പാഠപുസ്തകത്തിലില്ലാത്ത ഉത്തരങ്ങളും പഠിക്കണം; പിഎസ്‌സി പരീക്ഷയിൽ മികച്ച മാർക്ക് നേടാൻ ഇങ്ങനെ പഠിക്കാം
Mail This Article
പിഎസ്‌സി പരീക്ഷകളിലെ പ്രധാന ചോദ്യങ്ങളെല്ലാം വരുന്നത് എസ്‌സിഇആർടിയുടെ 5–12 വരെയുള്ള പാഠപുസ്തകങ്ങളിൽ നിന്നാണെന്ന് നമ്മൾ ഇതിനു മുൻപ് ഒരുപാട് തവണ ചർച്ച ചെയ്തതാണ്. ഓരോ പാഠഭാഗവും മുഴുവനായും പഠിക്കണം. പാരഗ്രാഫുകളും ചിത്രങ്ങളും ക്വോട്ടുകളും സ്റ്റാറ്റിസ്റ്റിക്കുകളുമൊക്കെ പഠനത്തിന്റെ ഭാഗമാക്കണം. ഇതെല്ലാം ചോദ്യങ്ങളായി വരാറുണ്ട്.
ഓരോ പാഠഭാഗവും നന്നായി വായിച്ച് അതിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാക്കി നോട്ട്ബുക്കിലേക്ക് ഉത്തരം സഹിതം പകർത്തി എഴുതുകയാണു ചെയ്യേണ്ടത്. പാഠത്തിൽ കാര്യങ്ങൾ പറഞ്ഞുപോകുന്ന കൂട്ടത്തിൽ കണ്ടെത്തുക, പട്ടികയിൽപ്പെടുത്തുക തുടങ്ങിയ ചില എക്സർസൈസുകളും ഉണ്ടാകും. അവയുടെ ഉത്തരം പാഠപുസ്തകത്തിലുണ്ടാകില്ല. ഓരോ വിഷയത്തിനും വേണ്ടി തയാറാക്കിയ ‘ടീച്ചേഴ്സ് ഹാൻഡ് ബുക്ക്’ അല്ലെങ്കിൽ ഗൈഡുകൾ എന്നിവയിൽ നിന്ന് ഈ ഉത്തരം കണ്ടെത്തി വരും.
പത്താം ക്ലാസിലെ സാമൂഹ്യപാഠത്തിലെ ‘ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ’ എന്ന പാഠഭാഗത്തിൽ നിന്ന് എങ്ങനെയാണു നോട്ട് തയാറാക്കേണ്ടത് എന്ന് ഉദാഹരണമായി വ്യക്തമാക്കാം.
ഈ പാഠം തുടങ്ങുന്നത് ഇങ്ങനെയാണ്.
‘‘സ്വാതന്ത്ര്യം തന്നെ അമൃതം,
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്ക്
മൃതിയേക്കാൾ ഭയാനകം’’
കായിക്കര കുമാരനാശാൻ സ്മാരകത്തിൽ സ്ഥാപിച്ച വരികളാണിത്. കുമാരനാശാന്റെ ‘ഒരു ഉദ്ബോധനം’ എന്ന കൃതിയിലെ വരികളാണ് തന്നിരിക്കുന്നത്.
ഇതിൽ നിന്ന് എന്തൊക്കെ ചോദ്യങ്ങളാണ് തയാറാക്കേണ്ടത്?
1. ഇത് ആരുടെ വരികൾ?
2. ഈ വരികൾ ഏതു സ്മാരകത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്?
3. കുമാരനാശാൻ സ്മാരകം എവിടെ സ്ഥിതി ചെയ്യുന്നു?
4. കുമാരനാശാന്റെ ഏതു കൃതിയിലെ വരികളാണ് ഇവ?
നോക്കൂ, ഒരു നാലു വരി കവിതയിൽ നിന്നു പോലും നാലു ചോദ്യങ്ങൾ ഉൾക്കൊള്ളുന്നു.
വിവിധ രാജ്യങ്ങളിൽ നടന്ന വിപ്ലവങ്ങളെ കുറിച്ചും. അവ മനുഷ്യ ജീവിതത്തിലുണ്ടാക്കിയ സ്വാധീനങ്ങളെ കുറിച്ചുമൊക്കെയാണ് അടുത്ത പാരഗ്രാഫിൽ പറയുന്നത്. ആ കൂട്ടത്തിൽ വിപ്ലവം എന്നുള്ളതിനുള്ള നിർവചനവും പറയുന്നുണ്ട്.
അപ്പോൾ അതൊരു ചോദ്യമായി എഴുതാം.
1. നിലവിലുള്ള വ്യവസ്ഥിതിയെ മാറ്റി പുതിയതൊന്നു സ്ഥാപിക്കുന്നതിനെ എന്തു പറയുന്നു?
ഉത്തരം: വിപ്ലവങ്ങൾ
–ഇതു മുൻപ് പിഎസ്‌സി ചോദിച്ച ചോദ്യം കൂടിയാണ്.
ആദ്യകാല വിപ്ലവങ്ങൾക്കു പ്രേരകമായ പ്രധാന ഘടകം നവോത്ഥാനമാണ് എന്നു പറയുന്നുണ്ട്. അതും ഒരു പോയിന്റ് ആക്കി പുസ്തകത്തിലേക്കു പകർത്തണം.
അടുത്ത പാരഗ്രാഫിൽ നവോത്ഥാനം മനുഷ്യന്റെ ചിന്തയിലും കാഴ്ചപ്പാടിലും ജീവിതത്തിലും ശ്രദ്ധേയമായ മാറ്റങ്ങളുണ്ടാക്കി എന്നു പറയുന്നു. ഉണ്ടാക്കിയ മാറ്റങ്ങൾ എന്ന നിലയിൽ മാനവികത, ശാസ്ത്ര ബോധം എന്നിവ കൊടുത്തിട്ടുണ്ട്. ബാക്കി എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാക്കിയത് എന്നു കണ്ടെത്തി എഴുതാനാണു പറഞ്ഞിരിക്കുന്നത്. ഇവയുടെ ഉത്തരം പാഠപുസ്തകത്തിൽ ഇല്ലെങ്കിലും ടീച്ചേഴ്സ് ഹാൻഡ് ബുക്കിലോ ഗൈഡുകളിലോ ഉണ്ടാകും.
യുക്തിചിന്ത, വിമർശന ബുദ്ധി, അന്വേഷണ തൃഷ്ണ, പ്രാദേശിക ഭാഷകളുടെ വളർച്ച , ജ്ഞാനോദയം എന്നിവയാണിവ.
ഇവ പകർത്തിയെഴുതണം. ഇതും മുൻപു പിഎസ്‌സി ചോദിച്ച ചോദ്യമാണ്.
ചെറിയൊരു ഭാഗത്തു നിന്നു തന്നെ എത്രയധികം ചോദ്യങ്ങളാണ് ഉണ്ടാക്കിയതെന്നും അവയിൽ എത്ര പിഎസ്‌സി ചോദിച്ചുവെന്നും മനസ്സിലായില്ലേ. അതുകൊണ്ടു തന്നെ പിഎസ്‌സി പരീക്ഷയിൽ വിജയിയാകാൻ ആഗ്രഹിക്കുന്ന ഓരോ ഉദ്യോഗാർഥിയും വളരെ ഗൗരവത്തിൽ തന്നെ പാഠപുസ്തകങ്ങൾ പഠിച്ചെടുക്കേണ്ടതുണ്ട്.