പകുതി സ്കൂളുകളിൽ പോലുമില്ല കെ ഫോൺ
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഇന്റർനെറ്റിനായി സർക്കാർ സംരംഭമായ കെ ഫോൺ വഴി കണക്‌ഷനുകൾ നൽകുന്നത് ഇപ്പോഴും പാതിവഴിയിൽ. കഴിഞ്ഞ അധ്യയനവർഷം ആരംഭിക്കുമ്പോൾ തന്നെ കെ ഫോൺ കണക്‌ഷൻ നൽകുമെന്ന ഉറപ്പിൻമേൽ നിലവിലുണ്ടായിരുന്ന ബിഎസ്എൻഎൽ കണക്‌ഷനുകൾ വിഛേദിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. എന്നാൽ അധ്യയന വർഷം അവസാനിച്ചിട്ടും പകുതി സ്കൂളുകളിൽ പോലും ഇന്റർനെറ്റ് എത്തിക്കാനായിട്ടില്ല. സ്കൂൾ പിടിഎകൾ പണം മുടക്കിയും സ്പോൺസർഷിപ്പിലൂടെയും സ്വന്തം നിലയ്ക്കു മറ്റു കണക്‌ഷൻ എടുത്താണ് സ്മാർട് ക്ലാസ് റൂമും ഓഫിസ് പ്രവർത്തനങ്ങളും നടത്തുന്നത്.
സ്കൂളുകളിലെ കെ ഫോൺ കണക്‌ഷന് ആരു പണം മുടക്കുമെന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. കെ ഫോൺ കണക്‌ഷന്റെ ബിൽ തുക ഓഫിസുകളും സ്ഥാപനങ്ങളും സ്വന്തമായി അടയ്ക്കണമെന്ന് ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. സ്കൂളുകൾ സ്വന്തം നിലയിൽ കണക്‌ഷൻ എടുത്തിട്ടില്ലാത്തതിനാൽ ബിൽ ലഭിക്കാൻ സാധ്യതയില്ല. പണം സ്കൂളുകൾ സ്വന്തം നിലയിൽ മുടക്കേണ്ടി വരില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ നൽകുന്ന സൂചന.