ADVERTISEMENT

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥികളുടെ ‘സോഷ്യൽ വർക്ക്’ പാഠപുസ്തകത്തിലെ വിവാദ പരാമർശങ്ങൾ തിരുത്തുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്. ഇതിനുള്ള നിർദേശം പുസ്തകം തയാറാക്കിയ എസ്‌സിഇആർടിക്ക് നൽകിയതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

പുസ്തകത്തിലെ ‘സമകാലിക സാമൂഹിക ആശങ്കകൾ’ എന്ന ആറാം അധ്യായത്തിലെ പരാമർശങ്ങളാണ് വിവാദമായത്. ഇതിൽ വർഗീയതയെക്കുറിച്ച് പറയുന്ന ഭാഗത്ത് പരിഹാര മാർഗങ്ങളിലൊന്നായി നിർദേശിക്കുന്നത് സാമുദായിക സംവരണത്തിനു പകരം സാമ്പത്തിക സംവരണം ഏർപ്പെടുത്തുക എന്നതാണ്. ഇത് ഭരണഘടനാ വിരുദ്ധമായ പരാമർശമാണെന്ന വിമർശനമാണ് ഉയർന്നത്. രാഷ്ട്രീയത്തിൽ നിന്ന് മത വിശ്വാസത്തെ മാറ്റി നിർത്തണമെന്നാണ് മറ്റൊരു പരിഹാരമാർഗം. വർഗീയതയുടെ പരിണതഫലങ്ങൾ വിവരിക്കുന്ന ഭാഗത്ത് സാമുദായിക സംഘടനകൾ സാമൂഹിക സാംസ്കാരിക വികസനത്തിനു ഭീഷണിയാകുമെന്നും പറയുന്നുണ്ട്.

വർഗീയതയ്ക്കു കാരണമാകുന്ന സാംസ്കാരിക ഘടകങ്ങൾ വിവരിക്കുന്നിടത്ത് മതപരമായ ഉത്സവങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ, പ്രത്യേക ആഹാര ശീലങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. വർഗീയതയ്ക്കു കാരണമായ മതപരമായ ഘടകങ്ങളുടെ കൂട്ടത്തിൽ ‘വ്യത്യസ്തമായ ദൈവ സങ്കൽപങ്ങളും’ ഉണ്ട്. ദാരിദ്ര്യത്തെക്കുറിച്ചു വിവരിക്കുന്നിടത്ത് പ്രധാന കാരണമായി ആദ്യം പറയുന്നത് ‘വ്യക്തികളുടെ കഴിവില്ലായ്മയും മറ്റ് അപര്യാപ്തതകളും’ ആണ്.

Representative Image. Photo Credit: pong-photo9/Shutterstock
Representative Image. Photo Credit: pong-photo9/Shutterstock

അഴിമതി, സർക്കാരിന്റെ തെറ്റായ നയങ്ങൾ, കഴിവില്ലാത്ത നേതാക്കൾ തുടങ്ങിയവയും കാരണങ്ങളുടെ കൂട്ടത്തിലുണ്ട്. ലൈംഗിക വ്യാപാര തൊഴിലിന്റെ കാരണങ്ങളിലൊന്നായി പറയുന്നത് ‘ആഡംബര വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കൽ’ ആണ്. ഈ പാഠപുസ്തകം 2014ൽ തയാറാക്കിയതാണെന്നും പിഴവുകൾ ഇപ്പോഴാണ് ശ്രദ്ധയിൽപെട്ടതെന്നും മന്ത്രി പറഞ്ഞു. പ്ലസ് വൺ ഹ്യുമാനിറ്റീസ് വിഭാഗക്കാർ ഓപ്ഷനൽ വിഷയമായി പഠിക്കുന്നതാണ് ‘സോഷ്യൽ വർക്ക്’.

English Summary:

Education Department Initiates Revision of Plus One Social Work Textbook Amid Controversial Content

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com