എച്ച്എസ്എസ്: പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകം, എൻസിഇആർടിയുടെ പൊളിച്ചെഴുത്ത് പ്രതിരോധിക്കുമെന്ന് കേരളം
Mail This Article
തിരുവനന്തപുരം∙ ഹയർ സെക്കൻഡറി പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിൽ എൻസിഇആർടി നടത്തുന്ന പൊളിച്ചെഴുത്തുകളെ സ്വന്തം നിലയിൽ പ്രതിരോധിക്കുമെന്ന് ആവർത്തിച്ച് കേരളം. ഒഴിവാക്കുന്ന ഭാഗങ്ങൾ ഉൾപ്പെടുത്തി അധിക പാഠപുസ്തകം തയാറാക്കി നൽകുകയും പരീക്ഷയിൽ ആ ഭാഗത്തു നിന്നും ചോദ്യങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്ന രീതി കഴിഞ്ഞ അധ്യയന വർഷം തന്നെ നടപ്പാക്കിയിരുന്നു. എന്നാൽ ഒഴിവാക്കലിനൊപ്പം രാഷ്്ട്രീയ താൽപര്യത്തോടെയുള്ള പുതിയ ഭാഗങ്ങൾ എൻസിഇആർടി പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയാൽ അത് ഒഴിവാക്കി ഇവിടെ അച്ചടിക്കാനാകില്ല.
ഈ സാഹചര്യത്തിൽ രണ്ട് മാർഗങ്ങളാണ് കേരളത്തിനു മുന്നിലുള്ളത്. വിവാദ പാഠഭാഗങ്ങൾ പഠിപ്പിക്കേണ്ടെന്നു നിർദേശിക്കുകയും പരീക്ഷയിൽ അതിൽ നിന്നുള്ള ചോദ്യങ്ങൾ ഒഴിവാക്കുകയും ചെയ്യാം. ഇല്ലെങ്കിൽ ആ വിഷയത്തിൽ എൻസിഇആർടി പാഠപുസ്തകങ്ങൾ ഒഴിവാക്കി സംസ്ഥാനത്തിന് പുതിയ പുസ്തകങ്ങൾ തയാറാക്കാം. ഇക്കാര്യം ചർച്ച ചെയ്തു തീരുമാനിക്കുമെന്നും വളച്ചൊടിച്ച ചരിത്രമോ വികലമാക്കപ്പെട്ട ശാസ്ത്ര നിലപാടുകളോ പാഠ്യപദ്ധതിയിൽ കേരളം അംഗീകരിക്കില്ലെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
ഹയർ സെക്കൻഡറിയിൽ മാത്രമാണു കേരളം കേന്ദ്ര ഏജൻസിയായ എൻസിഇആർടി പാഠപുസ്തകങ്ങൾ ഭാഗികമായി ഉപയോഗിക്കുന്നത്. പ്ലസ് വണ്ണിനും പ്ലസ് ടുവിനുമായി 44 എൻസിഇആർടി പുസ്തകങ്ങളാണ് സംസ്ഥാന ഏജൻസിയായ എസ്‌സിഇആർടി പകർപ്പവകാശം വാങ്ങി അച്ചടിച്ച് നൽകുന്നത്. ഉള്ളടക്കത്തിൽ മാറ്റം വരുത്താൻ സംസ്ഥാനത്തിനു കഴിയില്ല. കേന്ദ്രത്തിന്റെ വിവാദമായ ഇടപെടലുകൾ നടക്കുന്ന ചരിത്രം, പൊളിക്കൽ സയൻസ്, സോഷ്യോളജി, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിലും എൻസിഇആർടി പാഠപുസ്തകങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഈ പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളം അധിക പാഠപുസ്തകമാക്കി ഓൺലൈൻ പകർപ്പ് വിതരണം ചെയ്യുകയായിരുന്നു.