എല്ലാ നിലവാരക്കാരെയും ഒരേ പോലെ പരിഗണിച്ച ചോദ്യപേപ്പർ; മനം നിറച്ച് മലയാളം
Mail This Article
ആദ്യ ദിവസത്തെ ഒന്നാം പേപ്പർ പോലെ, കുട്ടികൾക്ക് ആശ്വാസവും സന്തോഷവും പകരുന്നതായിരുന്നൂ എസ്എസ്എൽസി മലയാളം രണ്ടാം പേപ്പറും. എല്ലാ നിലവാരക്കാരെയും ചോദ്യകർത്താവ് ഒരുപോലെ പരിഗണിച്ചു. എല്ലാ പാഠഭാഗങ്ങളിൽനിന്നും ചോദ്യങ്ങൾ വരികയും ചെയ്തു. ഒരു മാർക്ക് വീതമുള്ള 5 ചോദ്യങ്ങളിൽ ആദ്യ നാലും ആശയക്കുഴപ്പമുണ്ടാക്കുന്നതല്ല. അഞ്ചാം ചോദ്യം- ‘കാറ്റു മാറി വീശി മാർക്കോസ് ക്ഷീണിച്ചപ്പോൾ മത്തായി സഹായിച്ചു തുടങ്ങി’- മത്തായിയുടെ ഈ മാറ്റത്തിനു കാരണമെന്ത് ? – പാഠപുസ്തകം നന്നായി വായിച്ച കുട്ടികളെ വലച്ചില്ല.
2 മാർക്കിന്റെ ചോദ്യങ്ങളെല്ലാം എളുപ്പമായിരുന്നു. 4 മാർക്കിന്റെ ചോദ്യങ്ങളും പ്രതീക്ഷിച്ച തരത്തിലുള്ളവ തന്നെയായിരുന്നു. ‘അമ്മയുടെ എഴുത്തുകൾ’ എന്ന മധുസൂദനൻ നായരുടെ കവിതയിലെ കവിയുടെ ആശങ്കകളുടെ ഇക്കാലത്തെ പ്രസക്തിയെക്കുറിച്ച് എഴുതാൻ കുട്ടികൾക്കു യാതൊരു ആശങ്കയും ഉണ്ടാകില്ല. ‘സത്യം കണ്ടുപിടിക്കാൻ പല അടവുകളും നോക്കേണ്ടിവരും ഗുണിക്കൽ, ഹരിക്കൽ, ഭാവന ...’ എന്ന സുകുമാർ അഴീക്കോടിന്റെ നിരീക്ഷണത്തിന്റെ പൊരുൾ ക്ലാസ്‍മുറികളിൽ സ്ഥിരമായി ആവർത്തിക്കാറുള്ളതുതന്നെ.
റഫീക്ക് അഹമ്മദിന്റെ ‘അമ്മത്തൊട്ടിൽ’, തകഴിയുടെ ‘പ്ലാവിലക്കഞ്ഞി’, കാരൂരിന്റെ ‘കോഴിയും കിഴവിയും’ എന്നിവയിലെ കഥാപാത്രങ്ങളൊക്കെ കുട്ടികളുടെ മനസ്സിൽ പതിഞ്ഞതായതുകൊണ്ടുതന്നെ എളുപ്പം എഴുതാം. കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള ലേഖനത്തിലെ ചോദ്യം സമകാലിക പ്രസക്തം.
6 മാർക്കിന്റെ ചോദ്യങ്ങൾ കുട്ടികളുടെ ചിന്താശേഷിയും വിലയിരുത്താനുള്ള കഴിവും രചനാശേഷിയും അളക്കുന്ന തരത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നവയായിരുന്നു. എല്ലാ കുട്ടികളുടെയും മനസ്സിൽ പതിഞ്ഞ ‘പണയം’ എന്ന കഥയിലെ ചാക്കുണ്ണി എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യാൻ ആർക്കാണു പ്രയാസം ?
‘ഓരോ വിളിയും കാത്ത്’ എന്ന കഥയിലെ ആശയവും ചേർത്ത്, ‘ബന്ധങ്ങളുടെ തീവ്രത വർത്തമാനകാല സമൂഹത്തിൽ’ എന്ന വിഷയത്തിൽ ഉപന്യസിക്കാനുള്ള ചോദ്യം പ്രതീക്ഷിച്ചതുതന്നെ. സമയം ക്രമീകരിക്കണമായിരുന്നുവെന്നുമാത്രം. ‘ഓണമുറ്റത്ത്’ എന്ന കവിതയിലെ ആശയം വിലയിരുത്തി ‘മലയാളിയുടെ മാറുന്ന ഓണസങ്കൽപം’ എന്ന വിഷയത്തിൽ മുഖപ്രസംഗം തയാറാക്കാനുള്ള ചോദ്യവും ആവർത്തന പരീക്ഷകളിലെല്ലാം കണ്ടു പരിചയമുള്ളതാണ്. പരീക്ഷ കഴിഞ്ഞു കണ്ടപ്പോൾ നിറഞ്ഞ ചിരിയോടെ കുട്ടികൾ പറഞ്ഞതാണ് കാര്യം– “മലയാളം രണ്ടും നമ്മ പൊളിക്കും ടീച്ചറെ !’’