുള്ളതു നോക്കാം. ഏതെങ്കിലും സെഷനിൽ പരീക്ഷയെഴുതുന്ന വിദ്യാർഥിക്ക് വിശേഷിച്ച് സൗകര്യമോ അസൗകര്യമോ വരാതിരിക്കാൻ നോർമലൈസേഷൻ സഹായിക്കുന്നു.