ADVERTISEMENT

തിരുവനന്തപുരം : ഹയർ സെക്കൻഡറിയിൽ തസ്തികനിർണയം പൂർത്തിയാകുന്നതോടെ നിലവിലുള്ള ഒട്ടേറെ അധ്യാപക തസ്തികകൾ ഇല്ലാതാകും. ബാച്ച് അനുസരിച്ച് ആഴ്ചയിൽ കുറഞ്ഞത് 7 പീരിയഡുകൾ ഉണ്ടെങ്കിൽ മാത്രമാണ് തസ്തിക അനുവദിക്കുക. ഈ അധ്യയനവർഷം പ്ലസ് വണ്ണിൽ ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളിലാണ് കുട്ടികൾ കാര്യമായി കുറഞ്ഞത്. തസ്തികനഷ്ടം കാര്യമായി സംഭവിക്കാൻ സാധ്യതയും ഈ വിഷയങ്ങളിലാണ്. അതേസമയം കൂടുതൽ ബാച്ചുകൾ അനുവദിച്ച സയൻസ്, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ പുതിയ തസ്തികകൾക്കും സാധ്യതയുണ്ട്.

25 വിദ്യാർഥികൾ ഇല്ലാത്ത ബാച്ചുകളിലെ തസ്തികകളും നഷ്ടമാകും. ഈ അധ്യയന വർഷം ഇത്തരത്തിലുള്ള 129 ബാച്ചുകളാണുള്ളത്. ഇതിൽ നൂറിലേറെയും സർക്കാർ സ്കൂളുകളിലാണ്. കുട്ടികൾ കുറഞ്ഞ പത്തനംതിട്ട അടക്കമുള്ള തെക്കൻ ജില്ലകളിലാണ് കൂടുതൽ തസ്തിക നഷ്ട ഭീഷണി.

തസ്തിക അനുവദിക്കുന്നതിന് ആഴ്ചയിൽ 7 പീരിയഡ് വേണമെന്ന സർക്കാർ ഉത്തരവ് 2017ൽ നിലവിൽ വന്നിരുന്നെങ്കിലും അതനുസരിച്ചുള്ള തസ്തിക നിർണയം നടന്നിരുന്നില്ല. അതിനാൽ നിലവിലുണ്ടായിരുന്ന തസ്തികകളിൽ ഒഴിവ് വന്നപ്പോൾ പിഎസ്‌സി മുഖേന നിയമനം നടത്തി വരികയായിരുന്നു.

എന്നാൽ കഴിഞ്ഞ അധ്യയന വർഷം ജൂനിയർ ഇംഗ്ലിഷ് അധ്യാപക തസ്തികകളിൽ തസ്തിക നിർണയം നടത്തിയതിനെ തുടർന്ന് 68 പേരെ സർവീസിൽ നിന്നു പുറത്താക്കേണ്ടി വന്നതാണ് സമ്പൂർണ തസ്തിക നിർണയം നടത്താൻ സർക്കാരിന് പ്രചോദനമായത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ 2016ലെ പിഎസ്‌സി പട്ടികയിൽ നിന്നുള്ളവർക്കടക്കം ജൂനിയർ ഇംഗ്ലിഷ് അധ്യാപക തസ്തികയിൽ നിയമനം നൽകേണ്ടി വന്ന സാഹചര്യത്തിലായിരുന്നു കണക്കെടുപ്പ്. പിഎസ്‌സി വഴി സ്ഥിരനിയമനം നേടിയവരെ സർക്കാർ പിരിച്ചു വിടുന്നത് ചരിത്രത്തിലാദ്യമായിരുന്നു. ഇത് വലിയ വിവാദമായതോടെ 2 വർഷത്തേക്കു സൂപ്പർ ന്യുമററി തസ്തിക സൃഷ്ടിച്ച് അവർക്ക് പുനർനിയമനം നൽകിയിരിക്കുകയാണ്.

തെക്കൻ ജില്ലകളിൽ കുട്ടികൾ കുറഞ്ഞ 38 ബാച്ചുകൾ സീറ്റ് ക്ഷാമമുള്ള വടക്കൻ ജില്ലകളിലേക്കു മാറ്റിയെങ്കിലും ബാച്ച് നഷ്ടപ്പെട്ട സ്കൂളുകളിലെ തസ്തികകൾ നിലനിൽക്കുകയാണ്. ഇതും തസ്തിക നിർണയം നടത്താൻ കാരണമായി. ഇതിനായി സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളുടെ വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് ശേഖരിച്ചു കഴിഞ്ഞു. തസ്തിക നിർണയം പൂർത്തിയാകുമ്പോൾ നിലവിൽ സർവീസിലുളളവർക്ക് തൊഴിൽ സംരക്ഷണം നൽകണമെന്ന് അധ്യാപക സംഘടനയായ എഎച്ച്എസ്ടിഎ സംസ്ഥാന പ്രസിഡന്റ് ആർ.അരുൺ കുമാറും ജനറൽ സെക്രട്ടറി എസ്.മനോജും ആവശ്യപ്പെട്ടു.

v-sivankutty
വി.ശിവൻകുട്ടി. മനോരമ

ഹയർ സെക്കൻഡറിയിൽ തസ്തികനിർണയം അനിവാര്യമാണ്. എന്നാൽ മാത്രമേ കൃത്യമായ ഒഴിവുകൾ കണക്കാക്കി പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാനാകൂ. പിഎസ്‌സിയുടെ പല അധ്യാപക റാങ്ക് ലിസ്റ്റുകളുടെയും കാലാവധി വൈകാതെ അവസാനിക്കുമെന്നതു കൂടി പരിഗണിച്ചാണ് അടിയന്തരമായി ഇതു നടത്തുന്നത്. ഒഴിവുകൾ വൈകാതെ തന്നെ റിപ്പോർട്ട് ചെയ്യും.
∙വി.ശിവൻകുട്ടി (വിദ്യാഭ്യാസ മന്ത്രി)

English Summary:

Government Schools Hit Hard by Policy Shift: Over 100 Teaching Positions at Risk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com