ഐഎസ്ആർഒയിൽ 9–ാം ക്ലാസുകാർക്ക് സൗജന്യപരിശീലനം
Mail This Article
കൗമാരക്കാരെ ബഹിരാകാശശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ബാലപാഠവുമായി പരിചയപ്പെടുത്തി, പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഐഎസ്ആർഒ നടപ്പാക്കുന്ന ‘യുവിക 2024’ (YUva VIgyani KAryakram) പദ്ധതിയിലേക്ക് മാർച്ച് 20 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം.
സ്പേസ് സയൻസ് പരിശീലനത്തിന്റെ ഭാഗമായി മേയ് 13 മുതൽ 24 വരെ തിരുവനന്തപുരം, ശ്രീഹരിക്കോട്ട, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, ഡെറാഡൂൺ, ഷില്ലോങ് എന്നീ 7 കേന്ദ്രങ്ങളിലൊന്നിൽ താമസിക്കണം. ശാസ്ത്രജ്ഞരും ശാസ്ത്രീയോപകരണങ്ങളും അവയുടെ പ്രവർത്തനവുമായി പരിചയപ്പെടാം. 2024 ജനുവരി ഒന്നിന് 9–ാം ക്ലാസിൽ പഠിച്ചിരുന്ന കുട്ടികൾക്ക് അപേക്ഷിക്കാം.
ഇനിപ്പറയുന്ന ഘടകങ്ങൾ പരിഗണിച്ചാണു സിലക്‌ഷൻ:
∙ 8–ാം ക്ലാസിലെ മാർക്ക്: 50%
∙ ഐഎസ്ആർഒ നടത്തുന്ന ഓൺലൈൻ ക്വിസ്:10%
∙ സയൻസ്ഫെയർ (കഴിഞ്ഞ 3 വർഷം– സ്കൂൾ / ജില്ല / സംസ്ഥാനം): 2/5/10%
∙ ഒളിമ്പ്യാഡ് അഥവാ തുല്യമത്സരം – (കഴിഞ്ഞ 3 വർഷം– സ്കൂൾ / ജില്ല / സംസ്ഥാനം, 1/2/3 റാങ്ക്): 2/4/5%
∙ സ്പോർട്സ് മത്സരം– (കഴിഞ്ഞ 3 വർഷം – സ്കൂൾ / ജില്ല / സംസ്ഥാനം, 1/2/3 റാങ്ക്): 2/4/5%
∙ സ്കൗട്ട് ആൻഡ് ഗൈഡ്സ് /എൻസിസി / എൻഎസ്എസ് (കഴിഞ്ഞ 3 വർഷം):5%
∙ പഞ്ചായത്തു പ്രദേശത്തെ ഗ്രാമീണ സ്കൂൾ:15%
പരിശീലനകാലത്തെ താമസം, ഭക്ഷണം, പഠനസാമഗ്രികൾ, കേന്ദ്രത്തിലേക്കും തിരിച്ചുമുള്ള യാത്രപ്പടി (ട്രെയിൻ II-എസി / വോൾവോ ബസ്) എന്നിവ സൗജന്യമായി ലഭിക്കും. സൗജന്യ റജിസ്ട്രേഷനുള്ള നിർദേശങ്ങൾക്കും വിശദവിവരങ്ങൾക്കും https://jigyasa.iirs.gov.in എന്ന സൈറ്റിലെ YUVIKA ലിങ്ക് നോക്കുക.